Alappuzha
അദാലത്തുകള്‍ ജനങ്ങളെക്കൂടി ഭരണപ്രക്രിയയില്‍ പങ്കാളികളാക്കുന്ന പ്രവര്‍ത്തനം: മന്ത്രി പി പ്രസാദ്
ഒരു ഫയലും അനാവശ്യമായി വെച്ചു താമസിപ്പിക്കരുത്
ആലപ്പുഴ | ജനങ്ങളെക്കൂടി ഭരണപ്രക്രിയയില്‍ പങ്കാളികളാക്കുന്ന പ്രവര്‍ത്തനമാണ് അദാലത്തുകളെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. ജനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനമാണ് അദാലത്തുകള്‍.
പരാതിക്കാരും ഉദ്യോഗസ്ഥരും മന്ത്രിമാരും ഒരുമിച്ചിരുന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കൂട്ടായ ശ്രമമാണ് അദാലത്തില്‍ നടക്കുന്നത്. മാവേലിക്കര താലൂക്ക് അദാലത്ത് മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നിയമത്തിനും ചട്ടത്തിനും അനുസരിച്ച് കാലതാമസം കൂടാതെ പ്രവര്‍ത്തിക്കാനും ജനങ്ങളെ സഹായിക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. നിയമവും ചട്ടവും ജനങ്ങളെ സഹായിക്കാനാണ്, ദ്രോഹിക്കാനല്ല. ഒരുഫയലും അനാവശ്യമായി വെച്ചു താമസിപ്പിക്കരുത്. കാലതാമസം അഴിമതി തന്നെയാണ്. അദാലത്തിലെ രീതികള്‍ക്കനുസരിച്ച് ഓഫീസുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
എം എസ് അരുണ്‍കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ 17 റേഷന്‍ കാര്‍ഡുകളും വര്‍ഷങ്ങളായി കരം അടക്കാന്‍ കഴിയാതിരുന്നവരുടെ കരം അടവ് രസീതുകളും അവകാശ സര്‍ട്ടിഫിക്കറ്റുകളും അദാലത്തില്‍ പങ്കെടുത്ത മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.