adipec
അഡിപേക് നവംബര്‍ 15 മുതല്‍ 18 വരെ അഡ്നികില്‍; പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ് പുരി പങ്കെടുക്കും
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ- വാതക- ഊര്‍ജ്ജ കമ്പനി പ്രതിനിധികളും പ്രൊഫഷണലുകളും പങ്കെടുക്കുന്നതിന് പുറമെ പ്രമുഖ മന്ത്രിമാര്‍, സി ഇ ഒമാര്‍ എന്നിവരും എത്തിച്ചേരും
അബൂദബി | അബൂദബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) ആതിഥേയത്വം വഹിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓയില്‍- ഗ്യാസ്- ഊര്‍ജ സമ്മേളനം അഡിപേക് നവംബര്‍ 15 മുതല്‍ 18 വരെ അബൂദബി ദേശീയ പ്രദര്‍ശന നഗരി അഡ്നികില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ- വാതക- ഊര്‍ജ്ജ കമ്പനി പ്രതിനിധികളും പ്രൊഫഷണലുകളും പങ്കെടുക്കുന്നതിന് പുറമെ പ്രമുഖ മന്ത്രിമാര്‍, സി ഇ ഒമാര്‍ എന്നിവരും എത്തിച്ചേരും. നാല് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 127 സെഷനുകളില്‍ തന്ത്രപ്രധാനമായതും സാങ്കേതികവുമായ ഉള്‍ക്കാഴ്ചകള്‍- വ്യാപാര രംഗത്തെ നിര്‍ണായക വിജ്ഞാന-വിനിമയം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
26 അന്താരാഷ്ട്ര രാജ്യങ്ങളിലെ പവലിയനുകളില്‍ 2,000-ലധികം കമ്പനികളില്‍ നിന്നും വാങ്ങുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും കണ്ടുമുട്ടാനും പഠിക്കാനും പരസ്പരം ബന്ധം സ്ഥാപിക്കാനും ബിസിനസ്സ് ചെയ്യാനും പുതിയ ഉല്‍പ്പന്നങ്ങള്‍, പരിഹാരങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവ കണ്ടെത്താനും പ്രദര്‍ശനം അവസരമൊരുക്കും.
ഇന്ത്യയില്‍ നിന്നും പെട്രോളിയം പ്രകൃതി വാതക- ഭവന- നഗരകാര്യ മന്ത്രി ഹര്‍ദീപ് എസ് പുരി, സൗദി അറേബ്യ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ബഹ്‌റൈന്‍ എണ്ണ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, കുവൈറ്റ് എണ്ണ- ഉന്നത വിദ്യാഭ്യാസ മന്ത്രിയും കുവൈറ്റ് പെട്രോളിയം കോര്‍പ്പറേഷന്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ മുഹമ്മദ് അബ്ദുല്ലത്തീഫ് അല്‍ഫാരെസ്, ഒമാന്‍ ഊര്‍ജ- ധാതു വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അല്‍ റംഹി, ഈജിപ്ത് പെട്രോളിയം, മിനറല്‍ റിസോഴ്‌സസ് മന്ത്രി തരെക് എല്‍ മൊല്ല, ജോര്‍ദാന്‍ ഊര്‍ജ, ധാതു വിഭവ മന്ത്രി ഡോ. സാലിഹ് എ. അല്‍-ഖരാബ്‌ഷെ, ഇറാഖ് എണ്ണ മന്ത്രി ഇഹ്സാന്‍ അബ്ദുള്‍ ജബ്ബാര്‍ ഇസ്മായില്‍, അള്‍ജീരിയ ഊര്‍ജ, ഖനി മന്ത്രി മുഹമ്മദ് അര്‍ക്കബ്, ബ്രസീല്‍ ഖനി, ഊര്‍ജ മന്ത്രി ബെന്റോ കോസ്റ്റ ലിമ ഡി ആല്‍ബുകെര്‍ക് തുടങ്ങിയ മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.