Kerala
ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്
തിരുവനന്തപുരം | എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍ എസ് എസ് നേതാക്കളുമായി നടത്തിയ വിവാദ കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എം ആര്‍ അജിത് കുമാര്‍ എന്തിന് കൂടിക്കാഴ്ച നടത്തി എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരും.
ആര്‍ എസ് എസ് നേതാവ് എ ജയകുമാറിന് നോട്ടീസ് നല്‍കി. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമാണ് ഇന്നലെ നോട്ടീസ് നല്‍കിയത്. എഡിജിപിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തയഅജിത് കുമാറിനെതിരെ നടപടി വേണമെന്ന് മുന്നണിയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഉള്‍പ്പെടെ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്.
ആര്‍എസ്എസ് നേതാക്കളുമായി എം ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയതായുള്ള വാര്‍ത്തകള്‍ വന്ന് 20 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.
തൃശൂരിലും തിരുവനന്തപുരത്തും വച്ചായിരുന്നു എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടത്. തിരുവനന്തപുരത്ത് വച്ച് രാം മാധവുമായും തൃശൂരില്‍ ദത്താത്രേയ ഹൊസബാളെയുമായാണ് അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. പത്തുദിവസത്തിന്റെ ഇടവേളയിലായിരുന്നു കൂടിക്കാഴ്ച. ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് രാംമാധവുമായും അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പുറത്തുവന്നത്.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ സ്ഥിരീകരിച്ചിരുന്നു.