National
കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കണം: കല്‍ക്കത്ത ഹൈക്കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സെഷന്‍സ് കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെതിരെ കൗമാരക്കാരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
കൊല്‍ക്കത്ത| കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നും കൗമാരപ്രായക്കാരായ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്നും കല്‍ക്കത്ത ഹൈക്കോടതി. ഒരു ബലാത്സംഗ കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. കൗമാരക്കാരായ പെണ്‍കുട്ടികള്‍ ലൈംഗിക പ്രേരണ നിയന്ത്രിക്കണം. രണ്ട് മിനിറ്റ് നേരത്തെ ലൈംഗിക സുഖത്തിന് അവള്‍ വഴങ്ങുമ്പോള്‍ സമൂഹത്തിന്റെ കണ്ണില്‍ അവളാണ് പ്രതി. അന്തസ്സും ആത്മാഭിമാനവും പെണ്‍കുട്ടികള്‍ സംരക്ഷിക്കണമെന്നും കൗമാരക്കാരായ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെയും അവരുടെ അന്തസ്സിനെയും സ്വകാര്യതയെയും ബഹുമാനിക്കണമെന്നുമാണ് കോടതി പറഞ്ഞത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സെഷന്‍സ് കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെതിരെ കൗമാരക്കാരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. താനും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്നും ഇരുവര്‍ക്കുമിടയില്‍ സമ്മതത്തോടെ നടന്ന ലൈംഗികബന്ധം ബലാത്സംഗം അല്ലെന്നും ആണ്‍കുട്ടി വാദിച്ചു. പെണ്‍കുട്ടിയും സമാന മൊഴിയാണ് നല്‍കിയത്. ഇതോടെ ആണ്‍കുട്ടിയെ ഹൈക്കോടതി വെറുതെ വിട്ടു. 16-18 വയസ് പ്രായമുള്ള കുട്ടികള്‍ തമ്മിലുള്ള ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പോക്സോ നിയമം ബാധകമല്ലെന്ന വാദം അംഗീകരിച്ചാണ് ആണ്‍കുട്ടിയെ ഹൈക്കോടതി വെറുതെവിട്ടത്.
ജസ്റ്റിസുമാരായ ചിത്തരഞ്ജന്‍, പാര്‍ത്ഥ സാരഥി സെന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. കൗമാരക്കാരുടെ ലൈംഗികബന്ധം കാരണമുണ്ടാകുന്ന നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.