Connect with us

Oddnews

ഹജ്ജ് നിര്‍വഹിക്കാനായി കാല്‍നടയായി ആദം മുഹമ്മദ് എത്തി; താണ്ടിയത് ഒമ്പത് രാജ്യങ്ങള്‍

Published

|

Last Updated

മക്ക | പരിശുദ്ധ ഹജ്ജ് കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരന്‍ കാല്‍നടയായി മക്കയിലെത്തി. 52 കാരനായ ആദം മുഹമ്മദ് ആണ് ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കുന്നതിനായി എത്തിയത്. ബ്രിട്ടനില്‍ നിന്ന് യാത്ര തിരിച്ച ആദം മുഹമ്മദ് ആണ് 10 മാസവും 26 ദിവസവും കൊണ്ട് ഒമ്പത് രാജ്യങ്ങള്‍ താണ്ടി മക്കയില്‍ എത്തിച്ചേര്‍ന്നത്.
2021 ആഗസ്റ്റ് ഒന്നിന് രാത്രി എട്ടിന് വോള്‍വര്‍ഹാംപ്ടണില്‍ നിന്നാണ് കാല്‍നടയായി ‘സമാധാന യാത്ര’ ആരംഭിച്ചത്. സഊദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെയാണ് സഞ്ചരിച്ചത്. 4,000 മൈല്‍ ദൂരം കാല്‍നടയായി മരുഭൂമികളും ദുര്‍ഘടമായ വഴികളും കടലുകളും യുദ്ധഭൂമികളും കടന്നാണ് പുണ്യനഗരമായ മക്കയിലേക്ക് പ്രവേശിച്ചത്. 2021-ല്‍ കൊടും ശൈത്യത്തിലൂടെയും വേനലിലൂടെയും തന്റെ നടത്തം ആരംഭിക്കുമ്പോള്‍ ‘എല്ലാ തിന്മകള്‍ക്കും എതിരെ പുറപ്പെടുക’ എന്നതായിരുന്നു ലക്ഷ്യം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹം സഊദിയിലെത്തിയത്. യാത്രയില്‍ മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള എല്ലാത്തരം ബുദ്ധിമുട്ടുകളും സഹിച്ചുവെന്നും പുണ്യഭൂമിയിലെത്തിയപ്പോള്‍ വലിയ സന്തോഷം തോന്നുന്നതായും ആദം പറഞ്ഞു

മക്കയിലെ സയ്യിദ ആഇശ മസ്ജിദിലെത്തിയ ആദം മുഹമ്മദിനെ മക്ക നിവാസികളും, വിവിധ രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിക്കാനെത്തിയ തീര്‍ഥാടകരും ചേര്‍ന്ന് സ്വീകരിച്ചു. മക്കയിലെത്തിയതിന്റെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഒമ്പത് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 6,500 കിലോമീറ്റര്‍ ദൂരം പിന്നിട്ടാണ് മക്കയിലെത്തിച്ചേര്‍ന്നത്. ദിവസവും ശരാശരി 17.8 കിലോമീറ്റര്‍ ദൂരമാണ് യാത്ര ചെയ്തിരുന്നത്. ബ്രിട്ടനില്‍ നിന്ന് മക്കയിലേക്കുള്ള സമാധാന യാത്ര’ എന്ന തന്റെ സംരംഭത്തിന് പണം സ്വരൂപിക്കുന്നതിനായി ‘ഗോഫണ്ട്മി’ പേജിലൂടെ ഏകദേശം 30,000 യൂറോ സമാഹ ലഭിക്കുകയും ചെയ്തു.

കുട്ടികള്‍ എന്നെ കാണുമ്പോള്‍ അടുത്തേക്ക് ഓടി വരുന്നതും ‘അങ്കിള്‍ ആദം, എന്റെ ഹീറോ’ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്നതും ഏറെ സന്തോഷകരവും അഭിമാനകരവുമായ അനുഭവമാണെന്ന് ആദം മുഹമ്മദ് പറഞ്ഞു. യാത്രയില്‍ സമാഹരിച്ച തുക മക്കയില്‍ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങുന്ന യാത്രാ ചെലവുകള്‍, വിസകള്‍, മെഡിക്കല്‍ സഹായം, വണ്ടിയുടെ അറ്റകുറ്റപ്പണി എന്നിവക്കായാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലായിടത്തും സ്വീകരിക്കാന്‍ വഴിനീളെ നിരവധി ആളുകള്‍ മുന്നോട്ട് വന്നു. എല്ലാ ദിവസവും എനിക്ക് ഭക്ഷണം നല്‍കി. അവരില്‍ ചിലര്‍ എനിക്ക് യാത്രക്കായി സാമ്പത്തിക സഹായവും നല്‍കി. മറ്റ് ചിലര്‍ എന്നോടൊപ്പം താമസിക്കുകയും യാത്രയില്‍ അനുഗമിക്കുകയും തന്റെ ചെറിയ മുച്ചക്ര വാഹനം തള്ളുകയും ചെയ്തത് വലിയ അനുഭൂതിയായി. സാമൂഹിക മാധ്യമത്തിലൂടെ യാത്ര വൈറലായതോടെ ഒരു പിതാവും മകനും നെതര്‍ലന്‍ഡില്‍ നിന്ന് തുര്‍ക്കിയിലെത്തുകയും ഏഴ് ദിവസം എന്നോടൊപ്പം യാത്രയില്‍ പങ്കുചേരുകയും ആശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്തതായും ആദം മുഹമ്മദ് പറഞ്ഞു.

അറബിയും പാര്‍സിയും ഉള്‍പ്പെടെ നാല് ഭാഷകള്‍ സംസാരിക്കുന്ന മുഹമ്മദിന് ഹജ്ജിന് ശേഷം സ്വദേശത്തേക്ക് മടങ്ങിയെത്തുമ്പോള്‍ സഹായത്തിനായി നിരവധി അഭ്യര്‍ഥനകള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സ്, പോളണ്ട്, നെതര്‍ലന്‍ഡ്സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹലാല്‍ മാംസ നിരോധനത്തിനെതിരെ പോരാടാന്‍ സഹായിക്കാനുള്ള അഭ്യര്‍ഥനയും ലഭിച്ചു. നേരത്തെ ഇറാഖി സൈന്യത്തില്‍ സൈനികനായി സേവനമനുഷ്ഠിക്കുകയും യുദ്ധത്തടവുകാരനായി പിടിക്കപ്പെടുകയും ചെയ്ത ശേഷം 1990 കളുടെ അവസാനത്തിലാണ് ആദം മുഹമ്മദ് യു കെയിലേക്ക് താമസം മാറിയത്.

 

Latest