National
നടിയെ ആക്രമിച്ച കേസ്; ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
വിചാരണ നീണ്ടുപോകുന്നതിനാലാണ് ജാമ്യം നല്‍കിയത്.
ന്യൂഡല്‍ഹി | നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കി സുപ്രീംകോടതി. വിചാരണ നീണ്ടുപോകുന്നതിനാലാണ് ജാമ്യം നല്‍കിയത്.വിചാരണ കോടതി നടപടികളെ ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. ഇതെന്തുതരം വിചാരണയാണെന്നും കോടതി ചോദിച്ചു. പൾസർ സുനിക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തെങ്കിലും കോടതി ജാമ്യം നൽകുകയായിരുന്നു. സുനിക്ക് ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും വിചാരണ നടപടികള്‍ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാവുമെന്നും കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
എന്നാല്‍ ഇതെല്ലാം തള്ളിയാണ് ഏഴര വർഷത്തിന് ശേഷം പൾസർ സുനിക്ക് ജാമ്യം നല്‍കിയത്. വിചാരണ നീണ്ടുപോകുകയാണെന്നും ഇതിനാൽ ജാമ്യം തന്റെ അവകാശമാണെന്നുമാണ് പൾസർ സുനി വാദിച്ചത്. കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നതെന്ന് അഭിഭാഷകരായ പരമേശ്വറും ശ്രീറാം പറക്കാടും ചൂണ്ടിക്കാട്ടി.ദിലീപ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ പുറത്താണ്.
പള്‍സര്‍ സുനിയെ ഒരാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. ജാമ്യവ്യവസ്ഥ എന്താണെന്ന് വിചാരണ കോടതിക്ക് തീരുമാനിക്കാം. കര്‍ശന ജാമ്യവ്യവസ്ഥ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് വിചാരണ കോടതിയില്‍ ആവശ്യപ്പെടാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നുവെന്നായിരുന്നു സുനിയുടെ മൊഴി.
updating…