adithya l1
ആദിത്യ എല്‍ 1 ആദ്യ ഭ്രമണ പഥത്തില്‍ വിജയകരമായി വിക്ഷേപിച്ചു
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നു പഠനം
ന്യൂഡല്‍ഹി| ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എല്‍ 1 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി-സി57ന്റെ എക്‌സ്എൽ റോക്കറ്റിലേറിയാണ് ആദിത്യ എൽ വൺ കുതിച്ചത്. 63 മിനിറ്റ് 19 സെക്കൻഡിനുശേഷം 235 x 19500 കിലോമീറ്റർ ഭ്രമണപഥത്തിൽ ആദിത്യയെ റോക്കറ്റ് വിട്ടു. ഏകദേശം 4 മാസങ്ങൾക്ക് ശേഷം അത് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാഞ്ച് പോയിന്റ്-1 ൽ എത്തും. ചന്ദ്രനെ തൊട്ട് പത്ത് നാള്‍ തികയും മുമ്പാണ് മറ്റൊരു സുപ്രധാന ദൗത്യത്തിന് ഐഎസ്ആർഒ തുടക്കമിട്ടത്.
പേടകം 16 ദിവസം ഭൂമിയുടെ ഭ്രമണപഥത്തിൽ തുടരും. തുടർന്ന് ത്രസ്റ്റർ 5 പ്രാവശ്യം ജ്വലിപ്പിച്ച് ഭ്രമണപഥം വർദ്ധിപ്പിക്കും. വീണ്ടും ആദിത്യയുടെ ത്രസ്റ്ററുകൾ ജ്വലിപ്പിക്കുകയും അത് L1 പോയിന്റിലേക്ക് നീങ്ങുകയും ചെയ്യും. 110 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ആദിത്യ എൽ വണിൽ എത്തിച്ചേരുക. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയക്കുന്നത്. എല്‍ വണ്ണിന് ചുറ്റമുള്ള ഹാലോ ഓര്‍ബിറ്റില്‍ പേടകത്തെ സ്ഥാപിക്കുകയാണ് ലക്ഷ്യം.
സൂര്യന്റെ കൊറോണയെ പറ്റിയും കാന്തികമണ്ഡലത്തെ പറ്റിയും സൂര്യസ്ഫോടനങ്ങളെ പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ആദിത്യയിലൂടെ മനസിലാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷ. സൂര്യനെ പഠിക്കാനുള്ള ആദിത്യ എല്‍ 1 ഐ എസ് ആര്‍ ഒയുടെ മറ്റ് ദൗത്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. പങ്കാളികളായ ശാസ്ത്ര സ്ഥാപനങ്ങള്‍ മുതല്‍ പോകുന്നയിടം വരെ ഈ ദൗത്യത്തെ വേറിട്ട് നിര്‍ത്തുന്നു.
സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യന്‍ ദൗത്യം സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് പോകുന്നില്ല. നമ്മുടെ സൗരയൂധത്തിന്റെ ഊര്‍ജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാന്‍ പറ്റുന്നൊരിടമാണ് ലക്ഷ്യം. അതാണ് ലെഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എല്‍ 1.
ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയാണ് എല്‍ 1. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിന്റെ പിടിവലി ഇവിടെ ഏകദേശം തുല്യമാണ്. ഭൂമിയുടെയും സൂര്യന്റെയും ഇടയില്‍ നിന്ന് മറ്റൊരു തടസവും കൂടാതെ ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കാം. ഭൂമിയുമായുള്ള ആശയവിനിമയവും തടസമില്ലാതെ നടക്കും. ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയുടെ സഞ്ചാരത്തിനൊപ്പം ലഗ്രാഞ്ച് പോയിന്റും മാറുന്നതിനാല്‍ ഭൂമി സൂര്യനെ ചുറ്റുന്ന 365 ദിവസം കൊണ്ട് ആദിത്യ എല്‍ വണ്ണും സൂര്യനെ ചുറ്റും.
ഏഴ് പേലോഡുകളാണ് ആദിത്യ എല്‍ വണ്ണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. അതില്‍ നാലെണ്ണം റിമോട്ട് സെന്‍സിങ്ങ് ഉപകരണങ്ങളാണ്. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സാണ് ഈ ഉപകരണം നിര്‍മിച്ചത്. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് (സ്യൂട്ട്)ണ് രണ്ടാമത്തെ ഉപഗ്രഹം. പൂനെയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോ ഫിസിക്സാണ് സ്യൂട്ടിന്റെ പിന്നില്‍.
സൂര്യനില്‍ നിന്നുള്ള എക്സ് റേ തരംഗങ്ങളെ പഠിക്കാനുള്ള സോളാര്‍ ലോഎനര്‍ജി എക്സ് റേ സ്പെക്ട്രോ മീറ്റര്‍, ഹൈ എനര്‍ജി എല്‍ വണ്‍ ഓര്‍ബിറ്റിങ്ങ് എക്സ് റേ സ്പെക്ട്രോമീറ്റര്‍ എന്നിവയാണ് മറ്റ് രണ്ട് പേ ലോഡുകള്‍.
ചാന്ദ്രയാന്‍ മൂന്നിന്റെ ദൗത്യ വിജയത്തിനു ശേഷം ഇന്ത്യ കുതിപ്പു തുടരുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതികരിച്ചു.