Articles
അടിമകളല്ല ആദിവാസികള്‍
സ്വന്തം യുക്തിക്ക് നിരക്കാത്ത തെറ്റുകള്‍ ചെയ്യാന്‍ ആജ്ഞാപിക്കുന്ന തൊഴിലിടം പോലെയുള്ള ഏതൊരിടത്ത് നിന്നും ഇറങ്ങിപ്പോകാന്‍ സ്വാതന്ത്ര്യമുള്ള മനുഷ്യരുടെ കൂട്ടത്തില്‍, തങ്ങളുടെ സ്വാതന്ത്ര്യം പോലും അടിച്ചമര്‍ത്തി ജീവിക്കുന്നവരാണ് ആദിവാസി ജനത. 1976ല്‍ അടിമപ്പണി നിര്‍ത്തലാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ട് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വയനാട്ടില്‍ നിന്ന് ഇന്നും ആദിവാസി ജനങ്ങളെ അടിമ വേലക്കായി കൊണ്ടുപോകുന്നുണ്ട്.
മണ്ണിനോടും പ്രകൃതിയോടും മല്ലിടുന്നതിലല്ല, സഹകരിക്കുന്നതിലാണ് ആദിവാസി ജനത ആനന്ദം കണ്ടെത്തുന്നത്. ആദിവാസികളെ സംബന്ധിച്ചിടത്തോളം കാട് അവരുടെ ആവാസ വ്യവസ്ഥയാണ്. ഈ വ്യവസ്ഥിതിയുടെ അടിത്തറയിലാണ് അവരുടെ സാംസ്‌കാരിക മൂല്യങ്ങളും ജീവിതശൈലിയും പെരുമാറ്റ രീതികളും അറിവുകളും നിലനില്‍ക്കുന്നത്. പ്രകൃതിയുമായി അഭേദ്യമായ ബന്ധം പുലര്‍ത്തുന്ന ഇവര്‍ക്ക് കൃഷി, നാട്ടറിവ്, ചികിത്സാ മുറകള്‍, നൃത്തം, സംഗീതം തുടങ്ങി എല്ലാ മേഖലയിലെയും ജ്ഞാന സമ്പത്തുണ്ട്. ചുരുക്കി പറഞ്ഞാല്‍ ജീവനം, അതിജീവനം, ഉപജീവനം എന്നീ ജീവന മാര്‍ഗങ്ങള്‍ അറിയാവുന്നവരാണ് ഈ ജനത.
ഭൂമിയുടെ ബഹുഭൂരിപക്ഷവും മേലാളരാണെന്ന് സ്വയം മുദ്രകുത്തുന്നവരും മധ്യവര്‍ത്തികളും കൈയടക്കി വെച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ആദിവാസികള്‍ വളരെ വലിയ തോതിലുള്ള അസ്തിത്വ സംഘര്‍ഷങ്ങളിലൂടെയും സാംസ്‌കാരിക തകര്‍ച്ചയിലൂടെയും കടന്നുപോകുന്നു. അവരുടെ ഓര്‍ഗാനിക് റിലേഷന്‍ഷിപ്പിന്റെ ഭാഗമായ ഭൂമിക്കും വനത്തിനും അവരുടെ ആവാസ വ്യവസ്ഥക്കു തന്നെയും ക്ഷതം സംഭവിച്ചിരിക്കുന്നു. കുടിയേറ്റക്കാരുടെ മാത്രമല്ല മേലാള – മധ്യവര്‍ത്തക മുതലാളിമാരുടെ ചൂഷണങ്ങളും അടിമത്തവും പീഡനങ്ങളും മാത്രമാണ് ഈ ജനത അനുഭവിക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമായ ഇവിടെ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ കൂലിവേലക്ക് പുറത്ത് പോകേണ്ടതായി വരികയും ഇതിന്റെ ഫലമായി ആദിവാസി സ്ത്രീകളുടെ മേലുള്ള ലൈംഗിക ചൂഷണം ആവര്‍ത്തിക്കപ്പെടുകയും അവിവാഹിതരായ അമ്മമാരുടെയും പിതാവിനെ തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞുങ്ങളുടെയും എണ്ണം പെരുകുകയുമാണ്.
ഭൂമിയുടെ അന്യാധീനപ്പെടലിനൊപ്പം ഈ ജനത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചൂഷണത്തിന്റെയും ദാരിദ്ര്യത്തിന്റെയും അടിമത്തത്തിന്റെയും കൊടിയ ഭീകരത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അടിമവേലക്കെതിരെ ശക്തമായ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ് വയനാട്. പണിയന്റെ കൈയില്‍ പണം കിട്ടിയാല്‍ കൃഷിപ്പണിക്ക് ആളെ കിട്ടാതാകുമെന്ന ജന്മിത്വ വ്യവസ്ഥിതി നിലനിന്നിരുന്ന നാടായതിനാല്‍ തന്നെ ആദിവാസികള്‍ക്ക് നെല്ലിന് പകരം പണം കൂലിയായി ലഭിക്കാന്‍ കുറേ കാലം പോരാടേണ്ടി വന്നു. ഇത്തരം ശക്തമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ജന്മിത്വത്തിന് തലകുനിക്കേണ്ടി വന്നുവെന്നതായിരുന്നു ആദ്യകാല ചരിത്രം. എന്നാല്‍ ആ ചരിത്രത്തിന് മുകളില്‍ കരിനിഴല്‍ വീഴുന്ന വാര്‍ത്തകളാണ് ഈ അടുത്തായി വയനാട്ടില്‍ നിന്ന് കേള്‍ക്കുന്നത്. ‘കുടകില്‍ കൃഷിപ്പണിക്ക് പോകുന്ന ആദിവാസികള്‍ക്ക് മദ്യം നല്‍കി ചൂഷണത്തിന് ഇരയാക്കി അടിമവേല ചെയ്യിപ്പിക്കുന്നു’ എന്നതായിരുന്നു ആ വാര്‍ത്ത. കേരളത്തില്‍ കൊളോണിയല്‍ ഭരണകാലത്ത് നിലനിന്നിരുന്ന അടിമ സമ്പ്രദായത്തെ ആസ്പദമാക്കി എ വി അനില്‍കുമാര്‍ എഴുതിയ ‘യിരമ്യാവ് അടിമയുടെ ജീവിതം’ എന്ന പുസ്തകം തീക്ഷ്ണമായ അവതരണമാണ്. യിരമ്യാവിന്റെ അടിമജീവിതത്തിന്റെ അനുഭവങ്ങള്‍ ഈ പുസ്തകത്തിലൂടെ പറയുന്നു. ആ ജീവിതം കേവലം യിരമ്യാവിന്റെ മാത്രമല്ല മുഴുവന്‍ ആദിവാസി ജനജീവിതത്തിലേക്കും വിരല്‍ ചൂണ്ടുന്നവയാണ്. യിരമ്യാവിന്റെയും കുടകിലേക്ക് കുടിയേറേണ്ടി വരുന്ന ആദിവാസികളുടെയും അടിമജീവിതത്തിന്റെ യാതനകള്‍ ഒരുപോലെയാണ്.
ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങളും ഓര്‍മകളും പേറി ബ്രിട്ടീഷ് ഇന്ത്യയില്‍ ജീവിച്ച അടിമയാണ് യിരമ്യാവ്. കൊളോണിയല്‍ ഭരണകാലത്ത് എസ്റ്റേറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത് പ്രദേശവാസികളായ കങ്കാണിമാരുടെ സഹായത്താലായിരുന്നു. അവരില്‍ പലരും നാട്ടിന്‍ പുറങ്ങള്‍ ചുറ്റി തുച്ഛമായ വിലക്ക് അടിമകളെ വാങ്ങുമായിരുന്നു. അങ്ങനെ വാങ്ങിയ അടിമകളില്‍ ഒരാളായിരുന്നു യിരമ്യാവ്. കൊടിയ ദാരിദ്ര്യവും വിശപ്പും കാരണം കുടുംബം പുലര്‍ത്താന്‍ സാമ്പത്തിക ശേഷിയില്ലാത്ത പിതാവ് മകനെ വില്‍ക്കുകയാണുണ്ടായത്. ഇതേ കാരണം തന്നെയാണ് ഒരു വിഭാഗം ആദിവാസികളെ തൊഴിലിനായി കര്‍ണാടകയിലെ കുടകിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നതും.
കുടകില്‍ എത്തുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും സ്വന്തമായി ഭൂമിയില്ലാത്ത, തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായി നേരിടുന്ന വനാന്തരങ്ങളില്‍ ജീവിക്കുന്ന പണിയ, കാട്ടുനായ്ക്ക, അടിയ തുടങ്ങിയ ആദിവാസി സമുദായങ്ങളില്‍ പെട്ടവരാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ കൃഷിപ്പണിയെ ആശ്രയിച്ച് ജീവിച്ചിരുന്നവരാണ് വയനാട്ടിലെ ഗോത്ര വിഭാഗങ്ങള്‍. എന്നാല്‍ കൃഷി കുറഞ്ഞപ്പോള്‍ പണിയും കുറഞ്ഞു. കൂലിപ്പണിക്കാരായ മറ്റു വിഭാഗക്കാര്‍ നിര്‍മാണ മേഖല, ഹോട്ടല്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി തേടിപ്പോയി. ഇതിനോട് ഒരു വിഭാഗം ഗോത്രങ്ങള്‍ വിമുഖത കാട്ടി. മാറിമാറി വന്ന വന നിയമങ്ങള്‍ കര്‍ശനമാക്കിയത്, കൃഷിപ്പണിയെയും വന വിഭവങ്ങളെയും ആശ്രയിച്ചിരുന്ന ആദിവാസി സമൂഹങ്ങള്‍ക്ക് ജീവിക്കാനുള്ള വരുമാനം കണ്ടെത്താന്‍ പ്രയാസം അനുഭവിക്കുന്ന സാഹചര്യമുണ്ടാക്കി. ഇത് അവരില്‍ പട്ടിണിയും ദാരിദ്ര്യവും സൃഷ്ടിച്ചു. വല്ലപ്പോഴും ലഭിക്കുന്ന റേഷനരി മാത്രമാണ് അവരുടെ ആഹാരം. അതിനാല്‍ തന്നെ തങ്ങളുടെ മക്കള്‍ക്ക് മൂന്ന് നേരം നല്ല ഭക്ഷണമെങ്കിലും നല്‍കാനാകും എന്ന പ്രതീക്ഷയോടെയും അതോടൊപ്പം മദ്യപാനാസക്തി കൂടിയ തൊഴിലാളികള്‍ കുറഞ്ഞ കൂലിയാണെങ്കിലും ധാരാളം മദ്യം കിട്ടുമെന്ന പ്രലോഭനത്താലും കുടകിലേക്ക് കുടിയേറി. എവിടേക്കാണ് തങ്ങളെ കൊണ്ടുപോകുന്നതെന്ന് പോലും അവര്‍ക്ക് അറിയില്ല. പലരും ആദ്യമായിട്ടാകും അവരുടെ ആവാസ സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നത്. ഭാഷയറിയില്ല, വീട്ടുകാരുമായി ഒരിക്കലും ബന്ധപ്പെടാന്‍ പോലും കഴിയില്ല. യിരമ്യാവിന് അടിമജീവിതത്തില്‍ ബ്ലാക്കി സായിപ്പിന്റെ ചിന്തലാര്‍ എസ്റ്റേറ്റില്‍ കൃഷിപ്പണിയായിരുന്നു. ഇതേ പണി തന്നെയാണ് കുടകില്‍ എത്തുന്ന ആദിവാസികള്‍ക്കും. കേരളത്തില്‍ നിന്നുള്ള കര്‍ഷകര്‍ കുടകില്‍ പാട്ടത്തിന് ഭൂമിയെടുത്ത് അവിടെ ഇഞ്ചി, വാഴ, പൈനാപ്പിള്‍ തുടങ്ങിയ കൃഷികള്‍ നടത്തി വരുന്നുണ്ട്. ഇവരില്‍ ചിലരാണ് വയനാട്ടില്‍ നിന്ന് ആദിവാസികളെ ഏജന്റുമാര്‍ മുഖേന കൃഷിപ്പണിക്ക് കൊണ്ടുപോകുന്നതും അടിമവേല ചെയ്യിപ്പിക്കുന്നതും. അതിരാവിലെ മുതല്‍ സന്ധ്യവരെ വേണ്ടത്ര വിശ്രമം പോലുമില്ലാത്ത തോട്ടം പണിയായതിനാല്‍ തന്നെ മുതലാളിമാര്‍ തൊഴിലാളികള്‍ക്ക് അല്‍പ്പം മദ്യം കൂടി നല്‍കും. എന്തെന്നാല്‍ മദ്യലഹരിയില്‍ അവര്‍ ക്ഷീണമറിയാതെ ഏറെ നേരം പണിയെടുക്കും. മണിക്കൂറുകളോളം വിശ്രമമില്ലാത്ത പണി ചെയ്താലും പരമാവധി വേതനമായി ലഭിക്കുക അഞ്ഞൂറ് രൂപ മാത്രമാണ്. ഇങ്ങനെ ലഭിക്കുന്ന വേതനത്തില്‍ നിന്ന് ദിവസേന ഏജന്റിന് കമ്മീഷന്‍ കൊടുക്കണം. മിച്ചം പിടിക്കാന്‍ ഒന്നും തന്നെ ഉണ്ടാകില്ല. ഇതിനു പുറമെ ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനും പണം നല്‍കണം. പണി നിര്‍ത്തി നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചാല്‍ പിന്നെ മുന്‍കൂര്‍ വാങ്ങിയ പണം പലിശ സഹിതം തിരിച്ചുകൊടുക്കേണ്ടി വരും. അല്ലാത്തപക്ഷം തിരിച്ചുവരാന്‍ മുതലാളിമാര്‍ സമ്മതിക്കില്ല. അങ്ങനെ തൊഴിലാളി തന്നെ ഒരു പണയ വസ്തുവായി മാറും. വാങ്ങിയ പണം തിരിച്ചടക്കുന്നതുവരെ അടിമപ്പണി ചെയ്യേണ്ടി വരുമെന്ന് ചുരുക്കം.
മുതലാളിമാരുടെ ലൈംഗിക പീഡനത്തിന് ഇരയായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ മൂന്ന് പെണ്‍കുട്ടികളെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതില്‍ ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തവളായിരുന്നു. തുടര്‍ന്ന്, രണ്ട് പീഡന കേസുകള്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഉന്നതരുടെ ഇടപെടലും രാഷ്ട്രീയ സാമ്പത്തിക സ്വാധീനവും ഉപയോഗിച്ചുകൊണ്ട് കേസുകളെല്ലാം തേച്ചുമായ്ച്ചു കളയപ്പെട്ടു. വയനാട്ടില്‍ നിന്ന് കര്‍ണാടകയിലേക്ക് ജോലിക്ക് പോകുന്ന ആദിവാസികള്‍ക്കിടയില്‍ മാസങ്ങള്‍ക്കുള്ളില്‍ നാല് ദുരൂഹ മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കാണാതാവുന്ന സംഭവങ്ങള്‍ വേറെയുമുണ്ട്. 2008ല്‍ നീതിവേദി എന്ന സംഘടന സംഘടിപ്പിച്ച പീപ്പിള്‍സ് ട്രൈബ്യൂണലില്‍ ഇതു വരെ കര്‍ണാടകയിലെ തോട്ടങ്ങളില്‍ വെച്ച് 22 ആദിവാസികളുടെ ദുരൂഹ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തതായി പറയുന്നു. കൂടാതെ 16 പേര്‍ ക്രൂരമര്‍ദനങ്ങള്‍ക്ക് ഇരയായി ഊരുകളില്‍ തിരിച്ചെത്തിയതായും കണ്ടെത്തിയിരുന്നു.
കേരളത്തില്‍ കൊളോണിയല്‍ ഭരണകാലത്ത് നിലനിന്നിരുന്ന അടിമ സമ്പ്രദായത്തിന്റെ ശേഷിപ്പുകള്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യം നേടി 76 വര്‍ഷം പിന്നിട്ടിട്ടും നിലനില്‍ക്കുന്നു എന്നുള്ളത് ഞെട്ടിക്കുന്ന സത്യമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആദിവാസി മേഖലകളില്‍ ഇന്നും യിരമ്യാവിനെ പോലെ അടിമജീവിതത്തിന്റെ ക്രൂരമായ അനുഭവങ്ങള്‍ക്ക് ഇരയായവര്‍ അവശേഷിക്കുന്നു.
അതിനാല്‍ തന്നെ കര്‍ണാടകയിലേക്ക്, തൊഴിലിനായി കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരങ്ങള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും തൊഴിലാളികളുടെ പ്രദേശത്തെ പോലീസ് സ്റ്റേഷനിലും കൃത്യമായി രജിസ്റ്റര്‍ ചെയ്യണമെന്ന് 2007 ആഗസ്റ്റില്‍ അന്നത്തെ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളില്‍ ദുരൂഹ മരണങ്ങളും പീഡനങ്ങളും വര്‍ധിച്ച സാഹചര്യത്തിലായിരുന്നു ഈ ഉത്തരവ്. ഇതുകൂടാതെ തൊഴിലുടമ തൊഴിലാളികളെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അതാത് പ്രമോട്ടര്‍മാര്‍ ഉള്‍പ്പെടെ ബന്ധപ്പെവര്‍ക്കെല്ലാം നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ഏതാനും വര്‍ഷം മാത്രമേ നടപ്പാക്കാനായുള്ളൂ. ഇവയെല്ലാം സൂചിപ്പിക്കുന്നത് ആദിവാസി സമൂഹത്തിനെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയാണ്. കര്‍ണാടകയിലാണ് സംഭവം നടക്കുന്നത് എന്ന് പറഞ്ഞ് പോലീസും ജില്ലാ ഭരണകൂടവും കടുത്ത അലംഭാവമാണ് ഈ പ്രശ്നത്തില്‍ കാണിക്കുന്നത്. ഈ അലംഭാവം തുടര്‍ന്നുപോയാല്‍ ഒരുപറ്റം ആദിവാസി സമൂഹത്തെ വംശീയമായി ഇല്ലാതാക്കാന്‍ ഇത് കാരണമായേക്കാം. കേരളത്തിലെ എസ് ഒ, എസ് ടി കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തണം. അതോടൊപ്പം മരിച്ചവര്‍ക്ക് നീതി ലഭിക്കാനും ഇത്തരം സംഭവങ്ങളിനിയും ആവര്‍ത്തിക്കാതിരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.
സ്വന്തം യുക്തിക്ക് നിരക്കാത്ത തെറ്റുകള്‍ ചെയ്യാന്‍ ആജ്ഞാപിക്കുന്ന തൊഴിലിടം പോലെയുള്ള ഏതൊരിടത്ത് നിന്നും ഇറങ്ങിപ്പോകാന്‍ സ്വാതന്ത്ര്യമുള്ള മനുഷ്യരുടെ കൂട്ടത്തില്‍, തങ്ങളുടെ സ്വാതന്ത്ര്യം പോലും അടിച്ചമര്‍ത്തി ജീവിക്കുന്നവരാണ് ആദിവാസി ജനത. 1976ല്‍ അടിമപ്പണി നിര്‍ത്തലാക്കി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ട് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വയനാട്ടില്‍ നിന്ന് ഇന്നും ആദിവാസി ജനങ്ങളെ അടിമ വേലക്കായി കൊണ്ടുപോകുന്നുണ്ട്. സ്വന്തം വീട്ടിലേക്ക് ഇനി ഒരു തിരിച്ചു വരവ് ഇല്ലാത്ത വിധം. ഇത്തരത്തില്‍ കുടകില്‍ നിന്നും മറ്റും അടിമ വേലക്കായി ഈ ജനതക്ക് പോകേണ്ടി വരുന്നത് പിറന്ന മണ്ണില്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശവും സാഹചര്യവും നിഷേധിക്കപ്പെടുന്നതുകൊണ്ടാണ്. അവരുടെ ആവാസ വ്യവസ്ഥയെയും ഉപജീവന മാര്‍ഗങ്ങളെയും അവരില്‍ നിന്ന് അകറ്റി മുതലാളിത്ത മധ്യവര്‍ഗ വിഭാഗം അവരില്‍ അധീശത്വം ചെലുത്തുന്നതിനാലുമാണ്.