Kerala
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് അന്വേഷണ റിപോർട്ട് റദ്ദാക്കാനുള്ള ഉപഹരജിയിൽ വിധി തിങ്കളാഴ്ച
അതിജീവിതയുടെ ഹരജിയെ അനുകൂലിച്ചാണ് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തത്.

കൊച്ചി | നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് തുറന്ന സംഭവത്തില്‍ അതിജീവിതയുടെ ഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.സിംഗിള്‍ ബെഞ്ചാണ് വിധി പറയുക.കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടെന്നാണ് കണ്ടെത്തിയത്.
മെമ്മറി കാര്‍ഡ് പരിശോധിക്കപ്പെട്ടുവെന്നതില്‍ സംശയമില്ലെന്നും ആര് എന്തിന് പരിശോധിച്ചുവെന്ന് കണ്ടെത്തണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണമെന്നും കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടത്തിയ അന്വേഷണം വസ്തുതാപരമല്ല, നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് അതിജീവിതയുടെ നിലപാട്. അതിജീവിതയുടെ ഹരജിയെ അനുകൂലിച്ചാണ് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാളാണ് അതിജീവിതയ്ക്ക് വേണ്ടി ഹാജരായത്.