Kerala
എ ഡി എം. നവീന്‍ ബാബുവിന്റെ മരണം: മുഖ്യമന്ത്രിയെ കണ്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍
എ ഡി എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് മൊഴി നല്‍കിയതിനു പിന്നാലെയാണ് ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിയെ കണ്ടത്.
കണ്ണൂര്‍ | എ ഡി എം. നവീന്‍ ബാബുവിന്റെ മരണത്തില്‍വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ കണ്ണൂര്‍ ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ഇന്നലെ രാത്രി പിണറായിയിലെ വീട്ടിലെത്തിയാണ് കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. പി പി ദിവ്യയെ താന്‍ എ ഡി എമ്മിന്റെ യാത്രയയപ്പു യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുവെന്ന വാദം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
എ ഡി എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് മൊഴി നല്‍കിയതിനു പിന്നാലെയാണ് ജില്ലാ കലക്ടര്‍ മുഖ്യമന്ത്രിയെ കണ്ടത്. പ്രമുഖ സ്ഥാനങ്ങളിരിക്കുന്ന മറ്റ് ചിലരുടെയും മൊഴി ഗീത രേഖപ്പെടുത്തിയിരുന്നു. പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതില്‍ പ്രശാന്തിന്റെ മൊഴിയുമെടുത്തു.
അതേസമയം, എ ഡി എമ്മിന്റെ യാത്രയയപ്പു യോഗത്തില്‍ പ്രകോപനപരമായി സംസാരിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. ജില്ലാ കലക്ടറാണ് തന്നെ യാത്രയയപ്പു യോഗത്തിലേക്കു ക്ഷണിച്ചതെന്ന് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തിലെ തന്റെ സംസാരം സദുദ്ദേശപരമായിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പു യോഗത്തിലെ പ്രസംഗം കോടതിയില്‍ തെളിവായി ഹാജരാക്കി.
നവീനെതിരെ കൂടുതല്‍ ആരോപണങ്ങളും ദിവ്യ ഉന്നയിച്ചു. ഫയലുകള്‍ വച്ചു താമസിപ്പിക്കുന്നു എന്ന പരാതി നവീനെതിരെ നേരത്തെയും ഉണ്ട്. പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്നയാളും തന്നോട് പരാതി പറഞ്ഞിരുന്നു. ഫയല്‍ നീക്കം വേഗത്തില്‍ വേണമെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.
അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ലെന്നും ദിവ്യ വ്യക്തമാക്കി. ഗുരുതരാവസ്ഥയിലുള്ള അച്ഛന്‍ ഉള്‍പ്പെടെ വീട്ടിലുണ്ട്. ഇത്തരം സാഹചര്യങ്ങളും പരിശോധിക്കണമെന്നും ദിവ്യ ഹരജിയില്‍ പറഞ്ഞു. ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല.