Connect with us

Editorial

ആധി സിറിയയിലെ പച്ചമനുഷ്യരെയോര്‍ത്താണ്‌

സിറിയയില്‍ ആര് ഭരിക്കും, ബശ്ശാര്‍ അല്‍ അസദ് വീഴുമോ, വിമതര്‍ അധികാരം പൂര്‍ണമായി പിടിക്കുമോ തുടങ്ങിയ ചോദ്യങ്ങളല്ല മനുഷ്യ സ്‌നേഹികള്‍ക്ക് മുമ്പിലുള്ളത്. മറിച്ച് മനുഷ്യര്‍ക്ക് പാര്‍ക്കാനാകാത്ത ഇടമായി മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യം മാറുന്നുവെന്നതിലാണ് ആധി.

Published

|

Last Updated

സിറിയയില്‍ നിന്ന് വീണ്ടും രക്തച്ചൊരിച്ചിലിന്റെയും പിടിച്ചെടുക്കലുകളുടെയും വാര്‍ത്തകള്‍ വന്നുതുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ നഗരമായ അലപ്പോയില്‍ വിമത സൈന്യം ആധിപത്യമുറപ്പിക്കുകയും സര്‍ക്കാര്‍ സൈന്യം അവിടെ നിന്ന് പിന്‍വാങ്ങുകയും ചെയ്തുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഔദ്യോഗിക സൈന്യത്തിന്റെ പിന്‍മാറ്റം താത്കാലികം മാത്രമാണ്. കൂടുതല്‍ ഏറ്റുമുട്ടലിന് പ്രദേശം ഇരയാകും. ഒപ്പം നിരപരാധികളായ നിരവധി മനുഷ്യര്‍ മരിച്ചു വീഴുകയും ചെയ്യും. പതിനായിരങ്ങള്‍ അഭയാര്‍ഥികളായി അലയും. ലോകത്താകെ അതിര്‍ത്തികള്‍ സമ്പൂര്‍ണമായി അടച്ച് കുടിയേറ്റം തടയുകയെന്ന മനുഷ്യത്വവിരുദ്ധ രാഷ്ട്രീയം മേല്‍ക്കൈ നേടുമ്പോള്‍ ഈ മനുഷ്യര്‍ പോകാനിടമില്ലാതെ യുദ്ധഭൂമിയില്‍ തന്നെ ഒടുങ്ങും. സിറിയയില്‍ ആര് ഭരിക്കും, ബശ്ശാര്‍ അല്‍ അസദ് വീഴുമോ, വിമതര്‍ അധികാരം പൂര്‍ണമായി പിടിക്കുമോ തുടങ്ങിയ ചോദ്യങ്ങളല്ല മനുഷ്യ സ്‌നേഹികള്‍ക്ക് മുമ്പിലുള്ളത്. മറിച്ച് മനുഷ്യര്‍ക്ക് പാര്‍ക്കാനാകാത്ത ഇടമായി മഹത്തായ പാരമ്പര്യമുള്ള ഈ രാജ്യം മാറുന്നുവെന്നതിലാണ് ആധി. ഒന്നര പതിറ്റാണ്ട് പിന്നിട്ട സിറിയന്‍ സംഘര്‍ഷം മരണവും അംഗഭംഗവും വേദനയും അഭയാര്‍ഥി പ്രവാഹവും മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ. സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം തുടരുന്നുവെന്നാണ് ആഗോള മാധ്യമങ്ങളുടെ ആഖ്യാനം. സത്യത്തില്‍ ഇതൊരു “ആഭ്യന്തര സംഘര്‍ഷ’മല്ല. തുടങ്ങിയതും വളര്‍ന്നതും ഇപ്പോള്‍ എത്തിനില്‍ക്കുന്നതുമായ എല്ലാ ദശാസന്ധികളിലും പുറത്ത് നിന്നുള്ളവരുണ്ടായിരുന്നു. അവരുടെ താത്പര്യങ്ങളാണ് സിറിയയിലും ഏറ്റുമുട്ടിയത്.
ഇസ്‌ലാമിസ്റ്റ് ഹയാത്ത് തഹ്രീര്‍ അല്‍ശാം എന്ന വിമത സായുധ ഗ്രൂപ്പാണ് അലപ്പോ നഗരം പിടിച്ചെടുത്തത്. 2020ന് ശേഷം ഇവരുടെ സായുധ നീക്കം അത്ര സജീവമായിരുന്നില്ല. എട്ട് വര്‍ഷം മുമ്പ് റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ സിറിയന്‍ സൈന്യം വിമതരെ തുരത്തിയിരുന്നു. പിന്നീട് പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു പ്രദേശം. ഇത്തവണത്തെ വിമത മുന്നേറ്റത്തില്‍ തുര്‍ക്കിയുടെ പിന്തുണയുണ്ടെന്ന് റിപോര്‍ട്ടുണ്ട്. വിമത ആക്രമണം സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് റഷ്യ കണക്കാക്കുന്നതെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറയുന്നു. എന്നാല്‍ വിമത ആക്രമണത്തിനു പിന്നില്‍ അമേരിക്കയും ഇസ്റാഈലുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ച്ചി ആരോപിക്കുന്നു.

അലപ്പോ നഗരത്തിന്റെ പിടിച്ചെടുക്കലും സൈനിക പിന്‍മാറ്റവും തുര്‍ന്നുള്ള പ്രതികരണങ്ങളും പരിശോധിച്ചാല്‍ സിറിയയില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമാകും. ബശ്ശാര്‍ അല്‍ അസദിനെ അധികാരത്തില്‍ താങ്ങിനിര്‍ത്താന്‍ റഷ്യയും ഇറാനും ഒരു ഭാഗത്ത്. എങ്ങനെയും അസദിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ അമേരിക്കയും ഫ്രാന്‍സും ബ്രിട്ടനും മറുഭാഗത്ത്. പലതരം കാരണങ്ങളുണ്ടാക്കി ഈ രണ്ട് വിഭാഗവും ഏറ്റുമുട്ടും. ചിലപ്പോള്‍, അസദിന്റെ സൈന്യം രാസായുധം പ്രയോഗിച്ചുവെന്നതാകും അമേരിക്കന്‍ വ്യോമാക്രമണത്തിന്റെ കാരണം. മറ്റു ചിലപ്പോള്‍ വിമതര്‍ക്കിടയില്‍ ഇസില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയെന്നതാകും കാരണം. ബശ്ശാര്‍ അല്‍ അസദ് സ്വന്തം ജനതക്ക് മേല്‍ നടത്തുന്ന ആക്രമണം, റഷ്യന്‍ ആക്രമണം, അമേരിക്കയുടെ നേതൃത്വത്തില്‍ പാശ്ചാത്യ ശക്തികളുടെ സംയുക്ത ആക്രമണം, വിമത ഗ്രൂപ്പുകളുടെ ആയുധപ്രയോഗങ്ങള്‍ വേറെ. തുര്‍ക്കിയുടെ വകയും ആക്രമണം. എല്ലാ ദുരന്തങ്ങളും വന്നു പതിക്കുന്നത് സിറിയന്‍ ജനതക്ക് മേല്‍.

2011ലാണ് സിറിയയില്‍ പ്രക്ഷോഭം തുടങ്ങുന്നത്. തൊട്ടുമുമ്പത്തെ രണ്ട് വര്‍ഷം രാജ്യം കടന്ന് പോയ കടുത്ത വരള്‍ച്ച സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയിരുന്നു. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള വ്യാപക കുടിയേറ്റം നഗര പ്രദേശങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ നിത്യസംഭവമാക്കി മാറ്റി. ഈ പ്രശ്‌നങ്ങളോട് അസദ് ഭരണകൂടം ക്രൂരമായാണ് പ്രതികരിച്ചത്. നിരവധി പേരെ അറസ്റ്റ് ചെയ്തു. പീഡിപ്പിച്ചു. സ്വാഭാവികമായും ഇത് യുവാക്കളില്‍ വലിയ അമര്‍ഷമുണ്ടാക്കി. അവര്‍ തെരുവിലിറങ്ങി. ആ ഘട്ടത്തില്‍ അത് നിരായുധമായ പ്രക്ഷോഭം തന്നെയായിരുന്നു. മുല്ലപ്പൂ വിപ്ലവത്തിന്റെ കണക്കിലെഴുതിയ പ്രക്ഷോഭം. ബശ്ശാര്‍ അല്‍ അസദിന്റെ പിതാവ് ഹാഫിസ് അല്‍ അസദ് തന്റെ ഭരണകാലത്ത് ഹമയില്‍ ഉയര്‍ന്നുവന്ന ഇത്തരമൊരു പ്രക്ഷോഭത്തെ കൂട്ടക്കൊല നടത്തിയാണ് അടിച്ചമര്‍ത്തിയിരുന്നത്. സിറിയന്‍ ബ്രദര്‍ഹുഡായിരുന്നു അന്ന് പ്രക്ഷോഭത്തിന്റെ നേതൃനിരയില്‍. ജൂനിയര്‍ അസദും ഇതേ ക്രൗര്യം പുറത്തെടുക്കുമെന്ന് വ്യാപക പ്രചാരണമുണ്ടായി. അതോടെ അസദിന്റെ സൈന്യത്തില്‍ നിന്ന് പുറത്ത് കടന്ന ചിലര്‍ ചേര്‍ന്ന് ഫ്രീ സിറിയന്‍ ആര്‍മിയുണ്ടാക്കി. ഇതിനോട് ചേര്‍ന്ന് ഏതാനും സലഫീ ഗ്രൂപ്പുകളും രംഗത്ത് വന്നു. അതോടെ സായുധ ഏറ്റുമുട്ടലായി കലാശിച്ചു. അസദിന്റെ സൈന്യത്തിന് മുന്നില്‍ പലതട്ടില്‍ നില്‍ക്കുന്ന ഈ ചെറു സംഘങ്ങള്‍ ഒന്നുമായിരുന്നില്ല. ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാവുന്ന സൈനിക ദൗത്യം മാത്രം. ഇവിടെയാണ് നിര്‍ണായകമായ വഴിത്തിരിവിലേക്ക് കാര്യങ്ങള്‍ മാറിയത്. അസദ്‌വിരുദ്ധ ഗ്രൂപ്പുകള്‍ക്കെല്ലാം എവിടെ നിന്നൊക്കെയോ ആയുധം കിട്ടാന്‍ തുടങ്ങി. സൈന്യത്തെ വെല്ലുവിളിക്കാവുന്ന നിലയിലേക്ക് അവ വളര്‍ന്നു. അമേരിക്ക കൃത്യമായി അസദ്‌വിരുദ്ധ ചേരിയില്‍ നിലയുറപ്പിച്ചു.
അലവൈറ്റ് ശിയാ ആയ അസദിനെ സഹായിക്കാന്‍ ഇറാനും ലബനാനും ഇറങ്ങിയതോടെ സ്ഥിതി സങ്കീര്‍ണമായി. തങ്ങളുമായി അതിര്‍ത്തി പങ്കിടുകയും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുകയും ചെയ്യുന്ന സിറിയയില്‍ ഇറാന്‍ സ്വാധീനം ചെലുത്തുന്നത് കണ്ട ഇസ്‌റാഈലും ഇറങ്ങി കളത്തില്‍. ജൂതരാഷ്ട്രത്തിന്റെ സൈനിക ശക്തിയും അസദ്‌വിരുദ്ധരെയാണ് ശക്തിപ്പെടുത്തിയത്. 2014 ആകുമ്പോഴേക്കും ഇസില്‍ തീവ്രവാദികള്‍ കൂടി സിറിയയില്‍ പിടിമുറുക്കി. അമേരിക്കന്‍ ഇടപെടലിന് ഇത് ന്യായീകരണമായി. സംയുക്ത ഇസില്‍വിരുദ്ധ നീക്കം തുടങ്ങി. ഈ പഴുതിലൂടെ റഷ്യയും രംഗപ്രവേശം ചെയ്തു. അമേരിക്ക- റഷ്യ നിഴല്‍ യുദ്ധമായി സിറിയന്‍ ആഭ്യന്തര സംഘര്‍ഷം മാറുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് കാണുന്ന സംഘര്‍ഷവും. അതുകൊണ്ട് വന്‍ ശക്തികള്‍ ഈ നിഴല്‍ യുദ്ധം അവസാനിപ്പിക്കണം. സ്വന്തം ജനതയെ കൊന്നൊടുക്കുന്നതിന് പകരം വിശ്വാസത്തിലെടുക്കാന്‍ അസദ് തയ്യാറാകണം. സിറിയയിലെ മനുഷ്യരെ നിതാന്തമായ അഭയാര്‍ഥിത്വത്തിലേക്ക് തള്ളിവിടുന്ന ആയുധക്കച്ചവടക്കാരെ ഒറ്റപ്പെടുത്തണം.

Latest