Kerala
നടി ആക്രമിക്കപ്പെട്ട കേസ്; കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
അടച്ചിട്ട മുറിയിലാണ് ഇതില്‍ രഹസ്യ വാദം നടക്കുക.

കൊച്ചി | നടിയെ അക്രമിച്ച കേസില്‍ വിചാരണകോടതി മാറ്റണമെന്ന അതിജീവിതയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓണം അവധിക്കായി കോടതി അടച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്റെ ബെഞ്ച് പ്രത്യേക സിറ്റിങ് നടത്തുന്നത്. അടച്ചിട്ട മുറിയിലാണ് ഇതില്‍ രഹസ്യ വാദം നടക്കുക.
കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യല്‍ സി ബി ഐ കോടതിയില്‍നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത. കോടതിമാറ്റം ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് പിന്മാറിയിരുന്നു. ഹര്‍ജിയില്‍ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചില്‍ കഴിഞ്ഞയാഴ്ച വാദം നടന്നിരുന്നു.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എറണാകുളം സി ബി ഐ പ്രത്യേക കോടതി കേസ് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് വിചാരണ മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചത്.