Kerala
നടിക്കെതിരായ ആക്രമണ കേസ്: ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി
പള്‍സര്‍ സുനിയുടെ വാദം ബാലിശമെന്ന് കോടതി.
കൊച്ചി | നടിക്കെതിരായ ആക്രമണ കേസില്‍ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി. പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമാണെന്നും വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. പ്രോസിക്യൂഷന്‍ സാക്ഷികളെ അകാരണമായി വീണ്ടും വിസ്തരിക്കുന്നതിന് ചട്ടമില്ലെന്ന് കോടതി വ്യക്തമാക്കി.
ജയിലിലായതിനാല്‍ കേസിലെ സാക്ഷികളായ രണ്ട് ഫോറന്‍സിക് വിദഗ്ധരെ വിസ്തരിക്കുന്നതിനു മുമ്പ് അഭിഭാഷകന് താനുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും ഇത് വിസ്താരത്തെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വീണ്ടും നടത്തണമെന്നായിരുന്നു സുനിലിന്റെ വാദം.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിനു ശേഷമാണ് കൊച്ചിയിലെ വിചാരണ കോടതി ജാമ്യമനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം വിട്ടുപോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയും എന്നീ കര്‍ശന വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.