National
അദാനി വിഷയം; സെബി ഈ ആഴ്ച ധനമന്ത്രിയെ കാണും
ഫെബ്രുവരി 15 ന് ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി| അദാനി ഗ്രൂപ്പിന്റെ പിന്‍വലിച്ച 20,000 കോടി രൂപയുടെ ഫോളോ-ഓണ്‍ പബ്ലിക് ഓഫര്‍(എഫ്പിഒ) സംബന്ധിച്ച അന്വേഷണത്തെക്കുറിച്ച് സെബി ഈ ആഴ്ച ധനമന്ത്രാലയത്തെ അറിയിക്കും. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഫെബ്രുവരി 15 ന് ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദാനി ഗ്രൂപ്പ് ഓഹരികളില്‍ അടുത്തിടെയുണ്ടായ തകര്‍ച്ചയില്‍ റെഗുലേറ്റര്‍ സ്വീകരിച്ച നിരീക്ഷണ നടപടികളെക്കുറിച്ച് സെബി ബോര്‍ഡ് ധനമന്ത്രിയെ അറിയിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഓഹരി മൂല്യം ഉയര്‍ത്തിക്കാട്ടി തട്ടിപ്പ് നടത്തിയെന്നാണ് അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. ഇതുപ്രകാരം നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കാമെന്ന് സുപ്രീം കോടതി സെബിയോട് ചോദിച്ചിരുന്നു. നിക്ഷേപകരെ സംരക്ഷിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിനുശേഷം അദാനി ഗ്രൂപ്പിന് 110 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യം നഷ്ടപ്പെട്ടിട്ടുണ്ട്. അദാനി ഗ്രൂപ്പ് ഓഹരിയില്‍ കൃത്രിമത്വം നടത്തിയതായും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിക്കുകയാണ്.