Connect with us

dileep case

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു

മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ നിലപാടില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി

Published

|

Last Updated

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍, അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം മാറ്റി വെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു.
അന്വേഷണം വേണമെന്ന ആവശ്യത്തില്‍ മറ്റാര്‍ക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും ചോദ്യമുന്നയിച്ച ശേഷമാണ് ഹൈക്കോടതി ദിലീപിന്റെ ആവശ്യം തള്ളിയത്.
അതീജിവിതയുടെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി കോടതി ഉത്തരവിനായി മാറ്റി.
മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. എന്നാല്‍ ഈ ഹര്‍ജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്.
കേസില്‍ വാദം കേട്ട ജഡ്ജി തന്നെ വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശത്തോടു കൂടിയാണ് അതിജീവിത ഹര്‍ജി നല്‍കിയതെന്നും സാക്ഷികളെ വീണ്ടും വിസ്തരിച്ചും പ്രോസിക്യൂട്ടര്‍മാരെ ഒഴിവാക്കിയും വിചാരണ ഒരു വര്‍ഷം തടസപ്പെടുത്തിയെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ത്തി എന്നത് ആരോപണം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് ലാബിലെ രണ്ട് സാക്ഷികളുടെ വിസ്താരം നടക്കാനുണ്ട്. അതുകൊണ്ടുതന്നെ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ വാദം തുടരുന്നത് വിചാരണയെ ബാധിക്കും. അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതിയിലെ വാദം മാറ്റിവെക്കേണ്ടതിന്റെ കാരണം മുദ്രവച്ച കവറില്‍ ഹാജരാക്കാം- ദിലീപ് വ്യക്തമാക്കി.

മെമ്മറി കാര്‍ഡ് ചോര്‍ന്നെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന അതിജീവിതയുടെ നിലപാടില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി.
ദിലീപിന്റെ ആവശ്യത്തെ അതിജീവിത ശക്തമായി എതിര്‍ത്തു. വിചാരണ വൈകിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന ദിലീപിന്റെ വാദം ദുരാരോപണം മാത്രമാണ്. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം സുപ്രീംകോടതി അടുത്ത മാര്‍ച്ച് വരെ നീട്ടിയിട്ടുണ്ട്. ഇര എന്ന നിലയില്‍ തന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണം. മെമ്മറി കാര്‍ഡ് ആരോ മനപ്പൂര്‍വമായി പരിശോധിച്ചിട്ടുണ്ട്. അതിലെ ദൃശ്യങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍ പ്രതികളെ കണ്ടെത്തി നടപടി വേണമെന്നും ആവശ്യപ്പെട്ടു.

പിന്നാലെയാണ് അതിജീവിതയുടെ ഹര്‍ജി മാറ്റിവയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം ജസ്റ്റിസ് കെ ബാബു നിരാകരിച്ചത്. കേസില്‍ ഹൈക്കോടതിയെ സഹായിക്കാന്‍ അഡ്വ.രഞ്ജിത്ത് മാരാരെ അമിക്കസ് ക്യൂരിയായി നിയമിക്കുകയും ചെയ്തു.