Connect with us

Kerala

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലു തവണ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി.

Published

|

Last Updated

കൊച്ചി | നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

തനിയാവര്‍ത്തനം, നഖക്ഷതങ്ങള്‍, ഹിസ് ഹൈനസ് അബ്ദുല്ല, നന്ദനം, കിരീടം, ചെങ്കോല്‍, ഭരതം, വടക്കുംനാഥന്‍, ഇന്‍ ഹരിഹര്‍ നഗര്‍, തേന്മാവില്‍ കൊമ്പത്ത് തുടങ്ങി ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലു തവണ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. 2021 റിലീസായ ‘ആണും പെണ്ണും’ ആണ് അവസാന ചിത്രം.

പത്തനംതിട്ടയിലെ കവിയൂരില്‍ ടി പി ദാമോദരന്റെയും ഗൗരിയമ്മയുടെയും മകളായി 1944 ജനുവരി ആറിന് ജനിച്ച പൊന്നമ്മ ചെറുപ്രായത്തില്‍ തന്നെ മുതിര്‍ന്ന നടന്മാരുടെ അമ്മയായി അഭിനയിച്ചു. മേഘതീര്‍ഥം എന്ന സിനിമ നിര്‍മിച്ചു. സത്യന്‍, മധു, പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം വേഷമിട്ടു. മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ അമ്മയായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചു. പതിനാലാം വയസ്സിലാണ് ആദ്യമായി സിനിമയിലെത്തിയത്. കെ പി എ സി നാടകങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. കുട്ടിക്കാലം തൊട്ടേ സംഗീതം അഭ്യസിച്ചിരുന്നു.

സിനിമാ നിര്‍മാതാവും സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പരേതനായ മണിസ്വാമിയാണ് ഭര്‍ത്താവ്. മകള്‍: ബിന്ദു. മരുമകന്‍: വെങ്കട്ടറാം (പ്രൊഫസര്‍, യൂനിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍, യു എസ്). സംസ്‌കാരം നാളെ വൈകിട്ട് നാലിന് ആലുവയിലെ വീട്ടുവളപ്പില്‍ നടക്കും.