Connect with us

Uttar Prades

ആദിത്യനാഥിന് അടിപതറുന്നുണ്ട്

ബുള്‍ഡോസര്‍ ബാബയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പിഴുതുമാറ്റാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ തുടങ്ങിക്കഴിഞ്ഞു. ഇതിന് നേതൃത്വം നല്‍കുന്നത് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയും മൗര്യക്കൊപ്പമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സിഗ്‌നല്‍ അനുസരിച്ചാണ് മൗര്യ പ്രവര്‍ത്തിക്കുന്നതെന്ന് പറയപ്പെടുന്നു.

Published

|

Last Updated

ക്രമ കേസുകളില്‍ പ്രതി ചേര്‍ക്കപ്പെടുന്നവരെ കുറ്റവാളികളെന്നു സ്വയം വിധിയെഴുതി അവരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസറുകളുപയോഗിച്ച് തകര്‍ക്കുന്നതിന് രാജ്യത്ത് തുടക്കം കുറിച്ച ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അനുയായികള്‍ വീര പരിവേഷത്തോടെ വിളിക്കുന്ന പേര് “ബുള്‍ഡോസര്‍ ബാബ’ എന്നാണ്. എന്നാല്‍ ബുള്‍ഡോസര്‍ ബാബയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പിഴുതു മാറ്റാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ തുടങ്ങിക്കഴിഞ്ഞു. ഇതിന് നേതൃത്വം നല്‍കുന്നത് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാണ്. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയും മൗര്യക്കൊപ്പമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സിഗ്‌നല്‍ അനുസരിച്ചാണ് മൗര്യ പ്രവര്‍ത്തിക്കുന്നതെന്ന് പറയപ്പെടുന്നു.

പ്രശ്‌നം രൂക്ഷമാകുന്നതിനിടയില്‍ യോഗി സര്‍ക്കാറിലെ സഹമന്ത്രി പദവിയിലുള്ള സോനം ചിസ്തി കിന്നര്‍ മൗര്യയെ പിന്തുണച്ചുകൊണ്ട് രാജിവെച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഭരണത്തിന്റെയും അഴിമതിയുടെയും പിടിയിലാണെന്ന് മുഖ്യമന്ത്രിക്കയച്ച രാജിക്കത്തില്‍ അവര്‍ ആരോപിച്ചു. ഇതോടൊപ്പം ലഖ്‌നോവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ചേരാന്‍ നിശ്ചയിച്ച ആര്‍ എസ് എസ്, ബി ജെ പി സംസ്ഥാന നേതാക്കളുടെ യോഗം മാറ്റിവെച്ചു. യോഗി ആദിത്യനാഥിനെതിരെ ഒരു വിഭാഗം സംഘടിച്ചതാണ് യോഗം മാറ്റാനിടയായതെങ്കിലും ബുദ്ധപൂര്‍ണിമയാണ് യോഗം മാറ്റാന്‍ കാരണമെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.

സംസ്ഥാന ബി ജെ പിയിലെ പ്രശ്‌നം മാധ്യമ ശ്രദ്ധനേടിയതോടെ ആവനാഴിയിലെ അവസാനത്തെ ആയുധമായ വര്‍ഗീയത പുറത്തെടുത്ത് വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമത്തിലാണ് യോഗി. ഇന്ന് ആരംഭിക്കുന്ന കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് സൂചിപ്പിക്കുന്നത് അതാണ്. ശ്രാവണ മാസത്തില്‍ ശിവഭക്തര്‍ ഹരിദ്വാറിലും ഋഷികേശിലും കാവടി വഹിച്ചുകൊണ്ട് നടത്തുന്ന തീര്‍ഥാടനമാണ് കന്‍വാര്‍ യാത്ര. തീര്‍ഥാടകര്‍ ഗംഗാജലം സംഭരിച്ചു കൊണ്ടാണ് മടങ്ങാറുള്ളത്. മുസഫര്‍ നഗറില്‍ ഈ യാത്ര കടന്നുപോകുന്ന 240 കിലോമീറ്റര്‍ ദൂരത്തുള്ള ഭക്ഷണ, പാനീയ, പഴ കടകളില്‍ കടയുടമകളുടെയും ജീവനക്കാരുടെയും പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കണമെന്നും ഹലാല്‍ ഭക്ഷണം വിതരണം ചെയ്യരുതെന്നുമാണ് യോഗി സര്‍ക്കാറിന്റെ ഉത്തരവ്. ഇതിനെതിരെ എന്‍ ഡി എ ഘടക കക്ഷികളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിട്ടും യോഗി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നത് ഉപമുഖ്യമന്ത്രി ഉയര്‍ത്തിയ ഭീഷണി മറച്ചു പിടിക്കാന്‍ കൂടിയാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരിക്കാന്‍ കാരണം ഉത്തര്‍ പ്രദേശിലെ പരാജയമായിരുന്നു. 400ലേറെ സീറ്റ് എന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നരേന്ദ്ര മോദിക്കും പാര്‍ട്ടിക്കും നാണക്കേട് ഉണ്ടാക്കിയ യു പിയിലെ പരാജയം പാര്‍ട്ടിയില്‍ ധ്രുവീകരണ ചിന്ത പടര്‍ത്തുകയാണ്. പരാജയത്തിനു കാരണം പാര്‍ട്ടിയുടെ അമിത ആത്മവിശ്വാസമാണെന്നാണ് യോഗി ആദിത്യനാഥ് ബി ജെ പി നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. അതേസമയം മറുപക്ഷം പരാജയത്തിന്റെ കുറ്റം മുഖ്യമന്ത്രിയില്‍ ചാര്‍ത്തുകയാണ്. കഴിഞ്ഞ ദിവസം ലഖ്‌നോവില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പരാജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണെന്ന് തുറന്നു പറയുകയുണ്ടായി.

മുഖ്യമന്ത്രി പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും വിശ്വാസത്തിലെടുക്കുന്നതിലുപരി ഉദ്യോഗസ്ഥരെ വിശ്വസിച്ചതാണ് പരാജയ കാരണമെന്ന് ആരോപിക്കുകയും സര്‍ക്കാറും നേതാക്കളും പാര്‍ട്ടിക്കു മുകളിലല്ലെന്ന് മുഖ്യമന്ത്രിയുടെ പേര് പറയാതെ കുറ്റപ്പെടുത്തുകയും ചെയ്തു. യോഗത്തില്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ നഡ്ഡയും സംബന്ധിച്ചിരുന്നു. നേതൃയോഗത്തിനു ശേഷം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. സര്‍ക്കാറും നേതാക്കളും പാര്‍ട്ടിക്ക് മുകളിലല്ലെന്ന് മൗര്യ എക്‌സില്‍ കുറിച്ചു. ഉത്തര്‍ പ്രദേശില്‍ ബി ജെ പിക്ക് ലോക്സഭാ സീറ്റ് നഷ്ടമായതിന്റെ പ്രധാന കാരണം പാര്‍ട്ടി കേഡര്‍മാര്‍ക്കിടയിലെ രോഷവും യാദവ ഇതര പിന്നാക്ക ജാതിക്കാരുടെ കൊഴിഞ്ഞുപോക്കുമാണെന്ന് മൗര്യ പക്ഷം ഡല്‍ഹി നേതൃത്വത്തെ ധരിപ്പിച്ചതായി അറിയുന്നു. ഈ വിഴുപ്പലക്കലിനിടയില്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി നേതൃത്വത്തെ രാജിസന്നദ്ധത അറിയിച്ചിരിക്കുകയാണ്.

കേന്ദ്ര നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ ഉപമുഖ്യമന്ത്രിയും കൂട്ടരും യോഗിക്കെതിരെ കരുക്കള്‍ നീക്കുന്നതിനു പിന്നില്‍ മറ്റൊരു രഹസ്യവും ഒളിഞ്ഞിരിപ്പുണ്ട്. നരേന്ദ്ര മോദിയുടെ പിന്‍ഗാമിയായി ആഭ്യന്തര മന്ത്രി അമിത് ഷാ ഉയര്‍ന്നുവരുന്നതിന് യോഗി ആദിത്യനാഥ് തടസ്സമാണെന്നത് രഹസ്യമല്ല. യു പിയിലെ ഒന്നാമന്‍ ഡല്‍ഹിയിലും ഒന്നാമനാകാന്‍ ശ്രമിക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ബി ജെ പിയില്‍ നടക്കുന്ന പിന്തുടര്‍ച്ചാ യുദ്ധത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നത് വെറുതെയല്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ബി ജെ പിക്കകത്തു നടന്നിരുന്ന ഈ ആഭ്യന്തര യുദ്ധം പുറംലോകം അറിഞ്ഞത് പാര്‍ട്ടിയുടെ ഒ ബി സി മുഖമായ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ എക്‌സിലെ കുറിപ്പിലൂടെയാണ്. ഒരു കൂട്ടം ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് സംസ്ഥാനം ഭരിക്കുന്ന ആദിത്യനാഥിന്റെ ശൈലി പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തകരെ അകറ്റിനിര്‍ത്തുകയാണെന്ന ആരോപണങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതായിരുന്നു മൗര്യയുടെ കുറിപ്പ്. ഹിന്ദുത്വയുടെ ഐക്കണായി ചിലര്‍ വിശേഷിപ്പിക്കുന്ന ആദിത്യനാഥിനെതിരെ ബി ജെ പിക്ക് അകത്ത് നിന്നും പുറത്ത് നിന്നുമുള്ള ഒരു വിഭാഗം ഒ ബി സി നേതാക്കള്‍ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. അവര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് സഹായം ലഭിക്കുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് മൗര്യയും കൂട്ടരും പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. മൗര്യ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ദേശീയ അധ്യക്ഷനെയും ഒന്നിലേറെ തവണ സന്ദര്‍ശിക്കുകയുണ്ടായി.

ബി ജെ പിയുടെ സഖ്യകക്ഷികളായ നിഷാദ് പാര്‍ട്ടിയും അപ്‌നാ ദളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ യുടെ പരാജയത്തിന് യോഗി സര്‍ക്കാറിനെ കുറ്റപ്പെടുത്തുകയാണ്. നിഷാദ് പാര്‍ട്ടി അധ്യക്ഷന്‍ സഞ്ജയ് നിഷാദ് ബുള്‍ഡോസറിന്റെ ദുരുപയോഗം എന്‍ ഡി എക്ക് തിരിച്ചടിയായെന്ന് തുറന്നടിക്കുകയുണ്ടായി. “നമ്മള്‍ പാവപ്പെട്ടവരെ പിഴുതെറിയുകയാണെങ്കില്‍, അവര്‍ ഞങ്ങളെ രാഷ്ട്രീയത്തില്‍ നിന്ന് പിഴുതെറിയും’- രണ്ടാം മോദി സര്‍ക്കാറില്‍ സഹമന്ത്രി കൂടിയായിരുന്ന നിഷാദ് പറഞ്ഞു. പാവപ്പെട്ട സ്ത്രീയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവം നിഷാദ് ഉദ്ധരിക്കുകയുണ്ടായി. അപ്നാ ദള്‍ (സോണിലാല്‍) നേതാവും മോദി സര്‍ക്കാറിലെ സഹമന്ത്രിയുമായ അനുപ്രിയ പട്ടേല്‍ യു പി സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളുടെ സംവരണം നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്നതായി മുഖ്യമന്ത്രിക്കയച്ച കത്തില്‍ വിമര്‍ശിച്ചിരുന്നു. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍, പിന്നാക്കക്കാര്‍ എന്നിവര്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ യു പി സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി അനുപ്രിയ യോഗിക്ക് അയച്ച കത്തില്‍ കുറ്റപ്പെടുത്തി. ആ കത്ത് ഇപ്പോള്‍ പുറത്തുവന്നത് യാദൃച്ഛികമല്ല. മൗര്യയും നിഷാദും അനുപ്രിയ പട്ടേലും ഒ ബി സി വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്. യോഗി ആദിത്യനാഥ് “മുന്നാക്ക ജാതി’യില്‍ പെട്ടയാളാണ്.

2019ല്‍ സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സഖ്യകക്ഷികളായി മത്സരിച്ചിട്ടും ബി ജെ പി 60 സീറ്റിലും സഖ്യകക്ഷികളായ ആര്‍ എല്‍ ഡിയും അപ്‌നാ ദളും രണ്ട് വീതം സീറ്റുകളും നിഷാദ് പാര്‍ട്ടി ഒരു സീറ്റും നേടിയിരുന്നു. ഇത്തവണ ബി ജെ പിയുടെ സീറ്റ് ഏതാണ്ട് പകുതിയായി കുറഞ്ഞു. ബി ജെ പിയുടെ 33 ഉള്‍പ്പെടെ എന്‍ ഡി എ സഖ്യം 36 സീറ്റിലാണ് ജയിച്ചത്. എസ് പി-കോണ്‍ഗ്രസ്സ് സഖ്യം യഥാക്രമം 37ഉം ആറും സീറ്റുകളില്‍ ജയിച്ചു. ഈ മാസം 29ന് നിയമസഭ ചേരുകയാണ്. അതിനു മുമ്പേ തര്‍ക്കം പൂര്‍ണമായി പരിഹരിക്കാന്‍ സാധ്യതയില്ല. കൂടാതെ വരുന്ന മാസങ്ങളില്‍ സംസ്ഥാനത്ത് പത്ത് നിയമസഭകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കര്‍ഹാല്‍, മില്‍ക്കിപുര്‍, സിസാമാവു, കുന്ദര്‍ക്കി, ഗാസിയാബാദ്, ഫുല്‍പൂര്‍, മജ്്വാന്‍, കതേഹാരി, ഖൈര്‍, മീരാപൂര്‍ എന്നീ സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ഈ സീറ്റുകളിലെ എം എല്‍ എമാര്‍ രാജിവെച്ചിരുന്നു.

യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് മൗര്യയുടെ ആവശ്യം. 2017ല്‍ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കേശവ് പ്രസാദ് മൗര്യ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ട പേരുകളില്‍ ഒന്ന് മൗര്യയുടേതായിരുന്നു. എന്നാല്‍ ഗോരഖ്പുർ മഠത്തിലെ മഹന്തും മുന്‍ എം പിയുമായിരുന്ന യോഗി ആദിത്യനാഥിന് മോഹമുണ്ടെന്നറിഞ്ഞ മോദിയും അമിത് ഷായും യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയായിരുന്നു.

മോദിക്കും അമിത് ഷാക്കും നിലവില്‍ യോഗിയോട് താത്പര്യക്കുറവ് ഉണ്ടെങ്കിലും യോഗിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ അവര്‍ക്കാകില്ല. ലോക്‌സഭയിലും നിയമസഭയിലും മാറി മാറി മത്സരിച്ച യോഗി ഒരു തിരഞ്ഞെടുപ്പിലും തോല്‍വി അറിഞ്ഞിട്ടില്ല. 1998ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗോരഖ്പുര്‍ മണ്ഡലത്തില്‍ നിന്നാണ് യോഗി ആദ്യമായി ജനവിധി തേടിയത്. അന്ന് യോഗിയുടെ പ്രായം 26 ആണ്. നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച മൗര്യ വിജയിച്ചത് ഒരു തവണ മാത്രമാണ്. മൗര്യ ബി ജെ പിയിലെത്തുന്നത് വി എച്ച് പിയില്‍ നിന്നാണ്. യോഗിയുടെ ശക്തി ആര്‍ എസ് എസ് ആണ്. അതുകൊണ്ട് തന്നെ മൗര്യയുടെ വെല്ലുവിളി ഏറ്റെടുക്കുക പാര്‍ട്ടിക്ക് എളുപ്പമല്ല.

403 അംഗ ഉത്തര്‍ പ്രദേശ് നിയമസഭയില്‍ എന്‍ ഡി എക്ക് 283ഉം ഇന്ത്യ മുന്നണിക്ക് 111ഉം സീറ്റുകളാണുള്ളത്. സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം മണ്‍സൂണ്‍ ഓഫര്‍ എന്ന തലക്കെട്ടില്‍ എക്‌സില്‍ ഒരു പോസ്റ്റ് ചെയ്തിരുന്നു. 100 പേരുമായി വന്നാല്‍ മൗര്യയെ മുഖ്യമന്ത്രിയാക്കാം എന്ന് സൂചിപ്പിക്കുന്നതായിരുന്നു പ്രസ്തുത പോസ്റ്റ്. ഒരു വര്‍ഷം മുമ്പ് ബിഹാറില്‍ നിതീഷ് കുമാര്‍ എന്‍ ഡി എ വിട്ടപ്പോഴും അഖിലേഷ് ഇതുപോലൊരു പോസ്റ്റിട്ടിരുന്നു. തമാശയായി തോന്നാമെങ്കിലും യോഗി ആദിത്യനാഥിന്റെ നിലപാടില്‍ ശ്വാസംമുട്ടി കഴിയുന്നവര്‍ക്കുള്ള പ്രതീക്ഷയാണ് “ഇന്ത്യ’ മുന്നണി നേതാവ് കൂടിയായ അഖിലേഷിന്റെ പോസ്റ്റ്.

 

 

Latest