sasikala
‘ജനറൽ സെക്രട്ടറി'യായി വിലസുന്നു; ശശികലക്കെതിരെ എ ഐ ഡി എം കെ
ശശികലക്ക് പാർട്ടിയിൽ ഒരു സ്ഥാനവുമില്ലെന്ന് എ ഐ ഡി എം കെ ജോയിന്റ് കോ-ഓർഡിനേറ്റർ കെ പളിനിസ്വാമി വ്യക്തമാക്കിയിരുന്നെങ്കിലും ശശികല പുറത്തുവിടുന്ന വാർത്താകുറിപ്പുകളിലെല്ലാം എ ഐ ഡി എം കെ ജനറൽ സെക്രട്ടറി എന്നാണ് ചേർക്കുന്നത്
ചെന്നൈ | പേരിനൊപ്പം എ ഐ ഡി എം കെ ജനറൽ സെക്രട്ടറി എന്ന് ചേർത്തതിന് അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി കെ ശശികലക്കെതിരെ അണ്ണാ ഡി എം കെ മുൻ മന്ത്രി ജയകുമാർ പരാതി നൽകി. ശശികലക്കെതിരെ നടപടി സ്വീകരിക്കാൻ മാമ്പലം പോലീസ് ഇൻസ്‌പെക്ടർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാലിനാണ് ജയകുമാർ പരാതി നൽകിയത്.
ശശികലക്ക് പാർട്ടിയിൽ ഒരു സ്ഥാനവുമില്ലെന്ന് എ ഐ ഡി എം കെ ജോയിന്റ് കോ-ഓർഡിനേറ്റർ കെ പളിനിസ്വാമി വ്യക്തമാക്കിയിരുന്നെങ്കിലും ശശികല പുറത്തുവിടുന്ന വാർത്താകുറിപ്പുകളിലെല്ലാം എ ഐ ഡി എം കെ ജനറൽ സെക്രട്ടറി എന്നാണ് ചേർക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ 17ന് അണ്ണാ ഡി എം കെയുടെ കൊടി വെച്ച കാറിലെത്തി എം ജി ആർ, ജയലളിത സമാധികളിൽ ശശികല ആദരാജ്ഞലി അർപ്പിക്കുകയും പാർട്ടി സുവർണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് ചെന്നൈ രാമപുരത്തെ എം ജി ആറിന്റെ വസതിയിൽ നടന്ന ചടങ്ങിൽ അണ്ണാ ഡി എം കെ പതാക ഉയർത്തുകയും ചെയ്തിരുന്നു. പാർട്ടി സ്ഥാപകനായ എം ജിആറിന്റെ വസതിയിൽ ശശികലയുടെ നേതൃത്വത്തിൽ സ്ഥാപിച്ച ലോഹ ഫലകത്തിലും പേരിനൊപ്പം ജനറൽ സെക്രട്ടറി എന്ന പദം ചേർത്തിരുന്നു. നിയമപരമായി ശശികലക്ക് അവകാശമില്ലാത്ത ഓഫീസിൽ കയറി ഫലകം സ്ഥാപിച്ചതിനെതിരെ അന്നുതന്നെ ശശികലക്കെതിരെ ജയകുമാർ പരാതി നൽകിയിരുന്നു.
എം ജി ആറിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഈ മാസം 24ന് എം ജി ആറിന്റെ വസതിയിൽ പ്രവർത്തകരെ കൂട്ടി സംഗമം സംഘടിപ്പിക്കുമെന്ന ശശികലയുടെ പ്രഖ്യാപനത്തോടെയാണ് ജയകുമാർ പുതിയ പരാതി നൽകിയത്.