Connect with us

Uae

വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കണം; അമിത വേഗതക്ക് കനത്ത പിഴ

വാഹനമോടിക്കുന്നവര്‍ ഓരോ റോഡിനും അനുവദിച്ച നിയമപരമായ വേഗപരിധി പാലിക്കണമെന്നും അവരുടെ മുന്നിലുള്ള വാഹനവും തങ്ങളുടെ വാഹനവും തമ്മില്‍ മതിയായ അകലം ഉറപ്പാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.

Published

|

Last Updated

അബൂദബി | അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വാഹനങ്ങള്‍ അമിത വേഗത ഒഴിവാക്കണമെന്നും വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കണമെന്നും അബൂദബി പോലീസ് ഓര്‍മിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ പോലീസ് ആരംഭിച്ച ബോധവത്ക്കരണ കാമ്പയിനില്‍ ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെ എടുത്തുകാണിച്ച പോലീസ് റോഡില്‍ സംഭവിക്കുന്ന മരണങ്ങളുടെ പ്രധാന കാരണം അമിത വേഗതയാണെന്ന് വ്യക്തമാക്കി. വാഹനമോടിക്കുന്നവര്‍ ഓരോ റോഡിനും അനുവദിച്ച നിയമപരമായ വേഗപരിധി പാലിക്കണമെന്നും അവരുടെ മുന്നിലുള്ള വാഹനവും തങ്ങളുടെ വാഹനവും തമ്മില്‍ മതിയായ അകലം ഉറപ്പാക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

വേഗത കൂടുന്തോറും വാഹനം നിര്‍ത്താനുള്ള ബ്രേക്ക് റെസ്പോണ്‍സ് സമയവും, നിര്‍ത്തുന്ന സമയവും ദൂരവും കൂടും. ഇത് അപകടമുണ്ടായാല്‍ കൂട്ടിയിടിയുടെ ശക്തി വര്‍ധിപ്പിക്കും. വലിയ തിടുക്കം വലിയ അപകടങ്ങള്‍ക്ക് കാരണമാകും. തങ്ങളേയും മറ്റ് റോഡ് ഉപയോക്താക്കളേയും സംരക്ഷിക്കുന്നതിന് എപ്പോഴും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് പോലീസ് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. യു എ ഇ നിയമം അനുസരിച്ച്, പരമാവധി വേഗ പരിധി മണിക്കൂറില്‍ 10 കിലോമീറ്റര്‍ കവിഞ്ഞാല്‍ 400 ദിര്‍ഹം പിഴ ഈടാക്കും. 80 കി മീ/മണിക്കൂര്‍ വേഗത പരിധി കവിയുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റുകളും 60 ദിവസം കാര്‍ കണ്ടുകെട്ടുകയും ചെയ്യും. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കാത്തവര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും.

 

 

---- facebook comment plugin here -----

Latest