Kerala
മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി അഡ്വ ഹാരിസ് ബീരാനെ തിരഞ്ഞെടുത്തു
എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തിരഞ്ഞെടുത്തതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
കോഴിക്കോട്| മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി സുപ്രീംകോടതി അഭിഭാഷകനും ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റുമായ അഡ്വ ഹാരിസ് ബീരാനെ തിരഞ്ഞെടുത്തു. ഇന്ന് മൂന്ന് മണിക്ക് നോമിനേഷന്‍ കൊടുക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നാണ് തീരുമാനമെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നടന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തിരഞ്ഞെടുത്തതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും. തന്നെ പരിഗണിച്ചതിന് പാര്‍ട്ടി നേതൃത്വത്തോട് നന്ദിയുണ്ടെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. ഭരണഘടന സംരക്ഷിക്കാനായി പോരാടുമെന്നും ഹാരിസ് ബീരാന്‍ വ്യക്തമാക്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു എന്നിവര്‍ സീറ്റിനായി രംഗത്തുണ്ടായിരുന്നു. സാദിഖലി ശിഹാബ് തങ്ങളുടെ ഉറച്ച നിലപാടാണ് ഹാരിസ് ബീരാന് തുണയായത്. ഇ.ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ ഹാരിസ് ബീരാനെ പിന്തുണച്ചിട്ടുണ്ട്.
എറണാകുളം ആലുവ സ്വദേശിയാണ് ഹാരിസ് ബീരാന്‍. 2011 മുതല്‍ ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റാണ്. ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനര്‍, മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം എന്നീ പദവികളും വഹിക്കുന്നു. പൗരത്വ നിയമഭേദഗതി ഉള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുഴുവന്‍ കേസുകളും ഡല്‍ഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയില്‍ ഏകോപിപ്പിക്കുന്നത് ഹാരിസ് ബീരാനാണ്.