Kerala
ശരീര സൗന്ദര്യ മത്സര വിജയികളെ പോലീസില്‍ നിയമിക്കാനുള്ള നീക്കം; സ്‌റ്റേ ഉത്തരവുമായി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍
ഷിനു ചൊവ്വ, ചിത്തരേശ് നടേശന്‍ എന്നിവര്‍ക്ക് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമനം നല്‍കാനുള്ള തീരുമാനം വിവാദമായതിനു പിന്നാലെയാണ് ട്രൈബ്യൂണല്‍ നടപടി.

തിരുവനന്തപുരം | ശരീര സൗന്ദര്യ മത്സര വിജയികളെ പോലീസില്‍ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്‌റ്റേ ചെയ്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ആംഡ് പോലീസ് ഇന്‍സ്‌പെക്ടറായി നിയമനം നല്‍കാനുള്ള മന്ത്രിസഭായ യോഗ തീരുമാനമാണ് സ്റ്റേ ചെയ്തത്. ഷിനു ചൊവ്വ, ചിത്തരേശ് നടേശന്‍ എന്നിവര്‍ക്ക് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമനം നല്‍കാനുള്ള തീരുമാനം വിവാദമായതിനു പിന്നാലെയാണ് ട്രൈബ്യൂണല്‍ നടപടി.
പോലീസ് നാലാം ബറ്റാലിയനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി ജെ ബിജുമോന്‍ ആണ് നിയമനം ചോദ്യം ചെയ്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. ഹരജി തീര്‍പ്പാക്കുന്നതുവരെ നിയമനത്തിന് താത്ക്കാലിക സ്റ്റേ ഏര്‍പ്പെടുത്തുകയായിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച ട്രൈബ്യൂണല്‍ സര്‍ക്കാരിനും ഡി ജി പിക്കും ബറ്റാലിയന്‍ എ ഡി ജി പിക്കും നിയമനാധികാരികള്‍ക്കും നോട്ടീസ് അയച്ചു. പോലീസ് നിയമനത്തിനായുള്ള കായിക പരീക്ഷയില്‍ ഷിനു ചൊവ്വ പരാജയപ്പെട്ടിരുന്നു.
ഒളിമ്പിക്‌സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ വിജയികള്‍ക്ക് ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍മാരായി നിയമനം നല്‍കാനായിരുന്നു സര്‍ക്കാര്‍ നീക്കം. അന്താരാഷ്ട്ര ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പില്‍ വിജയിച്ച ചിത്തരേഷ് നടേശനും ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍ വെള്ളി മെഡല്‍ നേടിയ ഷിനു ചൊവ്വയ്ക്കും നിയമനം നല്‍കാനായിരുന്നു മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തത്.