Kuwait
ആരോഗ്യ രംഗത്തെ പുരോഗതി; കുവൈത്തിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
സംഘടനയുടെ പ്രോഗ്രാമുകള്‍ക്ക് കുവൈത്ത് നല്‍കുന്ന പിന്തുണയെ ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ഗെബ്രിയേസസ് പ്രശംസിച്ചു.
കുവൈത്ത് സിറ്റി | ആരോഗ്യ രംഗത്ത് കുവൈത്ത് കൈവരിച്ച പുരോഗതിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് ഗെബ്രിയേസസ്. സംഘടനയുടെ പ്രോഗ്രാമുകള്‍ക്ക് കുവൈത്ത് നല്‍കുന്ന പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു. ഐക്യരാഷ്ട്ര സഭയിലേക്കും ജനീവയിലെ മറ്റു അന്താരാഷ്ട്ര സംഘടനകളിലേക്കുമുള്ള കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അമ്പാസഡര്‍ നാസര്‍ അല്‍ ഹെയിനുമായി ലോകാരോഗ്യ സംഘടനാ ആസ്ഥാനമായ ജനീവയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഗെബ്രിയേസസ് ഇക്കാര്യം പറഞ്ഞത്.
സംഘടനയുടെ പരിപാടികള്‍ക്ക് നല്‍കിവരുന്ന ക്രിയാത്മക പിന്തുണ കാരണം മേഖലയിലെ സുപ്രധാന രാജ്യമായി കുവൈത്ത് മാറിയിട്ടുണ്ട്. മഹാമാരികള്‍ക്കെതിരെ പോരാടുന്നതില്‍ ലോകാരോഗ്യ സംഘടനയുടെ പരിശ്രമങ്ങളെ പിന്തുണക്കുന്നതില്‍ കുവൈത്ത് വലിയ പങ്കുവഹിച്ചു. കൂടാതെ ‘കൊഫാക്‌സ്’ സംവിധാനത്തിലൂടെ കൊവിഡിനെതിരെയുള്ള വാക്‌സിനുകള്‍ നല്‍കുന്നതില്‍ ഉള്‍പ്പെടെ കുവൈത്ത് ലോകാരോഗ്യ സംഘടനക്ക് ഫലപ്രദമായ സംഭാവനകള്‍ നല്‍കിയെന്നും ഗെബ്രിയേസസ് പറഞ്ഞു.