Connect with us

From the print

എ ഡി ജി പി-ആർ എസ് എസ് കൂടിക്കാഴ്ച; കടുപ്പിച്ച് സി പി ഐ

ഇന്ന് എൽ ഡി എഫ് യോഗം • തൃശൂർ പൂരം കലക്കൽ ആരോപണവും ചർച്ചയാകും

Published

|

Last Updated

തിരുവനന്തപുരം | വിവാദങ്ങൾക്കിടെ ഇടതുമുന്നണി യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. ഹേമ കമ്മിറ്റി റിപോർട്ട്, പി വി അൻവറിന്റെ വെളിപ്പെടുത്തലുകൾ, എ ഡി ജി പിയുടെ ആർ എസ് എസ് നേതാക്കളുമായുള്ള ചർച്ച, സ്പീക്കറുടെ പരാമർശം തുടങ്ങിയ വിവാദങ്ങൾ കത്തുന്നതിനിടെയാണ് യോഗം. സി പി ഐയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കി ടി പി രാമകൃഷ്ണനെ നിയോഗിച്ചതിന് ശേഷം ആദ്യമായി നടക്കുന്ന യോഗത്തിൽ സി പി ഐയുടെ നീരസം വലിയ ചർച്ചകൾക്കും പൊട്ടിത്തെറികൾക്കും വഴിവെക്കുമെന്നാണ് സൂചന.

എ ഡി ജി പി. എം ആർ അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ കർശനനടപടി വേണമെന്ന് ആവശ്യപ്പെട്ട് സി പി ഐ നേതാക്കൾ സി പി എം നേതൃത്വത്തെ കണ്ടിരുന്നു. മുന്നണിയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിന് വിരുദ്ധമായ നടപടികളെ ഒരിക്കലും നീതീകരിക്കാൻ കഴിയില്ലെന്നാണ് സി പി ഐ നിലപാട്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് എതിരായി ഉയർന്ന ആരോപണങ്ങളെ ഗൗരവത്തോടെ കാണണമെന്നും സി പി ഐ മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി ബിനോയ് വിശ്വം ചർച്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ മുന്നണി യോഗത്തിലേക്ക് കൊണ്ടുപോകാതെ അതിന് മുമ്പുതന്നെ പരിഹാരം കാണണമെന്ന നിലപാടാണ് സി പി ഐ ചർച്ചയിൽ മുന്നോട്ടുവെച്ചത്.

ഹേമ കമ്മിറ്റി റിപോർട്ടിന് പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലിൽ ജനപ്രതിനിധികൾക്കെതിരെ ആരോപണങ്ങൾ ഉയർന്നെങ്കിലും സർക്കാർ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന വിമർശം സി പി ഐ ഉയർത്തുന്നുണ്ട്. കൂടാതെ, പി വി അൻവറിന്റെ തൃശൂർ പൂരം കലക്കൽ ആരോപണവും കൂടിയായതോടെ വിജയസാധ്യതയുള്ള സീറ്റ് നഷ്ടപ്പെട്ടതിലുള്ള അമർഷവും യോഗത്തിൽ സി പി ഐ ഉന്നയിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പൂരവുമായി ബന്ധപ്പെട്ട എഴുന്നള്ളത്ത് തടഞ്ഞതും പൂരം നിർത്തിവെക്കാൻ ഇടയായ സംഭവങ്ങളിൽ അന്വേഷണം വേണമെന്നും തൃശൂരിലെ ഇടത് സ്ഥാനാർഥിയായിരുന്ന വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു. പോലീസ് കമ്മീഷണറുടെ ഇടപെടൽ അതിരു കടന്നതായിരുന്നുവെന്ന് എൽ ഡി എഫ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് എ ഡി ജി പി. എം ആർ അജിത് കുമാർ അന്വേഷണം നടത്തി റിപോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ അഞ്ച് മാസം കഴിഞ്ഞിട്ടും ഈ റിപോർട്ട് പുറത്തുവിടാത്തതിൽ സി പി ഐ കടുത്ത അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യവും യോഗത്തിൽ ചർച്ചയാകും.

പൂരം നിർത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന പുറത്തുവരണമെന്ന സി പി ഐയുടെ ആവശ്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്. സർക്കാർ ചെലവിൽ പൂരം അട്ടിമറിച്ചതിന്റെ ഗുണഭോക്താക്കൾ ബി ജെ പിയും സുരേഷ് ഗോപിയുമാണെന്നാണ് സി പി ഐയുടെ പ്രധാന ആക്ഷേപം. അതിനിടയിലാണ് അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണവും പുറത്തുവന്നത്. ഇതിൽ കാര്യമായ നടപടി സ്വീകരിക്കാത്തത് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest