Connect with us

National

അദാനിയെ അറസ്റ്റ് ചെയ്യണം; അഴിമതികളിൽ ജെപിസി അന്വേഷണം വേണം: രാഹുല്‍ഗാന്ധി

ആര് കുറ്റം ചെയ്താലും ജയിലില്‍ ഇടുമെന്ന് പറഞ്ഞ മോദി അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ല,മോദിക്ക് ഇനി നടപടി എടുക്കണം എന്നുണ്ടെങ്കിലും നടക്കില്ല. കാരണം മോദിയെ സംരക്ഷിക്കുന്നതും അദാനിയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി | ഗൗതം അദാനി ഇന്ത്യന്‍ നിയമവും അമേരിക്കന്‍ നിയമവും ലംഘിച്ചെന്നും അദാനിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ന്യൂയോര്‍ക്ക് കോടതി വഞ്ചനാക്കേസ് എടുത്ത വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

രാജ്യത്ത് അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നു.ഇത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാര്‍ പല കേസുകളിലായി അറസ്റ്റിലായിട്ടും അദാനിക്കെതിരെ നടപടിയില്ല.മോദിക്കും അഴിമതിയില്‍ പങ്കുണ്ട്. അദാനിയുടെ കുംഭകോണങ്ങളില്‍ ജെപിസി അന്വേഷണം വേണം. അദാനി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. സെബി മേധാവി മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

ആര് കുറ്റം ചെയ്താലും ജയിലില്‍ ഇടുമെന്ന് പറഞ്ഞ മോദി അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ല. മോദിക്ക് ഇനി നടപടി എടുക്കണം എന്നുണ്ടെങ്കിലും നടക്കില്ല. കാരണം മോദിയെ സംരക്ഷിക്കുന്നതും അദാനിയാണ്.

അദാനിക്കെതിരായ കേസ് ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കമെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ പറഞ്ഞു. അദാനിക്കെതിരെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗരോര്‍ജ കരാറുകള്‍ നേടാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയെന്നാണ് അദാനിക്കെതിരെയുള്ള കേസ്. ഗൗതം അദാനി, ബന്ധു സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേരാണ് കേസിലെ പ്രതികള്‍. 20 വര്‍ഷത്തിനുള്ളില്‍ രണ്ടു ബില്യണ്‍ഡോളര്‍ ലാഭം പ്രതീക്ഷിക്കുന്ന സൗരോര്‍ജ്ജ വിതരണകരാറുകള്‍ നേടാനാണ് കൈക്കൂലി ഇടപാടുകള്‍ നടത്തിയത്. ഇക്കാര്യം മറച്ചുവെച്ച് അമേരിക്കയില്‍ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നാണ് കേസ്. ന്യൂയോര്‍ക്കില്‍ യു എസ് അറ്റോര്‍ണി ഓഫീസ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Latest