Connect with us

ആത്മായനം

സഫലമാകുന്ന ഉപദേശങ്ങൾ

"നിങ്ങൾക്ക് വരുന്ന ക്ലേശങ്ങളിൽ വ്യഥ പൂണ്ട് നിൽക്കുന്നവൻ' എന്ന് അവിടുത്തെ സ്വഭാവത്തെ പരിചയപ്പെടുത്തിയത് വിശുദ്ധ ഖുർആനാണ്. ആ സ്വഭാവമുള്ളവർക്ക് നന്മ ഉപദേശിക്കാനും തിന്മ നിരോധിക്കാനുമുള്ള ശേഷിയുണ്ടാകും.ചുറ്റുപാടും എന്തെങ്കിലുമാകട്ടെ ഞാനെന്റെ കാര്യം നോക്കാം എന്ന നിലപാട് സമൂഹത്തിനിടയിൽ ജീവിക്കുന്ന നമുക്ക് നന്നല്ല. മറിച്ച് തെറ്റുകൾ തിരുത്തണം. നന്മകൾ പ്രോത്സാഹിപ്പിക്കണം. ആവശ്യാനുസരണം ഉപദേശങ്ങൾ പങ്കിടണം.

Published

|

Last Updated

സാർവകാലിക വിജയത്തിന് അർഹതയുള്ളവരായി ഖുർആൻ വിശേഷിപ്പിച്ചവരെ കുറിച്ച് വായിച്ച് തുടങ്ങാം.

“കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരാകമാനം നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ’
(വിശുദ്ധ ഖുര്‍ആന്‍ )

വഴിയിടറുമ്പോൾ, സ്വർഗ വഴിക്കുമുമ്പിൽ കരിമ്പടം വന്ന് മൂടുമ്പോൾ, ജീവിതത്തിന്റെ കെട്ടുപാടിൽ ഞെരുങ്ങുമ്പോൾ, ആശങ്കയുടെ നടുക്കടലിൽ അലയുമ്പോൾ… തുടങ്ങി മനുഷ്യ ജീവിതത്തിന്റെ വിവിധങ്ങളായ പ്രതിസന്ധി ഘട്ടങ്ങളിൽ നിന്ന് അഭയം തേടാനുള്ള എമർജൻസി എക്സിറ്റുകളാണ് ഉപദേശങ്ങൾ. നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മയെ തൊട്ട് വിരോധിക്കലും വിശ്വാസിയുടെ ബാധ്യതയാണ്.വിശ്വാസികൾ പരസ്പരം പാലിക്കേണ്ട സുപ്രധാന ബാധ്യതകളിൽ ഈ കാര്യം എണ്ണിയതു കാണാം.

അപരന്റെ ഗുണകാംക്ഷയാണ് മതത്തിന്റെ മുഖമുദ്ര. എല്ലാവർക്കും നന്മയുണ്ടാകണമെന്നും ഇഹ പര സുരക്ഷ ലഭ്യമാകണമെന്നുമുള്ള ഉത്കടമായ ആഗ്രഹം വിശ്വാസിക്കുണ്ടാകണം. തിരുദൂതരിൽ നിന്ന് പകർത്തേണ്ട സ്വഭാവം കൂടിയാണത്. “നിങ്ങൾക്ക് വരുന്ന ക്ലേശങ്ങളിൽ വ്യഥ പൂണ്ട് നിൽക്കുന്നവൻ’ എന്ന് അവിടുത്തെ സ്വഭാവത്തെ പരിചയപ്പെടുത്തിയത് വിശുദ്ധ ഖുർആനാണ്. ആ സ്വഭാവമുള്ളവർക്ക് നന്മ ഉപദേശിക്കാനും തിന്മ നിരോധിക്കാനുമുള്ള ശേഷിയുണ്ടാകും. ചുറ്റുപാടും എന്തെങ്കിലുമാകട്ടെ ഞാനെന്റെ കാര്യം നോക്കാം എന്ന നിലപാട് സമൂഹത്തിനിടയിൽ ജീവിക്കുന്ന നമുക്ക് നന്നല്ല.മറിച്ച് തെറ്റുകൾ തിരുത്തണം. നന്മകൾ പ്രോത്സാഹിപ്പിക്കണം. ആവശ്യാനുസരണം ഉപദേശങ്ങൾ പങ്കിടണം. ഉപദേശിക്കുമ്പോഴുമുണ്ട് ചിലത് ശ്രദ്ധിക്കാൻ.

  1. ഉപദേശങ്ങളിൽ തലയറിഞ്ഞ് എണ്ണ തേക്കണം. ഉപദേശമാവശ്യപ്പെടുന്നവന്റെ സാഹചര്യങ്ങളും മാനസികാവസ്ഥകളും വ്യക്തിത്വവും പരിഗണിച്ചു കൊണ്ടാണ് കാര്യങ്ങൾ അവതരിപ്പിക്കേണ്ടത്. ഒരേ ആവശ്യങ്ങൾക്ക് തന്നെ വ്യക്തികൾക്കനുസരിച്ചാണ് തിരുനബി(സ) ഉപദേശം നൽകിയത്. ഇടപെടൽ അനുകമ്പയോടെയാകണം, ചെറിയവരോടുള്ള വാത്സല്യത്തെയും മുതിർന്നവരോടുള്ള ബഹുമാനത്തെയും പരിഗണിക്കണം. അപരന്റെ സന്തോഷ സന്താപങ്ങളെ കണക്കിലെടുത്തു കൊണ്ടുള്ള ഉപദേശത്തിനേ ഫലമുണ്ടാവുകയുള്ളൂ
  2.  തന്റെ സഹോദരന്റെ ഗുണകാംക്ഷയാണ് ഉപദേശത്തിന്റെ ലക്ഷ്യമാകേണ്ടത്. താനിഷ്ടപ്പെടുന്നതു തന്നെയാണ് തന്റെ സഹോദരനുവേണ്ടിയും ഓരോരുത്തരും ഇഷ്ടപ്പെടേണ്ടത്. അനിഷ്ടങ്ങളുടെ കാര്യത്തിലുമതേ.
  3.  ഉപദേശം ആത്മാർഥമായിരിക്കണം. നമ്മുടെ അധികാരങ്ങളോ മേൽക്കോയ്മയോ ലീഡർഷിപ്പോ വെളിപ്പെടുത്താനുള്ള അവസരമല്ല അത്. ദൈവപ്രീതി മാത്രം ലക്ഷ്യം കണ്ടുള്ള ഉപദേശങ്ങൾക്കെ ആത്മാർഥതയുണ്ടാവൂ. ദൈവിക നിയമങ്ങളുടെ ശരി തെറ്റുകളെ മുൻനിർത്തിയാണ് ഉപദേശം നടത്തേണ്ടത്.
  4.  ഉപദേശങ്ങളെ വഞ്ചനയുടെ ആയുധമാക്കരുത്. നമ്മുടെ ഭൗതിക നേട്ടങ്ങൾക്കു വേണ്ടി കാര്യങ്ങൾ മറച്ചുവെച്ച് സദുപദേശിയായി ചമഞ്ഞ് മനുഷ്യരെ വഞ്ചിക്കുന്ന രീതി നല്ല മനുഷ്യർക്ക് ചേർന്നതല്ല. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവുള്ള ഉപദേശങ്ങളാണ് മനുഷ്യർക്കിടയിൽ വേണ്ടത്. തന്ത്രപൂർവവും സദുപദേശത്തോടെയും നീ നിന്റെ റബ്ബിന്റെ മാർഗത്തിലേക്ക് ക്ഷണിക്കൂ എന്നാണ് സൂറ: നഹ്‌ലിന്റെ പാഠം.
  5.  പ്രേക്ഷകന്റെ വായടപ്പിക്കുന്ന ഡയലോഗുകളായി ഉപദേശം മാറരുത്. വായടപ്പൻ സംസാരവും ഉപദേശവും തമ്മിൽ അജഗജാന്തരമുണ്ട്. അങ്ങനെ ചെയ്യുക മൂലം തിരുത്തപ്പെടേണ്ട കാര്യം തിരുത്തപ്പെടാതെ കൂടുതൽ ശക്തി പ്രാപിക്കുന്ന വിപരീത ഫലമാണുണ്ടാവുക.
  6.  അറിവിന്റെയും ആവശ്യമായ വിശദീകരണങ്ങളുടെയും പ്രമാണത്തിന്റെയും അടിസ്ഥാനത്തിലാണ് ഉപദേശിക്കേണ്ടത്. ഓരോന്നിന്റെയും പ്രായോഗികതയും പ്രാധാന്യവും അനുസരിച്ച് ഉപദേശത്തെ ക്രമീകരിക്കാൻ അറിവും തികവുമുള്ളവർക്കേ കഴിയൂ. തെളിവുകളുടെ അടിസ്ഥാനത്തിലുള്ള സംസാരത്തെ സ്വീകരിക്കാനുള്ള സാധ്യതയുമേറെയാണ്. അറിവില്ലാത്തവൻ ഉപദേശിക്കുന്നത് അപകടം ചെയ്യും. ചിലപ്പോൾ മതനിയമത്തോടും രാഷ്ട്ര നിയമത്തോടും എതിരാകുന്നത് പോലുമാകും. മുറിവൈദ്യൻ ആളെ കൊല്ലുക തന്നെ ചെയ്യും.
  7.  ഉപദേശിക്കുമ്പോൾ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കണം. പൂർവികർ ഏതെങ്കിലുമൊരു വ്യക്തിയെ ഉപദേശിക്കുമ്പോൾ രഹസ്യ സ്വഭാവം സൂക്ഷിച്ചാണ് കൈകാര്യം ചെയ്തത്. പൊതുജനത്തിന് കൂടി പ്രയോജനമുള്ള കാര്യമാണെങ്കിലേ പരസ്യമായ ഉപദേശം പറ്റൂ. വിപത്താണ് ഉണ്ടാവുകയെങ്കിൽ അതിനു മുതിരരുത്. എന്നാൽ സാമൂഹിക വിപത്തായി മാറുന്ന മത/രാഷ്ട്ര വിരുദ്ധ പ്രവണതകൾ, കുറ്റകൃത്യങ്ങൾ, മത വൈകൃത നവീനവാദങ്ങൾ തുടങ്ങി പൊതുരംഗത്ത് തന്നെ തിരുത്തേണ്ടവ അങ്ങനെ തന്നെ തിരുത്തണം. ചില ഘട്ടങ്ങളിലത് നിർബന്ധവുമാകും. അത്തരം സന്ദർഭത്തിലെ മൗനം എരിതീയിൽ എണ്ണയൊഴിക്കാനുള്ള പുറപ്പാടാണ്. എന്നാൽ, ഒട്ടും പ്രതികരിക്കാതിരുന്നാൽ പ്രചാരണം കിട്ടാതാവുന്ന വിഷയങ്ങളോട് പൊതു ഇടങ്ങളിൽ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. സോഷ്യൽ മീഡിയാ കമന്റുകളിലും ഈ കാര്യം ശ്രദ്ധിക്കണം.
  8.  തിരുത്തലുകൾ വ്യക്തിഹത്യക്ക് വഴിയൊരുക്കരുത്. ബഹുമാനപ്പെട്ട ഫുളൈൽ (റ) പറയുന്നു: “വിശ്വാസി കാര്യങ്ങൾ രഹസ്യമായി വെക്കുന്നവനും അഭ്യുദയ കാംക്ഷിയുമായിരിക്കും. തെമ്മാടി കാര്യങ്ങൾ പരസ്യമാക്കുന്നവനും മാനം കെടുത്തുന്നവനുമായിരിക്കും.’ മറ്റൊരുവനോടുള്ള വെറുപ്പ് തീർക്കാൻ കാര്യങ്ങൾ പരസ്യമാക്കുന്നവരുണ്ട്. എന്നാൽ, വൈരാഗ്യം തീർക്കാനുള്ള സംസാരങ്ങളൊക്കെയും പ്രശ്നങ്ങളിലേക്കുള്ള ചൂട്ടാണ്.
  9. ഉപദേശത്തിന് നല്ല വാക്കു മാത്രമേ തിരഞ്ഞെടുക്കാവൂ. ഉപദേശമാവശ്യമുള്ളവരോട് മൃദുലമായി സംസാരിക്കണം. മൂസാ നബി (അ) യെയും ഹാറൂൻ നബി (അ) യെയും അഹങ്കാരിയായ ഫിർഔനിനരികിലേക്ക് സത്യസന്ദേശം കൊണ്ട് ഉപദേശിക്കാൻ നിയോഗിച്ച നേരം നിങ്ങൾ രണ്ടു പേരും അവനോട് മൃദുലമായി സംസാരിക്കണമെന്നായിരുന്നല്ലോ ദൈവിക കൽപ്പന.! വലിയ കുറ്റവാളികളോട് പോലും തരളിതമായ സർഗാത്മക നിലപാടാണ് ഇസ്്ലാം സ്വീകരിച്ചത്.
  10.  ഉപദേശകൻ അവന്റെ ഉപദേശം കാരണം അനുഭവിക്കേണ്ടിയിരിക്കുന്ന പ്രയാസങ്ങൾ സഹിക്കാൻ തയ്യാറാവണം. സാമൂഹിക പ്രവർത്തനങ്ങളിൽ പൊതുവെ അനുഭവിക്കുന്ന പ്രശ്നങ്ങളും പരിമിതികളും ഇവിടെയും ഒരാൾക്കനുഭവിക്കേണ്ടിവരും. പ്രയാസങ്ങളില്ലാതെ ശരികേടുകളെ തിരുത്തൽ അസാധ്യവുമാണ്.
  11.  ഉപദേശിക്കുന്നതിന് മുമ്പ് വ്യക്തിയെ കുറിച്ചും അവന്റെ നിലപാടിനെ കുറിച്ചും യാഥാർഥ്യബോധമുണ്ടാകണം. ഏതാണ്ടൊരു ധാരണ വെച്ചുള്ള സമീപനം ശരിയല്ല. ചില അവസരങ്ങളിൽ നമ്മുടെ മുൻവിധി ശരിയല്ലാതെയും വരാം. അങ്ങനെയിരിക്കെ നമ്മുടെ ഉപദേശങ്ങൾ കൊണ്ട് ദുരിതഫലമാണുണ്ടാവുക.
  12.  ഉപദേശത്തിന് ഉചിതമായ സമയം തിരഞ്ഞെടുക്കണം. മാനസികമായി ഒരുക്കമല്ലാത്ത സമയത്തുള്ള ഉപദേശം ഗുണം ചെയ്യില്ല.
  13. ഉപദേശകൻ ഉപദേശിക്കുന്ന കാര്യം പ്രവർത്തിക്കുന്നവനും വിരോധിക്കുന്ന കാര്യങ്ങൾ ജീവിതത്തിലില്ലാത്തവനുമാകണം. “നിങ്ങൾ ഗ്രന്ഥം പാരായണം ചെയ്യുന്നവരായിരിക്കെ സ്വന്തം കാര്യം മറന്ന് ജനങ്ങളോട് നന്മ കൊണ്ട് ഉപദേശിക്കുകയാണോ ? ( സൂറ: ബഖറ 44) എന്ന് ഇസ്റാഈല്യരെ ചൂണ്ടി ചോദിക്കപ്പെട്ടത് ഉപദേശിക്കുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിലില്ലാത്തത് കൊണ്ടായിരുന്നു.

സഹൃദയരേ…, ചോദിച്ചു വരുന്നവരെ അവഗണിക്കരുതെന്ന ഖുർആനിന്റെ നിർദേശത്തിലകപ്പെട്ടതാണ് ഉപദേശവും. ഉപദേശിക്കാൻ ഞാനർഹനല്ലെന്ന് പറയുന്നവരുണ്ട് വിനയത്തിന്റെ ഭാവമാണെങ്കിലും ഉപദേശിക്കുക വഴി താൻ കൂടി നന്നാവാനുള്ള നല്ല അവസരത്തെ കളയാതിരിക്കലാണ് ബുദ്ധി. ഞാനാണ് ഉപദേശിക്കാനർഹൻ എന്ന അഹന്തയുടെ ഭാവവും നന്നല്ല. ആത്മാർഥമായ ഉപദേശങ്ങൾ കുറിക്ക് കൊള്ളും. അതു വഴി വല്ലവനും സന്മാർഗം തിരഞ്ഞെടുത്താൽ അവന്റെ കർമഫലങ്ങൾക്കു സമാനമായി തന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടും.