Connect with us

Kerala

നടിയെ ആക്രമിച്ച കേസ്: പ്രതിഭാഗത്തിന്റെ വാദം ഇന്ന് തുടങ്ങും

ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍.

Published

|

Last Updated

ന്യൂഡല്‍ഹി|കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലെത്തി. ഡിസംബറില്‍ ആരംഭിച്ച പ്രോസിക്യൂഷന്റെ വാദം ഇന്നലെ പൂര്‍ത്തിയായി. ഇന്ന് പ്രതിഭാഗത്തിന്റെ വാദം ആരംഭിക്കും. പ്രതിഭാഗത്തിന്റെ വാദവും ഒരു മാസത്തോളം നീണ്ടുനില്‍ക്കും. ഫെബ്രുവരി അവസാനത്തോടെ കേസിലെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് കേസിന്റെ വിചാരണച്ചുമതല.

കേസില്‍ എട്ടാം പ്രതിയാണ് നടന്‍ ദിലീപ്. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. അതേസമയം, പള്‍സര്‍ സുനി രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.  സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാണ് ആവശ്യം.

പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലിലായിരുന്നതിനാല്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നാണ് സുനിയുടെ വാദം. ഈ ആവശ്യം ഹൈകോടതി തള്ളിയ സാഹചര്യത്തിലാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്.

 

Latest