interview
വീണുപോകുന്നവരുടെ സങ്കടങ്ങൾക്ക് വിലാസം കൊടുക്കുക
വീണുപോവുന്നവരുടെ സങ്കടങ്ങൾക്ക് വിലാസം കൊടുക്കുക എന്നതാണ് എന്റെ രാഷ്ട്രീയം. അത് എഴുത്തുകാരന്റെ ചരിത്രപരമായ ദൗത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്.
?കാവ്യസപര്യയിലൂടെ താങ്കൾ ലോകത്തെ കാണാൻ തുടങ്ങിയിട്ട് എത്ര വർഷമായി?
പുസ്തകങ്ങളിലേക്കെത്തും മുമ്പെ എന്റെ ചുറ്റുമുള്ള മനുഷ്യരായിരുന്നു, പറമ്പുകളായിരുന്നു, പകലുകളും രാത്രികളുമായിരുന്നു എന്റെ പുസ്തകങ്ങൾ. എന്നെക്കൊണ്ട് എഴുത്തിൽ കാലുകുത്തിക്കുന്നതിൽ വലിയ പങ്ക് ഇവർക്കുണ്ട്. മറ്റൊരു പുസ്തകം ഒറ്റപ്പെടൽ എന്ന ഇനിയും കൈവിട്ടിട്ടില്ലാത്ത ഒരവസ്ഥയാണ്. അന്ന് നിരന്തരം കാണുന്ന സ്വപ്നങ്ങളിലൊന്ന് ഒരു വലിയ കുഴിയിലേക്ക് വീഴുന്നതായിരുന്നു. അതുകൊണ്ട് തന്നെ പറക്കാൻ കഴിയണേ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിച്ചു. ബോധത്തിലോ അബോധത്തിലോ പറന്നതിന്റെ ചില മാത്രങ്ങൾ എനിക്കുണ്ടായി. പക്ഷേ, നിരന്തരം വേട്ടയാടുന്ന ഒറ്റപ്പെടൽ എന്നെ കൂടുതൽ പേടിത്തൊണ്ടനാക്കി. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ഈ പുസ്തകങ്ങൾ വായിച്ചില്ലായിരുന്നെങ്കിൽ എന്നിലെ കവി ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നുന്നു. എഴുത്ത് പുറംലോകത്ത് പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട് ഇരുപത് വർഷം കഴിഞ്ഞു. 2004 മുതൽ തുടർച്ചയായി പല പ്രസിദ്ധീകരണങ്ങളിലും കവിത വന്നു തുടങ്ങി.
?ആധുനികത മലയാള കവിതയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരുന്നത്. പുതിയ കവിത എങ്ങനെയൊക്കെ ആയിരിക്കണമെന്ന് ചില കൃത്യമായ മാർഗരേഖ വരെ അതിന്റെ വക്താക്കൾ പുറപ്പെടുവിച്ചിരുന്നു. പല കവികളെയും അംഗീകരിക്കപ്പെടാതിരുന്ന ഒരു കാലത്തു നിന്ന്, പല നിലയ്ക്കും പുറത്തു നിർത്തപ്പെടുമായിരുന്ന കാവ്യജീവിതങ്ങൾക്ക് മുഖ്യധാരയിലിടം കിട്ടാൻ പുതിയ അന്തരീക്ഷം സഹായകമായി എന്ന് താങ്കൾ വിശ്വസിക്കുന്നില്ലേ?
കവിതയിലെ പ്രതിസന്ധി സിദ്ധാന്തങ്ങളല്ല; തൊട്ടു മുമ്പിലുള്ള ജീവിതമാണ്. ആ പ്രതിസന്ധി എല്ലാ കാലത്തുമുണ്ട്. ഇന്നുമുണ്ട്. മാറുന്ന ജീവിതത്തെ എങ്ങനെ ആവിഷ്കരിക്കണം എന്നതാണ് അതിന്റെ കാതൽ. മാറ്റിനിർത്തപ്പെട്ടവരെ സ്വീകരിക്കാതെ ഒന്നിനും മുന്നോട്ടു പോകാനാകില്ല. പുതിയ കാലം അതുൾക്കൊള്ളുന്നുണ്ട്. കാരണം കാലവും എഴുത്തും കലർപ്പുകളുടെതാണ്. ഉപേക്ഷിക്കപ്പെട്ട കല്ല് മൂലക്കല്ലാകും. അത് കാലത്തിന്റെയും കലയുടെയും നീതിയുടെ ഭാഗമാണ്. പിന്നെയുള്ളത് കാലത്തിന്റെ തിരഞ്ഞെടുപ്പാണ്. അതിലും ചില രാഷ്ട്രീയമുണ്ട്. പരിഭവിച്ചിട്ട് കാര്യമില്ല. എഴുതേണ്ടത് എഴുതുക ; വായനക്കാർക്ക് വിട്ടു കൊടുക്കുക.
? മുമ്പെങ്ങുമില്ലാത്ത വിധം താങ്കളടക്കമുള്ള കവികൾ കൂട്ടമായി കഥകളിലേക്കും നോവലുകളിലേക്കും കടന്നു വരുന്നുണ്ട്. എന്താകാം കാരണം? കവിതക്ക് നിലനിൽപ്പില്ലെന്നുള്ള ഉൾഭയം കവികളെ വേട്ടയാടുന്നുണ്ടോ
എന്റെ പ്രാഥമികമായ ആഗ്രഹം നല്ല കവിതകൾ എഴുതണം എന്നതാണ്. അതിന് ഒരു കാലത്തും മാറ്റമുണ്ടായിട്ടില്ല. കവിത ആഗ്രഹിക്കുന്പോൾ സംഭവിക്കുന്ന ഒന്നല്ല. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് എപ്പോഴും. എഴുതാൻ മാത്രമായി കൂടുതൽ സമയം കൈവന്നപ്പോഴാണ് കൂടുതലായി നോവലുകളിലേക്കും കഥകളിലേക്കും വരുന്നത്. കവിത എഴുതിത്തുടങ്ങിയ കാലത്ത് തന്നെ കഥയെഴുത്തും നോവലെഴുത്തും കൂടെയുണ്ടായിരുന്നു. അച്ചടിക്കപ്പെടാൻ വൈകി എന്നു മാത്രം. പിന്നെ കവിതയില്ലെങ്കിൽ ഭാഷക്ക് തന്നെ നിലനിൽപ്പില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അപ്പോൾ പിന്നെ ചോദ്യത്തിൽ പറഞ്ഞ ഉൾഭയത്തിന് പ്രസക്തിയില്ല. കവിത ഭാഷയേക്കാൾ മൂർച്ചയുള്ള ജൈവ ചോദനയാണ്. അത് മാർക്കറ്റ് തീരുമാനിക്കുന്ന വിലനിലവാരത്തിൽ പെടുന്ന ഒന്നല്ല.
?ട്രോൾ കവിതകളെ കുറിച്ച് ചോദിക്കാനിരുന്നതാണ്. “ഗർഭത്തിൽ മരിച്ചു പോയ കുട്ടികളുടെ അധികം മുളച്ചിട്ടില്ലാത്ത വിരലുകളാണ് ടച്ച് സ്ക്രീൻ. അത്ര ചെറിയ തൊടൽ മതി അവർ ഉണർന്നെണീക്കും. ഉള്ളിലുള്ളത് എഴുതിയും പറഞ്ഞും തെളിച്ചും കാണിക്കും. ശരീരം മുഴുവൻ വിരലുകളുള്ള കുട്ടികൾ. ഓരോ തൊടലിലും നമ്മുടെ ആവശ്യങ്ങളെ അവർ വായിക്കുന്നു. നോക്കൂ, ഒരമ്മയുടെ കൈയിൽ മരിച്ചു പോയ അവരുടെ കുട്ടി.’ ടച്ച് സ്ക്രീൻ എന്ന താങ്കളുടെ ഒരു ട്രോൾ കവിതയാണിത്. ഇങ്ങനെ ഒരു പരമ്പര തന്നെ വിമീഷ് എഴുതിയിട്ടുണ്ട്. താങ്കൾ ട്രോൾ കവിതയിലേക്ക് വരുന്നത് എങ്ങനെയാണ്
കൊവിഡ് കാലം തന്ന വലിയ സമ്മാനങ്ങളിലൊന്നാണ് ട്രോൾ കവിതകൾ. ഭാഷാപരമായ മടുപ്പിൽ നിന്നുള്ള കെട്ടഴിച്ച് വിടലാണ് ട്രോൾ കവിതകളിൽ സംഭവിക്കുന്നത്. പല മട്ടിൽ നിലനിൽക്കുന്ന പാഠങ്ങൾക്കു മേലാണ് ട്രോൾ കവിതകൾ പണിതിരിക്കുന്നത്. ആക്ഷേപഹാസ്യം പലയിടത്തും അതിന്റെ നട്ടെല്ലാണ്. ആഴത്തിൽ ആലോചിക്കുമ്പോൾ ഇത്തരം കവിതയിലേക്കുള്ള ക്രമാനുഗതമായ ഒരൊഴുക്ക് എന്റെ മുൻ എഴുത്തുകളിൽ, പ്രത്യേകിച്ച് എന്റെ നാമത്തിൽ ദൈവം പോലുള്ള സമാഹാരത്തിൽ കാണാം. രാഷ്ട്രീയമായ അടിയൊഴുക്ക് അതിന്റെ ബലമാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കൂടാതെ സ്വയം നവീകരിക്കാനുള്ള വഴി കൂടി ഇത്തരം എഴുത്തുകൾ എനിക്ക് മുമ്പിൽ തുറന്നുവെക്കുന്നു.
? എഴുത്തുകാരൻ എന്ന നിലയിൽ സൈബർ കാലത്തെ എങ്ങനെ വിലയിരുത്തുന്നു?
പല ചുമരുകളിൽ ഒന്നാണ് സൈബർ ചുമരും. ഗുഹകളിൽ എഴുതിയ കാലമുണ്ട്. കല്ലുകളിൽ, ഉണങ്ങിയ ഇലകളിൽ, പേജുകളിൽ, ഇപ്പോൾ മറ്റൊരു ചുമരായി ഇതും. വലിയ സ്വാതന്ത്ര്യമാണ് അതിന്റെ പ്രത്യേകത. എഴുത്തിനെ അത് ഭയരഹിതമാക്കി. അത് വലിയ കാര്യമാണ്. ഏത് ചുമരിലായാലും ഗുണനിലവാരം വായിക്കുന്ന വ്യക്തികൾ തീരുമാനിക്കട്ടെ.
? വിമീഷ് മണിയൂരിന്റെ രാഷ്ട്രീയമെന്താണ്
വീണുപോവുന്നവരുടെ സങ്കടങ്ങൾക്ക് വിലാസം കൊടുക്കുക എന്നതാണ് എന്റെ രാഷ്ട്രീയം. അത് എഴുത്തുകാരന്റെ ചരിത്രപരമായ ദൗത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്.