Kerala
നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി
ഫെബ്രുവരി പതിനേഴിന് കേസ് വീണ്ടും പരിഗണിക്കും.
ന്യൂഡല്‍ഹി| നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി. കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. പുതുതായി 41 സാക്ഷികളെ കൂടി വിസ്തരിക്കുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കോടതി ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ആറ് മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവുള്ള കേസില്‍ 24 മാസമായി വിചാരണ നീണ്ടുപോകുകയാണെന്ന് ദീലിപിന്റെ അഭിഭാഷകന്‍ വാദിച്ചു. വിസ്തരിച്ച 10 പേരെ വീണ്ടും വിളിച്ചുവരുത്തി വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞു.
സാക്ഷികളെ വിസ്തരിക്കുന്നതിലുള്ള എതിര്‍പ്പ് നാളെ സമര്‍പ്പിക്കാമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാദങ്ങള്‍ എഴുതി നല്‍കാന്‍ കോടതി നിര്‍ദേശം നല്‍കി. ഫെബ്രുവരി പതിനേഴിന് കേസ് വീണ്ടും പരിഗണിക്കും.