From the print
എ ഡി എമ്മിന്റെ മരണം: ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപോര്‍ട്ട് ഉടന്‍ മന്ത്രിക്ക് കൈമാറും
ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിച്ചേക്കും
കണ്ണൂര്‍ | എ ഡി എം. കെ നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥയായ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഉടന്‍ റവന്യൂ വകുപ്പിന് അന്വേഷണ റിപോര്‍ട്ട് കൈമാറും. ശനിയാഴ്ച നടന്ന മാരത്തോണ്‍ തെളിവെടുപ്പില്‍ ജോ. കമ്മീഷണര്‍ ജില്ലാ കലക്ടറുടെയും നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണ പരാതി ഉന്നയിച്ച പ്രശാന്തന്റെയും മൊഴിയെടുത്തിരുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗം സംബന്ധിച്ച കാര്യങ്ങളും 2023 മുതലുള്ള ഫയലുകളുടെ തീര്‍പ്പാക്കല്‍ സംബന്ധിച്ചുമുള്‍പ്പെടെ എ ഗീത ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയനോട് വിശദമായി ആരാഞ്ഞിരുന്നു.
ഇതിനിടെ ശനിയാഴ്ച രാത്രിയോടെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ജില്ലാ കലക്ടറെ തത്്സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നത് സംബന്ധിച്ച് കമ്മീഷണറുടെ റിപോര്‍ട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്നാണ് റവന്യൂ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം, കേസില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി പി എം ജില്ലാ കമ്മിറ്റി അംഗവുമായ പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും.
ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ്) 108-ബി വകുപ്പ് പ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുള്ളത്. അതേസമയം കേസെടുത്ത് അഞ്ച് ദിവസം പിന്നിട്ടിട്ടും ദിവ്യയെ ചോദ്യം ചെയ്യുന്നതിന് പോലീസ് കാര്യക്ഷമമായ നടപടികളിലേക്ക് കടന്നിട്ടില്ലെന്ന ആരോപണം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചുകഴിഞ്ഞു. ദിവ്യ ഫോൺ ഓഫാക്കി ഒളിവില്‍ തന്നെ കഴിയുകയാണ്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ നിന്ന്് ആനുകൂല തീരുമാനമുണ്ടാകുന്നത് വരെ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിവ്യ കൂടുതല്‍ സമയം തേടിയതായാണ് അറിയുന്നത്.
അതേസമയം, ആരോപണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ സര്‍ക്കാറിന് ശനിയാഴ്ച അവധി അപേക്ഷ നല്‍കിയിരുന്നു. ഇന്നലെ പിണറായി എ കെ ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടാംഘട്ട വികസന പ്രവൃത്തികളുടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് കലക്ടര്‍ വിട്ടുനില്‍ക്കുകയും ചെയ്തു.
അതേസമയം പമ്പ് തുടങ്ങുന്നത് സംബന്ധിച്ച കാലതാമസം നീക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ പ്രശാന്തനെ സഹായിച്ചതായുള്ള സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി പി സന്തോഷിന്റെ പ്രതികരണവും പുറത്തുവന്നു.
പി പി ദിവ്യക്ക് നേരെ സൈബര്‍ ആക്രമണം; പോലീസ് കേസെടുത്തു
കണ്ണൂര്‍ | പി പി ദിവ്യക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കേസ്. ദിവ്യയുടെ ഭര്‍ത്താവ് വി പി അജിത്ത് നല്‍കിയ പരാതിയില്‍ കണ്ണപുരം പോലീസാണ് കേസെടുത്തത്.
എ ഡി എം നവീന്‍ ബാബു ജീവനൊടുക്കിയതിന് പിന്നാലെയാണ് ദിവ്യക്ക് നേരെ സൈബര്‍ ആക്രമണം രൂക്ഷമായത്.