Connect with us

Aditya L-1

ആദിത്യ എൽ ഒന്ന് ഭൂമിയുടെ ഭ്രമണപഥം വിട്ടു; ഇനി 110 ദിവസത്തെ കാത്തിരിപ്പ്

ജനുവരി ആദ്യ വാരത്തോടെയായിരിക്കും പേടകം ഇവിടെയെത്തുക.

Published

|

Last Updated

ബെംഗളൂരു | ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ ഒന്ന് ഭൂമിയുടെ ഭ്രമണപഥത്തോട് യാത്ര പറഞ്ഞു. ഭൂമിക്കും സൂര്യനുമിടയിലെ ലഗ്രാഞ്ച് ഒന്ന് പോയിന്റിലേക്കുള്ള യാത്ര ആരംഭിച്ചു. ത്രസ്റ്റർ എൻജിൻ ജ്വലിപ്പിച്ച് പേടകത്തെ ട്രാൻസ് ലഗ്രാഞ്ചിയൻ പോയിന്റ് ഒന്ന് പാതയിലേക്ക് മാറ്റിയ പ്രക്രിയ ഇന്ന് പുലർച്ചെ രണ്ട് മുതലാണ് ആരംഭിച്ചത്. 15 മിനുട്ടിനകും പ്രക്രിയ പൂർത്തിയായി. ഇത് അഞ്ചാം തവണയാണ് ഐ എസ് ആർ ഒ ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് അയക്കുന്നത്.

പേടകം ലഗ്രാഞ്ച് പോയിന്റിലെത്താൻ 110 ദിവസമെടുക്കുമെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ഭൂമിയിൽ നിന്നും 15 ലക്ഷം കി മീ അകലെയാണ് ഒന്നാം ലഗ്രാ‌ഞ്ച് പോയിന്റ്. ജനുവരി ആദ്യ വാരത്തോടെയായിരിക്കും പേടകം ഇവിടെയെത്തുക. ഇവിടെ നിലയുറപ്പിച്ച് ആദിത്യ നിർണായക പഠനങ്ങൾ നടത്തും. വിവിധ ഗോളങ്ങളുടെയും നക്ഷത്രങ്ങളുടെയും ഗുരുത്വാകർഷണം സന്തുലിതമായ ഈ പോയിന്റിൽ പേടകം എത്തിക്കാനായാൽ സൂര്യന്റെ പുറംപാളിയിലെ വിവരങ്ങൾ സുരക്ഷിതമായി ശേഖരിക്കാൻ സാധിക്കും. ഗ്രഹണം മൂലമുള്ള തടസ്സങ്ങളും ഈ പോയിന്റിൽ കുറവായിരിക്കും.

സൂര്യന്റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുകയാണ് പ്രധാന ദൗത്യം. സൗര വികിരണങ്ങൾ കാരണം ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സൂര്യന്റെ ഉപരിതലം, കൊറോണ ഗ്രാഫ് എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യവലയങ്ങൾ, 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ബഹിരാകാശം എന്നിവയും പഠനവിധേയമാകും. ഏഴ് പേലോഡുകളിൽ നാലെണ്ണം സൂര്യനെ നേരിട്ട് നിരീക്ഷിക്കുമ്പോൾ മൂന്നെണ്ണം ലഗ്രാഞ്ച് പോയിന്റിലെ സാഹചര്യങ്ങളാകും പഠിക്കുക. ഈ മാസം രണ്ടിനാണ് പി എസ് എൽ വി- സി 57 റോക്കറ്റിലേറി ആദിത്യ കുതിച്ചത്.

Latest