Connect with us

Kerala

സ്വര്‍ണ്ണക്കടത്തില്‍ എഡിജിപി വിജയനും പങ്ക്; ഗുരുതര ആരോപണവുമായി എം ആര്‍ അജിത്കുമാര്‍

ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്

Published

|

Last Updated

തിരുവനന്തപുരം |  എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് എംആര്‍ അജിത് കുമാര്‍. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസില്‍ വിജയന് പങ്കുണ്ടെന്നാണ് ആരോപണം. ഡിജിപിക്ക് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. കരിപ്പൂരിലെ സ്വര്‍ണക്കടത്ത് കേസില്‍ പി വിജയന് പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് മൊഴി.

പി വിജയന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഐജി ആയിരിക്കുന്ന കാലത്ത് സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായാണ് ആരോപണം.തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ മറ്റു ചില അംഗങ്ങള്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായി സുജിത് ദാസ് അറിയിച്ചു. സുജിത് ദാസ് അറിയിച്ചതിന് ശേഷമാണ് സ്വര്‍ണക്കടത്തിനെതിരെ കര്‍ശന നടപടിക്ക് താന്‍ നിര്‍ദേശിച്ചതെന്നും അജിത് കുമാര്‍ മൊഴി നല്‍കി.

അജിത് കുമാറിനും സുജിത് ദാസിനും സ്വര്‍ണക്കടത്തുമായി ബന്ധമുള്ളതായി പിവി അന്‍വര്‍ എംഎല്‍എ നേരത്തെ ആരോപിച്ചിരുന്നു.ഇതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് വിജയനെതിരെ അജിത് കുമാര്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പിവി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ നിയമസഭയില്‍ വച്ചിരുന്നു. ഇതിലാണ് അജിത് കുമാറിന്റെ മൊഴി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം, അജിത് കുമാറിന്റെ മൊഴി മുന്‍ എസ്പി സുജിത് ദാസ് നിഷേധിച്ചു. പി വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും തന്റെതെന്ന് പറയുന്ന മൊഴി വാസ്തവിരുദ്ധമാണെന്നും സുജിത് ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പിവി അന്‍വര്‍ എംഎല്‍എയുടെ പിന്നില്‍ എസ്പിമാരായ മോഹന ചന്ദ്രനും വിക്രമനുമാണെന്നും സുജിത് ദാസ് പറഞ്ഞു. ഈ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

Latest