Connect with us

Aksharam Education

സംസ്ഥാനത്തിന്റെ ഭരണ സംവിധാനങ്ങൾ

പ്രായപൂർത്തി വോട്ടവകാശം 18 വയസ്സാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്ത് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അടങ്ങുന്നതാണ് നിയമസഭ.

Published

|

Last Updated

കേരളത്തിന്റെ ഭരണസമിതിയാണ് കേരള സർക്കാർ. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാറാണിത്. ഇന്ത്യയുടെ രാഷ്ട്രപതി നിയമിക്കുന്ന ഗവർണറാണ് കേരള സർക്കാറിന്റെ ഭരണഘടനാപരമായ തലവൻ. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും നിയമിക്കാനും നിയമസഭ പിരിച്ചുവിടാനും ഗവർണർക്ക് അധികാരമുണ്ട്. അതേസമയം, സംസ്ഥാന സർക്കാറിന്റെ ദൈനംദിന ഭരണത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്.

സംസ്ഥാന ഭരണം

സംസ്ഥാനത്തിന്റെ ഭരണം മൂന്ന് തലങ്ങളിലാണ് നടക്കുന്നത്. നിയമ നിർമാണം, നിർവാഹകം, നീതിന്യായം.
നിയമ നിർമാണത്തിൽ ഗവർണർ, ജനപ്രതിനിധികൾ അടങ്ങുന്ന നിയമസഭ എന്നിവ സംയുക്തമായി സംസ്ഥാനത്തിന് ആവശ്യമായ നിയമ നിർമാണം നടത്തുന്നു. സംസ്ഥാന ഭരണത്തിന്റെ നടത്തിപ്പിന് ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ അടങ്ങുന്നതാണ് നിർവാഹകം. സംസ്ഥാന നീതിന്യായ നിർവഹണത്തിന്റെ ചുമതല ഹൈക്കോടതി, അതിനു കീഴിൽ ഉള്ള കോടതികൾ എന്നിവക്കാണ്.

നിയമസഭ

കേരള സർക്കാറിന്റെ നിയമനിർമാണ ശാഖയാണ് നിയമസഭ. ജനങ്ങൾ തിരഞ്ഞെടുത്ത 140 അംഗങ്ങളാണ് നിയമസഭയിലെത്തുന്നത്. ഇവർ എം എൽ എ (മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലി) എന്നറിയപ്പെടുന്നു. പ്രായപൂർത്തി വോട്ടവകാശം 18 വയസ്സാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്ത് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അടങ്ങുന്നതാണ് നിയമസഭ. ഭരണഘടന പ്രകാരം അഞ്ച് വർഷമാണ് നിയമസഭയുടെ കാലാവധി. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ രാഷ്ട്രീയ പാർട്ടിയുടെയോ രാഷ്ട്രീയ പാർട്ടികൾ ചേർന്ന കൂട്ടുമുന്നണിയുടെയോ നേതാവിനെ ഗവർണർ മുഖ്യമന്ത്രി ആയി നിയമിക്കുന്നു. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയുമാണ് സംസ്ഥാനം ഭരിക്കുന്നത്. നിയമങ്ങൾ പാസ്സാക്കുന്നതിനും ബജറ്റ് അംഗീകരിക്കുന്നതിനുമായി വർഷത്തിലൊരിക്കൽ നിയമസഭ ചേരുന്നു.

ഗവർണർ

ഭരണഘടന പ്രകാരം സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവർണർ. ഗവർണറുടെ പേരിലാണ് എല്ലാ നിർവാഹക പ്രവർത്തനങ്ങളും നടക്കുന്നത്. നിയമസഭയിൽ പാസ്സാക്കുന്ന ബില്ലുകൾ നിയമം ആകുന്നത് ഗവർണർ ഒപ്പു വെക്കുന്നതോടുകൂടിയാണ്. വകുപ്പ് 356 അനുസരിച്ച് സർവകലാശാലകളുടെ ചാൻസലർ ഗവർണർ ആണ്.
സെക്രട്ടേറിയറ്റ്
സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമാണ് സെക്രട്ടേറിയറ്റ്. നിരവധി വകുപ്പുകൾ ചേർന്ന സെക്രട്ടേറിയറ്റിന്റെ തലപ്പത്ത് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരുമാണുള്ളത്. സെക്രട്ടേറിയറ്റിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ സെക്രട്ടേറിയറ്റിന്റെ പൂർണ ചുമതലയുള്ള ചീഫ് സെക്രട്ടറിയാണ്. സിവിൽ സർവീസിന്റെ തലവനും ചീഫ് സെക്രട്ടറിയാണ്.

ജില്ലാ ഭരണം

ഭരണ സൗകര്യാർഥം സംസ്ഥാനത്തെ 14 ജില്ലകളായാണ് തിരിച്ചിരിക്കുന്നത്. ഓരോ ജില്ലയുടെയും നേതൃത്വം വഹിക്കേണ്ടത് ജില്ലാ കലക്ടറാണ്. അസിസ്റ്റന്റ്കലക്ടർ, ഡെപ്യൂട്ടി കലക്ടർ, സബ് കലക്ടർ എന്നീ ഉദ്യോഗസ്ഥർ കലക്ടറെ ഭരണ കാര്യങ്ങളിൽ സഹായിക്കുന്നു.
ജില്ലയുടെ പരിധിയിൽ വരുന്ന ക്രിമിനൽ, സിവിൽ കേസുകൾ കൈകാര്യം ചെയ്യുന്നത് ജില്ലാ ജഡ്ജി ആണ്. അദ്ദേഹത്തിന് കീഴിൽ സെഷൻസ് ജഡ്ജ്, ജുഡീഷ്യൽ മജിസ്ട്രേറ്റ് തുടങ്ങിയവർ ഉണ്ടായിരിക്കും. ജില്ലയിലെ പോലീസിന്റെ ഉത്തരവാദിത്വം പോലീസ് സൂപ്രണ്ടിൽ നിക്ഷിപ്തമായിരിക്കുന്നു. സൂപ്രണ്ടിന് കീഴിൽ ഡിവൈ എസ് പിയും അതിനു താഴെ സ്റ്റേഷൻ ഹൗസ് ഓഫീസറും (എസ് എച്ച് ഒ) അതിനും താഴെ പോലീസ് സ്റ്റേഷനുകളുടെ ചുമതലയിൽ സബ് ഇൻസ്‌പെക്ടർമാരുമുണ്ട്.

താലൂക്കുകൾ

താലൂക്ക് എന്നത് ഇന്ത്യയിലെയും മറ്റ് ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലേയും ഭരണപരമായ ഒരു ഡിവിഷനാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തഹസിൽ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇത് ജില്ലാ ഭരണകൂടത്തിന് കീഴിൽ വരുന്നു. തഹസിൽദാർ ആണ് താലൂക്കിന്റെ പ്രധാന ഭരണാധികാരി. കൂടാതെ തഹസിൽദാർ താലൂക്കിന്റെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയാണ്. സംസ്ഥാന റവന്യൂ വകുപ്പിന്റെ ഭാഗമായ കലക്ടറേറ്റുകൾക്ക് കീഴിലാണ് താലൂക്ക് കാര്യാലയങ്ങൾ വരുന്നത്. ഭൂമി സംബന്ധമായ രേഖകളും മറ്റും കൈകാര്യം ചെയ്യുന്ന പരമാധികാര കേന്ദ്രമാണ് താലൂക്ക് കാര്യാലയം. കേരളത്തിലെ 14 ജില്ലകളിലായി 78 താലൂക്കുകളാണുള്ളത്.

വില്ലേജുകൾ

റവന്യൂ ഭരണത്തിന്റെ അടിസ്ഥാന ഘടകം വില്ലേജ് ഓഫീസുകളാണ്. വില്ലേജ് ഓഫീസർ വില്ലേജ് ഭരണത്തിന്റെ തലവനും ഗവൺമെന്റിന്റെ പ്രതിനിധിയുമാണ്. സംസ്ഥാന ഭരണത്തിൽ ഏറ്റവും താഴേതട്ടിലുള്ള പൊതുജനങ്ങളുമായി ഏറ്റവും സമ്പർക്കം പുലർത്തുന്നതുമായ ഓഫീസുകളാണ് വില്ലേജ് ഓഫീസുകൾ.
ഗ്രൂപ്പ് വില്ലേജുകളടക്കം കേരളത്തിൽ ആകെ 1,666 വില്ലേജുകൾ നിലവിലുണ്ട്. സർക്കാർ ഭൂമി, വൃക്ഷങ്ങൾ, ധാതുക്കൾ എന്നിവ സംരക്ഷിക്കുന്നതിനും, നികുതി/നികുതിയേതര കുടിശ്ശികകളുടെയും പിരിവ്, റവന്യൂ റെേക്കാർഡുകളുടെ സംരക്ഷണം, പരിപാലനം, വിവിധയിനം സാക്ഷ്യപത്രങ്ങൾ അനുവദിക്കുക എന്നിവയാണ് വില്ലേജ് ഓഫീസറുടെ പ്രധാന ചുമതലകൾ. സർക്കാറിന്റെ പ്രതിനിധി എന്ന നിലക്ക് വ്യവഹാരങ്ങളിൽ സർക്കാറിന്റെ താത്പര്യം സംരക്ഷിക്കാനും വില്ലേജ് ഓഫീസർക്ക് ചുമതലയുണ്ട്.

തദ്ദേശ സ്വയംഭരണം

ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ തുടങ്ങി പ്രാദേശിക ഭരണകൂടങ്ങളുടെ നയപരമായ കര്യങ്ങൾ നോക്കുന്ന സംസ്ഥാന സർക്കാറിന്റെ വകുപ്പാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപറേഷനുകൾ എന്നിവയാണ് കേരളത്തിൽ നിലവിലുള്ളത്.
ഭരണഘടനയുടെ 73ഉം 74ഉം ഭേദഗതികൾ മൂലം, ത്രിതല സമ്പ്രദായം ഇന്ത്യയിൽ നിലവിൽ വന്നു. വികസന പരിപാടികൾ നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫലപ്രദമായ ഏജൻസികളായി ഉയർന്നിരിക്കുന്നു.

വകുപ്പിന് ഒരു ഗവൺമെന്റ് സെക്രട്ടറിയാണ് നേതൃത്വം നൽകുന്നത്. മന്ത്രിമാർ ചേർന്നാണ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എന്നാൽ ഈ മൂന്ന് വിഭാഗങ്ങളുടെയും ഏകോപനം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഉചിതമായ തീരുമാനം എടുക്കുന്നത് ഈ മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രി ഉൾപ്പെടുന്ന ഒരു സമിതിയാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയാണ് വകുപ്പിനെ നയിക്കുന്നത്. അദ്ദേഹത്തെ സർക്കാർ നയങ്ങളും തീരുമാനങ്ങളും നടപ്പാക്കാൻ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനായ ഒരു സെക്രട്ടറിയേയും നിയമിച്ചിട്ടുണ്ട്.
പ്രായപൂർത്തി വോട്ടവകാശത്തിലൂടെ അഞ്ച് വർഷത്തിലൊരിക്കൽ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളാണ് പഞ്ചായത്ത് ഭരണം നടത്തുന്നത്. പ്രതിനിധി സമിതിയിൽ നിന്നും പഞ്ചായത്തിന്റെ പ്രധാന ഭരണാധികാരിയായി പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കുന്നു. പഞ്ചായത്തിൽ വാർഡുകളായി തരം തിരിച്ചിരിക്കുന്നു. ഓരോ വാർഡിലും മെമ്പർ ഉണ്ടായിരിക്കും.

മുനിസിപ്പാലിറ്റി

നഗര പ്രദേശങ്ങളുടെ ഭരണ സൗകര്യത്തിനാണ് മുനിസിപ്പാലിറ്റികൾ രൂപവത്കരിച്ചിരിക്കുന്നത്. മുനിസിപ്പാലിറ്റികളെ വാർഡുകളായി തിരിച്ച് പ്രായപൂർത്തി വോട്ടവകാശത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെ സമിതിയിൽ നിന്ന് ചെയർമാനെയും ഡെപ്യൂട്ടി ചെയർമാനെയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

കോർപറേഷൻ

കേരളത്തിൽ ആറ് കോർപറേഷനുകളാണുള്ളത്. മുനിസിപ്പലിറ്റിയിലേതുപോലെ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി സമിതിയിൽ നിന്നും ഭരണത്തലവനായി മേയറേയും ഡെപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കുന്നു.

 

 

 

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

Latest