National
അദാനി - ഹിൻഡൻബർഗ് വിഷയം; വിദഗ്ധ സമിതി രൂപീകരിക്കാൻ തയ്യാറെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ
സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമിതി അംഗങ്ങളുടെ പേരുവിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ നൽകും.
ന്യൂഡൽഹി | അദാനി ഗ്രൂപ്പ്-ഹിൻഡൻബർഗ് വിഷയത്തിൽ വിദഗ്ധ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമ്മതിച്ചു. ഓഹരി വിപണിയുടെ നിയന്ത്രണ സംവിധാനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് സമിതി പരിശോധിക്കും. സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമിതി അംഗങ്ങളുടെ പേരുവിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ നൽകും. കേസിന്റെ അടുത്ത വാദം വെള്ളിയാഴ്ച നടക്കും.
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട രണ്ട് പൊതുതാൽപ്പര്യ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ ആദ്യം വാദം കേട്ടത്. ഭാവിയിൽ നിക്ഷേപകരെ സംരക്ഷിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാമെന്നതിനെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാൻ സ്റ്റോക്ക് മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യോട് കോടതി ആവശ്യപ്പെട്ടിരുന്നു. സെബിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് വിഷയത്തിൽ തിങ്കളാഴ്ച്ച മുഴുവൻ വിവരങ്ങളുമായി ഹാജരാകാനും കോടതി നിർദേശിച്ചു. തുടർന്നാണ് സമിതി രൂപീകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചത്.
ഹിൻഡൻബർഗ് റിപ്പോർട്ട് നിക്ഷേപകരെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ എം എൽ ശർമ്മയും വിശാൽ തിവാരിയുമാണ് ഹർജികൾ ഫയൽ ചെയ്തത്. ഹിൻഡൻബർഗ് റിപ്പോർട്ട് രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയെന്നും അത് സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നുവെന്നും തിവാരി ഹർജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമപ്രചരണം വിപണിയെ സ്വാധീനിച്ചെന്നും ഹിൻഡൻബർഗ് സ്ഥാപകൻ നഥാൻ ആൻഡേഴ്സൺ ഇന്ത്യൻ റെഗുലേറ്റർ സെബിക്ക് തന്റെ അവകാശവാദങ്ങളുടെ തെളിവ് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും ശർമയുടെ ഹർജിയിൽ പറയുന്നു. നഥാൻ ആൻഡേഴ്സണും ഇന്ത്യയിലെ കൂട്ടാളികൾക്കുമെതിരെ അന്വേഷണം നടത്തി എഫ്‌ഐആർ ഫയൽ ചെയ്യാൻ സെബിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നിർദേശം നൽകണമെന്നും ശർമ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനുവരി 24-ന് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ നട്ടല്ലൊടിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ മുതൽ ഓഹരി കൃത്രിമം വരെയുള്ള ആരോപണങ്ങളാണ് ഗ്രൂപ്പിനെതിരെ ഉയർന്നത്. റിപ്പോർട്ടിന് പിന്നാലെ ഗ്രൂപ്പിന്റെ ഓഹരികളിൽ വൻ ഇടിവുണ്ടായി.