Kerala
യു എ ഇയിലെ പ്രതികൂല കാലാവസ്ഥ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള നാല് വിമാന സര്‍വീസുകള്‍ റദ്ദാക്കി
കനത്ത മഴ ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കി.
കൊച്ചി | കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള നാല് വിമാന സര്‍വീസുകള്‍ റദ്ദാക്കി. യു എ ഇയിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. കനത്ത മഴ ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് യു എ ഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. യു എ ഇയില്‍ നിന്നും ഇന്ത്യ, പാക്കിസ്ഥാന്‍, യു കെ, സഊദി തുടങ്ങി വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്നലെയും റദ്ദാക്കിയിരുന്നു.
യു എ ഇയിലെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. ഇതേ തുടര്‍ന്ന് ദുബൈ, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ശക്തമായ കാറ്റിലും മഴയിലും കോടികളുടെ നാശനഷ്ടമാണ് രാജ്യത്തുണ്ടായത്. കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നിങ്ങളുടെ സുരക്ഷ നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് യു എ ഇ അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശക്തമായ മഴയുള്ള സമയത്ത് വീട്ടില്‍ തന്നെ തുടരുക, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങുക, വെള്ളപ്പൊക്കം, തോടുകള്‍, ജലം അടിഞ്ഞുകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും അകലം പാലിക്കുക, സുരക്ഷിതവും ഉയര്‍ന്നതുമായ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
കനത്ത മഴയും ആലിപ്പഴ വര്‍ഷവുമുള്ള സന്ദര്‍ഭങ്ങളില്‍ സ്വത്തുക്കള്‍ നശിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥയെപ്പറ്റി പ്രചരിക്കുന്ന കിംവദന്തികള്‍ പിന്തുടരരുതെന്നും അധികൃതര്‍ എല്ലാ കമ്മ്യൂണിറ്റി അംഗങ്ങളോടും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരില്‍ നിന്ന് മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.