folklore academy
ആദിവാസികളെ കാഴ്ചവസ്തുവാക്കിയിട്ടില്ല; ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്നു ഫോക്‌ലോര്‍ അക്കാദമി
കേരളീയത്തില്‍ പ്രദര്‍ശിപ്പിച്ചത് ആദിവാസി കലാരൂപങ്ങളാണ്

തിരുവനന്തപുരം | കേരളീയം പരിപാടിയില്‍ ആദിവാസികളെ കാഴ്ചവസ്തുവാക്കിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്നു ഫോക്‌ലോര്‍ അക്കാദമി.
കേരളീയത്തില്‍ ആദിവാസികളെ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും അതുകൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ടതില്ലെന്നുമാണ് അക്കാദമി നിലപാട്. കേരളീയത്തിന് നന്ദി പ്രകടിപ്പിച്ചു ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഒരു ഖേദപ്രകടനത്തിന്റെയും ആവശ്യമില്ലെന്നു വ്യക്തമാക്കിയത്.
കേരളീയത്തില്‍ പ്രദര്‍ശിപ്പിച്ചത് ആദിവാസി കലാരൂപങ്ങളാണ്. അതോരോന്നും കേരളത്തിന്റെ പൈതൃക സമ്പന്നതയുടെ പ്രതീകമാണ്. അതിനാല്‍ ആദിമത്തിന്റെ ആശയ രൂപികരണത്തിലോ ആവിഷ്‌കാരത്തിലോ അക്കാദമിക്ക് തെറ്റുപറ്റിയിട്ടില്ല.
കനകക്കുന്നിലാണ് അഞ്ച് ആദിവാസി വിഭാഗങ്ങളുടെ ജീവിതം പരിചയപ്പെടുത്തുന്ന ആദിമം ലിവിങ് മ്യൂസിയം ഒരുക്കിയത്. ഇത് ആദിവാസികളെ അപമാനിക്കലാണെന്ന വാദം ആസൂത്രിതമായി പ്രചരിപ്പിക്കപ്പെട്ടു.
തങ്ങളെ കെട്ടുകാഴ്ചയാക്കിയിട്ടില്ലെന്നും കലാപ്രകടനത്തിന് എത്തിയതാണെന്നും പരിപാടിയുടെ ഭാഗമായ ആദിവാസികള്‍ പ്രതികരിച്ചു.