Connect with us

Kerala

ഗുണ്ടകളെ നിയന്ത്രിക്കാനുള്ള പദ്ധതി നടപ്പാക്കുന്നത് എ ഡി ജി പി നിരീക്ഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ഒന്നര വര്‍ഷത്തിനിടെ 438 കൊലപാതകങ്ങളും 1,358 വധശ്രമങ്ങളും നടന്നതായുള്ള പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം.

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് എ ഡി ജി പി (ക്രമസമാധാനം) ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. 2022 അവസാനം പോലീസ് തയ്യാറാക്കിയ ഗുണ്ടകളുടെ പട്ടികയില്‍ 2,272 പേരാണ് ഉണ്ടായിരുന്നതെന്നും ഇത് ഒന്നര വര്‍ഷം കൊണ്ട് 2,815 ആയി ഉയര്‍ന്നുവെന്നും ആരോപിക്കുന്ന പരാതിയിലാണ് നടപടി.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 438 കൊലപാതകങ്ങളും 1,358 വധശ്രമങ്ങളും നടന്നതായി പരാതിക്കാരന്‍ ആരോപിച്ചു. സംസ്ഥാന പോലീസ് മേധാവിക്കു വേണ്ടി ക്രമസമാധാന വിഭാഗം അഡീഷണല്‍ ഡി ജി പി റിപോര്‍ട്ട് സമര്‍പ്പിച്ചു. ഗുണ്ടാ വിളയാട്ടം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി റിപോര്‍ട്ടില്‍ പറയുന്നു.

എല്ലാ പോലീസ് സ്റ്റേഷനുകളിലും ആന്റി സോഷ്യല്‍ രജിസ്റ്റര്‍ സൂക്ഷിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിക്കാറുമുണ്ട്. ഗുണ്ടകളെ നിരീക്ഷിക്കുന്നതിന് ‘ഓഗ്മെന്റ് ആക്ഷന്‍ എഗെയ്ന്‍സ്റ്റ് ആന്റി സോഷ്യല്‍സ് ആന്‍ഡ് ഗുണ്ടാസ്’ ആക്ട് നടപ്പാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.

മയക്കുമരുന്ന് തടയാന്‍ ഡി ഹണ്ട്, കുട്ടികള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പി ഹണ്ട്, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ സി വൈ ഹണ്ട്, ആയുധ ദുരുപയോഗം തടയാന്‍ ജി ഹണ്ട് പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ കേസ് തീര്‍പ്പാക്കി. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗിന്നസ് മാടസാമി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

 

Latest