Kerala
ഹെലി ടൂറിസം നയം അംഗീകരിച്ചു; സ്മാര്‍ട്ട് സിറ്റി പിന്മാറ്റ നയത്തില്‍ ടീകോമുമായി ചര്‍ച്ച നടത്തും
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം.
തിരുവനന്തപുരം | കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗത്തിന്റെ തത്വത്തിലുള്ള അംഗീകാരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരുന്നതിനുള്ള ഹെലികോപ്റ്റര്‍ സര്‍വീസ് നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഹെലി പോര്‍ട്സ്, ഹെലി സ്റ്റേഷന്‍സ്, ഹെലി പാഡ്സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഹെലി ടൂറിസം പദ്ധതിക്ക് ഉണര്‍വേകാന്‍ ഹെലിടൂറിസം നയ രൂപവത്കരണത്തിലൂടെ സാധിക്കും. കൂടുതല്‍ സംരംഭകര്‍ ഹെലി ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നതിനും സഹായകരമാകും.
ആരോഗ്യ വകുപ്പില്‍ 44 തസ്തികകള്‍
ആരോഗ്യ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ ജില്ലകളിലായി 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കും.
ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിനു കീഴിലെ കോന്നി ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 അധിക തസ്തികകള്‍ സൃഷ്ടിക്കും.
എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക
ഏരിയാ ഇന്‍സെന്റീവ് പ്രോഗ്രാം പ്രകാരം ആരംഭിച്ച വയനാട്, പനമരം, ക്രസന്റ് പബ്ലിക്ക് സ്‌കൂളില്‍ രണ്ട് എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികകള്‍ സൃഷ്ടിക്കും. ഷൗക്കത്ത്, ഷാനിജ എന്നിവര്‍ക്ക് 17-02-2017 മുതല്‍ നിയമന അംഗീകാരം നല്‍കും.
കാലാവധി ദീര്‍ഘിപ്പിച്ചു
കേരള നഗര നയ കമ്മീഷന്റെ കാലാവധി 2025 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കും.
സ്ഥിരപ്പെടുത്തും
സംസ്ഥാനത്തെ ദാരിദ്ര്യ ലഘൂകരണ വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അഞ്ച് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തും. കോടതി നിര്‍ദേശ പ്രകാരമാണിത്.
സ്മാര്‍ട്ട് സിറ്റി: ശിപാര്‍ശ അംഗീകരിച്ചു
സ്മാര്‍ട്ട് സിറ്റി കൊച്ചി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ ശിപാര്‍ശ അംഗീകരിച്ചു. ടീകോമുമായി ചര്‍ച്ച നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപകല്‍പ്പന ചെയ്യും. ടീകോമിനു നല്‍കേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഇന്റിപെന്‍ഡന്റ് ഇവാല്യുവേറ്ററെ നിയോഗിക്കും. ഇതുസംബന്ധിച്ച ശിപാര്‍ശ സര്‍ക്കാരില്‍ സമര്‍പ്പിക്കുന്നതിന് ഐ ടി മിഷന്‍ ഡയറക്ടര്‍, ഇന്‍ഫോപാര്‍ക്ക് സി ഇ ഒ, ഒ കെ ഐ എച്ച് (ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് ലിമിറ്റഡ്) എം ഡി. ഡോ. ബാജൂ ജോര്‍ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം
2024 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 4,70,34,150 രൂപയാണ് വിതരണം ചെയ്തത്. 1301 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.
ജില്ല തിരിച്ചുള്ള വിവരങ്ങള്‍:
തിരുവനന്തപുരം 26 പേര്‍ക്ക് 7,09,000 രൂപ, കൊല്ലം 167 പേര്‍ക്ക് 47,30,000 രൂപ, പത്തനംതിട്ട 12 പേര്‍ക്ക് 2,67,000 രൂപ,,ആലപ്പുഴ 14 പേര്‍ക്ക് 6,35,000 രൂപ, കോട്ടയം 4 പേര്‍ക്ക് 3,93,000 രൂപ, ഇടുക്കി 11 പേര്‍ക്ക് 2,04,000 രൂപ, എറണാകുളം 19 പേര്‍ക്ക് 9,66,000 രൂപ, തൃശൂര്‍ 302 പേര്‍ക്ക് 1,04,29,450 രൂപ, പാലക്കാട് 271 പേര്‍ക്ക് 1,06,94,600 രൂപ, മലപ്പുറം 102 പേര്‍ക്ക് 48,13,000 രൂപ, കോഴിക്കോട് 296 പേര്‍ക്ക് 92,78,000 രൂപ, വയനാട് 50 പേര്‍ക്ക് 28,49,100 രൂപ, കണ്ണൂര്‍ 23 പേര്‍ക്ക് 9,69,000 രൂപ, കാസര്‍കോട് 4 പേര്‍ക്ക് 97,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.