Connect with us

Business

അഡിപെക് 2024-ന് അബൂദബിയില്‍ തുടക്കം; ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെയും ആര്‍ പി എമ്മിന്റെയും സംയുക്ത ബൂത്ത് ഉദ്ഘാടനം ചെയ്തു

യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

അബൂദബി | ലോകത്തെ ഏറ്റവും വലിയ ഊര്‍ജ എക്‌സിബിഷനായ അഡിപെകില്‍ (ADIPEC 2024) ഊര്‍ജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും വര്‍ധിപ്പിക്കുന്നതിനുള്ള നൂതനാശയങ്ങള്‍ പങ്കുവെച്ച് ബുര്‍ജീല്‍ ഹോള്‍ഡിങ്സും ആര്‍ പി എമ്മും. അബൂദബിയില്‍ ആരംഭിച്ച മേളയില്‍ മെനയിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആരോഗ്യസേവന ദാതാവായ ബുര്‍ജീലിന്റെയും ഓണ്‍സൈറ്റ് ആരോഗ്യസേവന ദാതാവായ ആര്‍ പി എമ്മിന്റെയും സംയുക്ത ബൂത്ത് യു എ ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഉദ്ഘാടനം ചെയ്തു.

ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ലോകമെമ്പാടുമുള്ള 2200ല്‍ അധികം കമ്പനികള്‍ പങ്കെടുക്കുന്ന നാല് ദിവസത്തെ മേളയില്‍ എണ്ണ, വാതക മേഖലകളിലെ പ്രധാന കണ്ടുപിടിത്തങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും ആര്‍ പി എമ്മും യഥാക്രമം ‘മാനുഷിക ഊര്‍ജത്തിന്റെ ശക്തിപ്പെടുത്തല്‍’, ‘മാനുഷിക ഊര്‍ജത്തിന്റെ സുസ്ഥിരത’ എന്നീ രണ്ട് വിഷയങ്ങളിലൂന്നിയുള്ള പരിഹാരങ്ങളാണ് മേളയില്‍ അവതരിപ്പിക്കുന്നത്.

പലപ്പോഴും ഊര്‍ജ വ്യവസായ മേഖലയിലെ തൊഴിലാളികള്‍, പ്രത്യേകിച്ച് വിദൂര സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മാനസികവും ശാരീരികവുമായ നിരവധി സമ്മര്‍ദങ്ങള്‍ നേരിടാറുണ്ട്. ഇതിനെ ആരോഗ്യപരമായി നേരിടാനുള്ള പരിഹാരങ്ങള്‍ അവതരിപ്പിക്കുകയാണ് മേളയിലൂടെ ബുര്‍ജീലും ആര്‍ പി എമ്മും. തൊഴിലാളികള്‍ക്ക് അനുയോജ്യമായ പിന്തുണ, അവരുടെ ആരോഗ്യം, സുരക്ഷ, ഉത്പാദനക്ഷമത, മൊത്തത്തിലുള്ള ക്ഷേമം, മാനസിക ദൃഢത, ശാരീരിക ക്ഷേമം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നൂതന സംരംഭങ്ങളാണ് മേളയിലുള്ളത്.

ആദ്യ ദിവസം തന്നെ ഊര്‍ജ മേഖലയിലെ ആരോഗ്യ സംരക്ഷണ പരിഹാരങ്ങളുടെ ഭാവിയില്‍ താത്പര്യമുള്ള നിരവധി ഉന്നത വ്യക്തികളെയും വ്യവസായ പ്രമുഖരെയും ബൂത്ത് സ്വാഗതം ചെയ്തു. വരും ദിവസങ്ങളിലും വിദഗ്ധ ചര്‍ച്ചകള്‍ക്കും സന്ദര്‍ശനങ്ങള്‍ക്കും ബുര്‍ജീല്‍ ബൂത്ത് വേദിയാകും.