Connect with us

From the print

പാസ്സ്പോർട്ട് നേരത്തേ സമർപ്പിക്കണമെന്ന് നിർദേശം; പ്രവാസി ഹാജിമാർക്ക് ആശങ്ക

വിദേശത്ത് സർക്കാർ, സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് പൊതുവെ ലഭിക്കുന്ന അവധി ഒരു മാസമാണെന്നിരിക്കെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശം പ്രവാസികൾക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം വരെ ഉണ്ടാക്കും. അവധി ലഭിക്കാത്തവർക്ക് ഹജ്ജിന് പോകാൻ കഴിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

Published

|

Last Updated

കോഴിക്കോട്| പാസ്സ്പോർട്ട് നേരത്തേ സമർപ്പിക്കണമെന്ന നിർദേശം ഈ വർഷം ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട പ്രവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. ഏപ്രിൽ 24നകം പാസ്സ്പോർട്ടും മെഡിക്കൽ സർട്ടിഫിക്കറ്റും സമർപ്പിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശം. യാത്രാ ഷെഡ്യൂളിനനുസരിച്ച് പാസ്സ്പോർട്ട് വാങ്ങിവെക്കുന്നതിന് പകരം യാത്ര ആരംഭിക്കുന്നതിന് ഒരു മാസം മുമ്പാണ് ഒറിജിനൽ പാസ്സ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അവസരം ലഭിച്ചവർ ഇതിനകം ആദ്യഗഡു പണം അടച്ചിട്ടുമുണ്ട്.

വിദേശത്തുള്ളവർക്ക് ഇന്ത്യയിൽ നിന്നുള്ള ക്വാട്ടയിലൂടെ മാത്രമേ ഹജ്ജിന് പോകാൻ കഴിയുകയുള്ളൂ. ഇത് പ്രകാരം പലരും വിദേശത്ത് നിന്നാണ് അപേക്ഷ സമർപ്പിച്ചതും. കേരളത്തിൽ നിന്നുള്ളവരുടെ ഹജ്ജ് യാത്ര ആരംഭിക്കുന്നത് മെയ് 26നും അവസാനിക്കുന്നത് ജൂൺ ഒമ്പതിനുമാണ്.

ഹജ്ജിനു ശേഷം മടക്ക യാത്ര ജൂൺ 20 മുതൽ ജൂലൈ 21 വരെയാണ്. ഇന്ത്യയിൽ നിന്ന് രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ആരംഭിക്കുന്നത്. ഫലത്തിൽ പ്രവാസികൾ 60 മുതൽ 70 ദിവസം വരെ ജോലിയിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യമാണുള്ളത്. വിദേശത്ത് സർക്കാർ, സ്വകാര്യ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് പൊതുവെ ലഭിക്കുന്ന അവധി ഒരു മാസമാണെന്നിരിക്കെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിർദേശം പ്രവാസികൾക്ക് ജോലി നഷ്ടമാകുന്ന സാഹചര്യം വരെ ഉണ്ടാക്കും. അവധി ലഭിക്കാത്തവർക്ക് ഹജ്ജിന് പോകാൻ കഴിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നു.

ഇ വിസ സൗകര്യം ലഭ്യമായതിനാൽ പാസ്സ്പോർട്ടിൽ വിസ സ്റ്റാമ്പിംഗ് ആവശ്യമില്ല. എന്നിട്ടും തീർഥാടകർ ഒറിജിനൽ പാസ്സ്പോർട്ട് ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണമെന്നാണ് നടപടിക്രമം. ഇത് പ്രവാസി തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഐ സി എഫ് ഇന്റർനാഷനൽ സെക്രട്ടറി ശരീഫ് കാരശ്ശേരി പറഞ്ഞു. ഇ വിസ ലഭ്യത കണക്കിലെടുത്ത് പ്രവാസികളുടെ പാസ്സ്പോർട്ട് സമർപ്പിക്കൽ രീതി ഒഴിവാക്കുകയോ യാത്രാ കാലാവധിക്കനുസരിച്ച് സമയക്രമത്തിൽ മാറ്റം വരുത്തുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 16,776 പേർക്കാണ് ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചത്. ഇതിൽ 70 വയസ്സ് വിഭാഗത്തിൽ 1,250 പേരും ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തിൽ 3,584 പേരുമാണുള്ളത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest