Connect with us

Kerala

ഒരു കുഞ്ഞിനെ മോശക്കാരനായി ചിത്രീകരിക്കുന്നവരേ, ഉള്ളിലെ സാഡിസ്റ്റിനെ കുടഞ്ഞുകളയാന്‍ സമയമായെന്ന് മന്ത്രി

വിദ്യാര്‍ഥിയുടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശം

Published

|

Last Updated

കോഴിക്കോട് | പാലക്കാട് അധ്യാപകനെതിരെ സംസാരിച്ച പ്ലസ്ടു വിദ്യാര്‍ഥിയുടെ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. കേരളത്തിലെ സ്‌കൂളുകളില്‍ എത്രയോ മാതൃകാപരമായ കാര്യങ്ങള്‍ നടക്കുന്നു. കുഞ്ഞുങ്ങളും അധ്യാപകരും ചേര്‍ന്ന് പഠനം പാല്‍പ്പായസമാക്കുന്ന സര്‍ഗാത്മകതയുടെ ചൈതന്യം നിറഞ്ഞ എത്രയോ വീഡിയോകള്‍ വിദ്യാഭ്യാസ മന്ത്രി പങ്കു വെക്കാറുണ്ട്. അധ്യാപകക്കൂട്ടം എന്ന ഫെസ്ബുക്ക് അപ്രകാരം ചില വീഡിയോകള്‍ ഗ്രൂപ്പിലും കാണാറുണ്ട്. അവയൊന്നും ഷെയര്‍ ചെയ്യാതെ ഒരു കുഞ്ഞിന്റെ വിഹ്വലമുഹൂര്‍ത്തങ്ങള്‍ പങ്കുവെച്ച് അവനെ ക്രിമിനലാക്കി അത് സാമാന്യവത്ക്കരിച്ച് കേരളത്തിലെ കുഞ്ഞുങ്ങളെയാകെ മോശക്കാരായി ചിത്രീകരിക്കുന്ന മുതിര്‍ന്നവരേ, നിങ്ങളുടെ ഉള്ളിലെ സാഡിസ്റ്റിനെ കുടഞ്ഞുകളയാന്‍ സമയമായെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിനയപൂര്‍വം ഓര്‍മിപ്പിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മനുഷ്യമനസ്സുകള്‍ പ്രഹേളികകളാണ്. അവ നിര്‍ധാരണം ചെയ്യല്‍ എളുപ്പമല്ല. പക്ഷേ അതിന് ശ്രമിക്കേണ്ടത് ഉത്തരവാദിത്വപ്പെട്ട മനുഷ്യരുടെ ചുമതലയാണ്. ഉള്ളില്‍ അഗ്‌നിപര്‍വതവും പേറി ജീവിക്കേണ്ടി വരുന്ന എത്രയോ കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. ആരാണ് അതിന് കാരണക്കാര്‍. ആ കുഞ്ഞുങ്ങളാണോ?. ഭഗ്‌നഭവനങ്ങളും സ്‌നേഹരഹിതമായ ചുറ്റുപാടുകളും മനസ്സിലാക്കപ്പെടാത്തതിന്റെ വിങ്ങലുകളും അവഗണിത ബാല്യത്തിന്റെ മുറിപ്പാടുകളും ഒക്കെ അതിന് കാരണമാകാം.

പ്രായപൂര്‍ത്തി ആകാത്ത തന്റെ വിദ്യാര്‍ഥിക്ക് അവന്റെ വൈകാരിക സംഘര്‍ഷങ്ങളുടെ സന്ദര്‍ഭങ്ങളില്‍ മനസ്സിലാക്കലിന്റെ സാന്ത്വനത്തിന്റെ ചേര്‍ത്തുപിടിക്കലിന്റെ ഒരു ആര്‍ദ്രസ്പര്‍ശം മതിയാകും അവനില്‍ മാറ്റമുണ്ടാകാന്‍ എന്നു തോന്നുന്നു. അതിനുപകരം വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത് തീര്‍ച്ചയായും അധ്യാപകര്‍ക്ക് ചേര്‍ന്ന കാര്യമല്ലെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

 

 

Latest