Kerala
നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണം; അതിജീവിതയുടെ ഹരജി ഇന്ന് പരിഗണിക്കും
കേസില്‍ കഴിഞ്ഞ ആഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു
കൊച്ചി| നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹരജി വിചാരണ കോടതി ഇന്ന് പരിഗണിക്കും. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണം എന്നാണ് ഹരജിയിലെ ആവശ്യം. കേസില്‍ കഴിഞ്ഞ ആഴ്ച അന്തിമവാദം ആരംഭിച്ചതിന് പിന്നാലെയാണ് ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്. എന്നാല്‍ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയണമെന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ദിലീപ് ഉള്‍പ്പടെ ഒന്‍പത് പേരാണ് കേസിലെ പ്രതികള്‍. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസില്‍ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിനുശേഷമാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ നേരത്തെ അതിജീവിത കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. കേസില്‍ രാഷ്ട്രപതിക്ക് അതിജീവിത കത്തയച്ചിരുന്നു. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണത്തിന് ഇരയായ നടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചത്. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികളായവര്‍ക്കെതിരെ ഇതുവരെ നടപടിയുണ്ടായില്ല. ഹൈക്കോടതിയ്ക്കും സുപ്രീം കോടതിയ്ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.കോടതിയിലെത്തിച്ച മെമ്മറി കാര്‍ഡ് തുറന്നതില്‍ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയുണ്ടാകേണ്ടതെന്നും അതിനാലാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്നും നടി വ്യക്തമാക്കി.
ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് തന്റെ ജീവിതത്തെയാകെ ബാധിക്കും. അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ നടി ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത കോടതി അലക്ഷ്യ ഹരജി നല്‍കിയിട്ടുണ്ട്. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പ്രസ്താവനക്കെതിരെയാണ് അതിജീവിത വിചാരണ കോടതിയില്‍ ഹരജി നല്‍കിയത്. നിരവധി തെളിവുകള്‍ ഉള്ള കേസില്‍ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയില്‍ വരുമെന്നാണ് ഹരജിയിലെ വാദം. കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമണത്തിന് ഇരയായത്.