Connect with us

VRATHA VISHUDDHI

കടകന്പോളങ്ങളിലെ അഡ്ജസ്റ്റ്മെന്റുകൾ

വിൽക്കുന്പോഴും വാങ്ങുന്പോഴും കടം കൊടുത്തത് തിരിച്ച് കിട്ടുന്പോഴും അവകാശപ്പെട്ടതിൽ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടേ എന്ന് നബി(സ) പ്രാർഥിച്ചത് ബുഖാരി റിപോർട്ട് ചെയ്തിട്ടുണ്ട്.

Published

|

Last Updated

പച്ചക്കറിക്കടയിലെ പയ്യനോട് തക്കാളി തൂക്കുന്നതിനിടെ സാധനം വാങ്ങാൻ വന്നയാൾ ചോദിച്ചു: നിങ്ങൾക്ക് നേരത്തേ ജ്വല്ലറിയിലായിരുന്നോ ജോലി. പയ്യൻ പറഞ്ഞു: അല്ല; അതെന്താ നിങ്ങളങ്ങനെ ചോദിച്ചത്.
നീ സാധനം തൂക്കുന്ന രീതി കണ്ടിട്ട് ചോദിച്ചതാ. ഇത് പച്ചക്കറിയല്ലേ, പൊന്നൊന്നുമല്ലല്ലോ ഇങ്ങനെ ഒപ്പിച്ച് തൂക്കാൻ.
ഇക്കാ, ഇത് എന്റെ കച്ചവടമല്ല. ഞാൻ ഇവിടുത്തെ ജോലിക്കാരനാണ്. എനിക്ക് വാരിക്കോരി കൊടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ടാ തൂക്കം ഒപ്പിക്കുന്നത്. നിങ്ങൾക്ക് അർഹതപ്പെട്ട ഒരു ഗ്രാം പോലും കുറയാതിരിക്കാനും ഞാൻ ശ്രദ്ധിക്കുന്നുണ്ട്.

ജ്വല്ലറിയിലെ തുലാസും പച്ചക്കറി പീടികയിലെ തുലാസും വ്യത്യാസമുണ്ട്. ജ്വല്ലറിയിലേത് വലിയ മൂല്യമുള്ള സ്വർണം തൂക്കാനുപയോഗിക്കുന്നതാണ്. അതുകൊണ്ടുതന്നെ മില്ലിയും ഗ്രാമും സൂക്ഷ്മമായി നോക്കിയാണ് തൂക്കുക. എന്നാൽ പച്ചക്കറി അങ്ങനെയല്ല. സ്വർണത്തോളമോ അതിന്റെ ഏഴയലത്തെത്തുന്ന മൂല്യമോ ഇല്ലാത്തത് കൊണ്ട് തൂക്കത്തിൽ അത്ര സൂക്ഷ്മത ആവശ്യമില്ലല്ലോ. ഒന്ന് കൈയയഞ്ഞ് തൂക്കിക്കൂടേ എന്നാണ് കസ്റ്റമർ സെയിൽസ്മാനോട് ആദ്യം ജ്വല്ലറിയിലായിരുന്നോ എന്ന് ചോദിച്ചതിന്റെ താത്പര്യം.

എന്നാൽ ഭാരം നോക്കുന്ന വസ്തുവിന്റെ മൂല്യം നോക്കിയല്ല തൂക്കത്തിന്റെ കൃത്യത കണക്കാക്കേണ്ടത്. തരുന്ന വിലയുടെ മൂല്യം നോക്കിയാണ്. കിലോക്ക് 45 രൂപ വിലയുള്ള അരി പത്ത് കിലോ ഒരാൾ ആവശ്യപ്പെട്ടാൽ 450 രൂപ അയാളിൽ നിന്ന് കച്ചവടക്കാരൻ ഈടാക്കി പത്ത് കിലോ അരി തൂക്കി നൽകുകയാണ് ചെയ്യുക. ഇതിൽ ഒരു ഗ്രാം പോലും കുറവ് വരുത്താൻ പാടില്ല. അത് നീതികേടാണ്.

സൂറതുർറഹ്‌മാനിലൂടെ അല്ലാഹു പഠിപ്പിക്കുന്നത് “നിങ്ങൾ നീതിപൂർവം തൂക്കം ഒപ്പിക്കുക. തുലാസിൽ നിങ്ങൾ കുറവ് വരുത്തരുത് എന്നാണ്.’
വാങ്ങിയ വിലക്കുള്ള വസ്തുക്കൾ തികച്ച് നൽകാതെ ഉപഭോക്താക്കളെ വഞ്ചിക്കുന്ന രീതി നീതികേടാണ്. വാങ്ങുന്നവർക്ക് അർഹതപ്പെട്ടത് അറിയാതെ പിടിച്ചുവെക്കുകയും പലരിൽ നിന്നായി ഇങ്ങനെ പൂഴ്ത്തിവെച്ചത് വിറ്റ് വില വാങ്ങുകയും ചെയ്യുന്നത് കൊള്ളയാണ്. ഇത്തരം ഹീന വൃത്തിയിലൂടെ പണം സന്പാദിക്കുന്നത് ഹറാമാണ്.

എന്നാൽ കച്ചവടക്കാരൻ ഉപഭോക്താവിൽ നിന്ന് വാങ്ങിയ വിലക്കുള്ളതിനെക്കാൾ എന്തെങ്കിലും അധികം നൽകുന്നതിന് കുഴപ്പമില്ല. അത് പോലെ തന്നെ വാങ്ങിയ സാധനത്തിൽ അൽപ്പമെങ്കിലും കുറവുണ്ടെങ്കിൽ അവകാശം പറഞ്ഞ് ആവശ്യപ്പെടാമെങ്കിലും വിട്ടുവീഴ്ച ചെയ്യൽ നല്ലതാണ്. അത്തരം വ്യാപാരികളും ഉപഭോക്താക്കളും പ്രശംസ അർഹിക്കുന്നവരാണ്. വിൽക്കുന്പോഴും വാങ്ങുന്പോഴും കടം കൊടുത്തത് തിരിച്ച് കിട്ടുന്പോഴും അവകാശപ്പെട്ടതിൽ വിട്ടുവീഴ്ചക്ക് തയ്യാറാകുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടേ എന്ന് നബി(സ) പ്രാർഥിച്ചത് ബുഖാരി റിപോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, കച്ചവട വസ്തുക്കൾ വിൽക്കാനായി കൂലിക്ക് നിർത്തിയവർക്ക് അവരുടെ സ്വന്തം വസ്തുവഹകൾ അല്ലാത്തത് കൊണ്ട് തന്നെ സ്വയം ഇഷ്ടപ്രകാരം അധികം നൽകിക്കൂടാ. മുതലാളിയുടെ അനുമതിയുണ്ടെങ്കിൽ അതിനനുസരിച്ച് ആകാവുന്നതുമാണ്.
തൂക്കമൊപ്പിക്കുന്പോൾ കുറച്ചധികമായാലും കുറയാതിരിക്കാൻ കച്ചവടക്കാരനും ഒന്നോ രണ്ടോ രൂപ ബാക്കി കിട്ടാനുള്ളതിന് പകരം മിഠായി വേണ്ടെന്ന് പറയാനുള്ള മനസ്സ് ഉപഭോക്താവിനുമുണ്ടായാൽ നബിയുടെ പ്രാർഥന കിട്ടുന്നവരിൽ ഉൾപ്പെടാനാകും.