National
അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിച്ചു
പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ അധീർ രഞ്ജൻ ചൗധരി ക്ഷമാപണം നടത്തിയതിനെ തുടർന്നാണ് നടപടി
ന്യൂഡൽഹി |ലോക്സഭയിലെ കോൺഗ്രസ് പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിക്ക് ലോക്‌സഭയുടെ പ്രിവിലേജ് കമ്മിറ്റി ഏർപ്പെടുത്തിയ സസ്‌പെൻഷൻ നീക്കി. പ്രിവിലേജസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായ അധീർ രഞ്ജൻ ചൗധരി ക്ഷമാപണം നടത്തുകയും ആരുടെയും വികാരം വ്രണപ്പെടുത്താൻ ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് സസ്പെൻഷൻ പിൻവലിച്ചത്.
Congress MP Adhir Ranjan Chowdhury’s suspension from Lok Sabha revoked pic.twitter.com/708MD7YXZV
— ANI (@ANI) August 30, 2023
അധീർ രഞ്ജൻ ചൗധരിയുടെ സസ്‌പെൻഷൻ പിൻവലിക്കാൻ ഐകകണ്‌ഠേന പ്രമേയം പാസാക്കിയതായി പ്രിവിലേജ് കമ്മിറ്റി അംഗം അറിയിച്ചു. ഇത് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് അയച്ചു.
സമിതിയുടെ റിപ്പോർട്ടിന് പിന്നാലെ അധിർ രഞ്ജൻ ചൗധരിയുടെ അംഗത്വം പുനഃസ്ഥാപിക്കുന്ന കാര്യം അറിയിച്ച് ലോക്‌സഭാ ഡെപ്യൂട്ടി സെക്രട്ടറി ഉത്തം ചന്ദ്ര റോയ് കത്ത് നൽകി.
പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസമായ ഓഗസ്റ്റ് 11 നാണ് അദ്ദേഹത്തെ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.