National
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വമെന്ന് സുപ്രീം കോടതി
ഇത്തരം ആളുകള്‍ക്കുള്ള വിശ്വാസം ദുരുപയോഗം ചെയ്യരുതെന്നും കോടതി

ന്യൂഡല്‍ഹി | തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കുന്നതില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. ഒരു ഉത്പന്നത്തിന്റേയോ സേവനത്തിന്റേയോ പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കണ്ടെത്തിയാല്‍ അതിന്റെ ഭാഗമായ സെലിബ്രിറ്റികള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും തുല്യ ഉത്തരവാദിത്വം ഉണ്ടായിരിക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി.തങ്ങള്‍ ഭാഗവാക്കാവുന്ന പരസ്യങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമില്ലെന്നു ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം സെലിബ്രിറ്റികളടക്കമുള്ളവര്‍ക്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി
ജനങ്ങള്‍ക്കിടയില്‍ ഇത്തരം ആളുകള്‍ക്കുള്ള വിശ്വാസം ദുരുപയോഗം ചെയ്യരുതെന്നും കോടതി ചൂണ്ടിക്കാട്ടി. പതഞ്ജലിയുടെ പരസ്യ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതിയുടെ ഏറെ ശ്രദ്ധേയ നിരീക്ഷണം. ജസ്റ്റിസ് ഹിമ കോഹ്‌ലി, എ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്
. വിപണിയില്‍ നിന്നു വാങ്ങുന്ന ഉത്പന്നങ്ങളെപ്പറ്റി ഉപഭോക്താക്കള്‍ക്ക് കൃത്യമായ അറിവ് നല്‍കുന്നതാകണം പരസ്യങ്ങളെന്ന കാര്യം കോടതി ഓര്‍മിപ്പിച്ചു. പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതിനു മുന്‍പ് പരസ്യത്തിലെ ഉള്ളടക്കം നിയമങ്ങള്‍ പാലിക്കുന്നതാണെന്ന സത്യവാങ്മൂലം പരസ്യം നല്‍കുന്നവര്‍ സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.ഉപഭോക്താക്കള്‍ക്കു ഉത്പന്നങ്ങളെ കുറിച്ച് പരാതികള്‍ നല്‍കുന്നതിനു ആവശ്യമായ നടപടിക്രമങ്ങള്‍ മന്ത്രാലയങ്ങള്‍ സ്വീകരിക്കണമെന്നും കോടതി ഓര്‍മിപ്പിച്ചു