Uae
അബൂദബിയിൽ 15 നഴ്സറികൾക്ക് അഡെക് അംഗീകാരം
1,250 സീറ്റുകളാണ് ഇവയിലുണ്ടാവുക.

അബൂദബി| അബൂദബി, അൽ ഐൻ, അൽ ദഫ്റ എന്നിവിടങ്ങളിൽ 15 പുതിയ സ്വകാര്യ നഴ്‌സറികൾക്ക് അബൂദബി ഡിപ്പാർട്ട്‌മെന്റ്ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (അഡെക്) അനുമതി നൽകി. 1,250 സീറ്റുകളാണ് ഇവയിലുണ്ടാവുക. അനുവദിച്ച നഴ്സറികളുടെ ഫീസിനും അധികൃതർ അംഗീകാരം നൽകിയിട്ടുണ്ട്. ഫീസുകൾ ന്യായയുക്തവും സുതാര്യവുമാണെന്ന് ഉറപ്പാക്കാൻ അനുമതി നൽകുന്നതിനുമുമ്പ് അഡെക് നിരവധി ഘടകങ്ങൾ വിലയിരുത്തിയതായി അധികൃതർ വ്യക്തമാക്കി.
വാടക, ഉചിതമായ കുട്ടികൾ-അധ്യാപക അനുപാതം നിലനിർത്തുന്നതിനുള്ള സ്റ്റാഫ്, വിദ്യാഭ്യാസ സാമഗ്രികളിലും സുരക്ഷാ നടപടികളിലുമുള്ള നിക്ഷേപങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വിപണി പ്രവണതകളെയും സേവനങ്ങളുടെ സുസ്ഥിരതയെയും അടിസ്ഥാനമാക്കിയാണ് ഫീസ് വിലയിരുത്തുന്നത്.
കുട്ടികൾക്ക് സുരക്ഷിതവും ആകർഷകവും വികസനപരമായി സമ്പന്നവുമായ ഒരു തുടക്കത്തെ പിന്തുണക്കുന്നതിനാണ് പുതിയ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയത്. എമിറേറ്റിൽ 27,791 സീറ്റുകളുള്ള 225 സ്വകാര്യ നഴ്സറികൾ പ്രവർത്തിക്കുന്നുണ്ട്. ഇളംതലമുറക്ക് വൈജ്ഞാനിക, സാമൂഹിക, വൈകാരിക വികാസത്തെ പരിപോഷിപ്പിക്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്ന ഈ കേന്ദ്രങ്ങൾ ഭാവി വിദ്യാഭ്യാസത്തിനും വ്യക്തിഗത വളർച്ചക്കും വളരെ പ്രധാനമാണ്.