Connect with us

Kerala

തമിഴ്നാട്ടില്‍ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ അടൂര്‍ സ്വദേശി അറസ്റ്റില്‍

ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അടൂര്‍ പറക്കോട് ലത്തീഫ് മന്‍സിലില്‍ അജ്മല്‍ (27) നെയാണ് ഇളമണ്ണൂരിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടിയത്.

Published

|

Last Updated

പത്തനംതിട്ട | തമിഴ്നാട്ടിലെ തെങ്കാശി ശിവഗിരി ചെക്ക് പോസ്റ്റില്‍ 105 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മുഖ്യ പ്രതിയെ അടൂരില്‍ നിന്നും അറസ്റ്റ് ചെയ്തു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അടൂര്‍ പറക്കോട് ലത്തീഫ് മന്‍സിലില്‍ അജ്മല്‍ (27) നെയാണ് ഇളമണ്ണൂരിലെ ഒളിസങ്കേതത്തില്‍ നിന്നും പിടികൂടിയത്.

ഒക്ടോബര്‍ ഏഴിന് കൊല്ലം തിരുമംഗലം പാതയിലെ ശിവഗിരി ചെക്ക് പോസ്റ്റില്‍ വച്ചാണ് വാഹനത്തില്‍ കൊണ്ടുവരുകയായിരുന്ന 105 കിലോ കഞ്ചാവ് തമിഴ്നാട് പോലീസ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി പുളിയങ്കുടി കര്‍പ്പഗവീഥി സ്ട്രീറ്റില്‍ മുരുഗാനന്ദം, എറണാകുളം സ്വദേശി ബഷീര്‍ എന്നിവരെ അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് ഇടപാടില്‍ അജ്മലിന്റെ പങ്ക് കണ്ടെത്തിയത്. രഹസ്യാന്വേഷണ വിഭാഗവും തമിഴ്നാട് പോലീസും വിവരങ്ങള്‍ അടൂര്‍ പോലീസിനെ അറിയിച്ചു. കൂട്ടുപ്രതികള്‍ പിടിയിലായതറിഞ്ഞ് അജ്മല്‍ ഒളിവില്‍ പോകുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ മേല്‍നോട്ടത്തില്‍ നര്‍കോട്ടിക് സെല്ലും ഡി വൈ എസ് പി. കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ചേര്‍ന്ന് മൂന്ന് ദിവസമായി പ്രതിയെ തിരഞ്ഞുവരികയായിരുന്നു. അടൂര്‍ ഡി വൈ എസ് പി. ആര്‍ ജയരാജ്, അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് ശ്രീകുമാര്‍, എസ് ഐ. എം മനീഷ്, സി പി ഒമാരായ സൂരജ് ആര്‍ കുറുപ്പ്, ശ്യാം കുമാര്‍, നിസ്സാര്‍ മൊയ്തീന്‍, രാകേഷ് രാജ്, ഡാന്‍സാഫ് ടീമംഗങ്ങള്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

2022ല്‍ വധശ്രമക്കേസില്‍ ജയിലില്‍ കഴിയവേ, കാപ്പാ നിയമപ്രകാരം തടവിലാകുകയും, ഈവര്‍ഷം ജനുവരിയില്‍ എട്ട് മാസത്തെ ശിക്ഷ അനുഭവിച്ച ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മോചിതനാവുകയും ചെയ്തയാളാണ് അജ്മല്‍. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു.