Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തുറന്നതില്‍ കുറ്റക്കാർക്കെതിരെ നടപടിയുണ്ടായില്ല: രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

കോടതിയിലെത്തിച്ച മെമ്മറി കാര്‍ഡ് തുറന്നതില്‍ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയുണ്ടാകേണ്ടതെന്നും അതിനാലാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്നും നടി വ്യക്തമാക്കി.

Published

|

Last Updated

കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത.മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണത്തിന് ഇരയായ നടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചത്.

തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികളായവര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായില്ല. ഹൈക്കോടതിയ്ക്കും സുപ്രീം കോടതിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കോടതിയിലെത്തിച്ച മെമ്മറി കാര്‍ഡ് തുറന്നതില്‍ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയുണ്ടാകേണ്ടതെന്നും അതിനാലാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്നും നടി വ്യക്തമാക്കി.
ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് തന്റെ ജീവിതത്തെയാകെ ബാധിക്കും. അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ നടി ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാളെ ആരംഭിക്കും. നടപടിക്രമങ്ങള്‍ ഒരു മാസം കൊണ്ട് പൂര്‍ത്തിയായേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമണത്തിന് ഇരയായത്.

Latest