s sreejith ips
നടിയെ ആക്രമിച്ച കേസ്: ശ്രീജിത്തിനെ മാറ്റുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഡബ്ല്യു സി സി
'അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും.'

കൊച്ചി | നടിയെ ആക്രമിച്ച കേസിൻ്റെ മേൽനോട്ട ചുമതലയിൽ നിന്ന് ക്രൈം ബ്രാഞ്ച് എ ഡി ജി പി. എസ് ശ്രീജിത്തിനെ മാറ്റിയതിൽ ആശങ്ക പ്രകടിപ്പിച്ച് വിമിൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യു സി സി). തങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ, എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചുപണിയെന്ന് ഡബ്ല്യു സി സി പ്രസ്താവനയിൽ പറഞ്ഞു.
കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകിയ പശ്ചാത്തലത്തിൽ അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആൻ്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കീൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ.
അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നതായും ഡബ്ല്യു സി സി അറിയിച്ചു. ശ്രീജിത്തിനെ മാറ്റിയതിനെതിരെ സി പി ഐ ദേശീയ നേതാവ് ആനി രാജ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ട്രാൻ്സ്പോർട്ട് കമ്മീഷണറായാണ് എസ് ശ്രീജിത്തിനെ മാറ്റിനിയമിച്ചത്. ഷെയ്ഖ് ദർവേശ് സാഹിബാാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. അതേസമയം, തന്നെ മാറ്റിയതുകൊണ്ട് നടിയെ ആക്രമിച്ച കേസിന് ഒന്നും സംഭവിക്കില്ലെന്നും മേൽനോട്ടം മാത്രമാണ് തനിക്കുണ്ടായിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയിട്ടില്ലെന്നും എസ് ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.