Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; പ്രതി ദിലീപ് നല്‍കിയ ഹരജി വിധിപറയാന്‍ മാറ്റി

തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

Published

|

Last Updated

കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ അതിജീവിത വ്യാജ പ്രചരണം നടത്തുന്നുവെന്ന് പ്രതി ദിലീപ് ഹൈക്കോടതിയില്‍. അതിജീവിത ജഡ്ജിമാരെയും അഭിഭാഷകരേയും കോടതി ജീവനക്കാരേയും മോശക്കാരാക്കുകയാണെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കവേയാണ് ദിലീപിന്റെ വാദം.

തന്റെ എതിര്‍പ്പ് രേഖപ്പെടുത്താതെയാണ് സിംഗിള്‍ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴിപ്പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. അതിജീവിതയുടെ അഭിഭാഷക ടെലിവിഷന്‍ ചാനലുകളില്‍ വന്ന് തെറ്റായ കാര്യങ്ങളാണ് പറയുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിമര്‍ശനം ഉന്നയിച്ചു. ദിലീപിന്റെ ഹരജി വിധിപറയാന്‍ മാറ്റി.

അതേസമയം, കോടതി ഉത്തരവിനെ എതിര്‍ക്കാന്‍ ദിലീപിന്എന്ത് അധികാരമാണുള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ ചോദിച്ചു. ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിയാന്‍ അവകാശമുണ്ടെന്നും തന്റെ മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കി.

 

 

 

Latest