Connect with us

From the print

അഭിഭാഷകരും കക്ഷികളും ഹാജരാകേണ്ട; രാജ്യത്തെ ആദ്യ 24x7 ഓൺലൈൻ കോടതി കൊല്ലത്ത് ഇന്ന് മുതൽ

ആദ്യ ദിനം പരിഗണിക്കുന്നത് ചെക്ക് മുടങ്ങിയ കേസുകൾ

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്തെ ആദ്യ മുഴുവൻ സമയ ഓൺലൈൻ കോടതി ഇന്ന് കൊല്ലത്ത് പ്രവർത്തനം തുടങ്ങും. കക്ഷികളും അഭിഭാഷകരും കോടതിയിൽ നേരിട്ട് ഹാജരാകാതെ തന്നെ ഇനി കേസുകൾ തീർപ്പാക്കാം. കേസുകൾ പേപ്പറിൽ ഫയൽ ചെയ്യുന്നതിന് പകരം ഓൺലൈനായി വെബ്‌സൈറ്റിൽ നിശ്ചിത ഫോറം സമർപ്പിച്ചാണ് കോടതിയിൽ ഫയൽ ചെയ്യുന്നത്. കൊല്ലത്തെ മൂന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതികളിലും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് നിയമപ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ ഓൺലൈൻ കോടതിയിൽ പരിഗണിക്കു ന്നത്.
ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക. കക്ഷികൾക്കും അഭിഭാഷകർക്കും ഓൺലൈൻ വഴി നടപടിക്രമങ്ങളിൽ പങ്കെടുക്കാം. കേസിന്റെ മുഴുവൻ നടപടിക്രമങ്ങളും ഓൺലൈനായാണ് നടക്കുകയെന്നതിനാൽ ആർക്ക് വേണമെങ്കിലും പരിശോധിക്കാനും സംവിധാനമുണ്ട്. 24 മണിക്കൂറും എവിടെയിരുന്നും ഏതു സമയത്തും കേസ് ഫയൽ ചെയ്യാനും കോടതി സംവിധാനത്തിൽ ഓൺലൈനായി പ്രവേശിക്കാനുമാകുന്ന രീതിയിലാണ് മുഴുവൻ സമയം ഓൺലൈൻ കോടതികൾ സജ്ജീകരിച്ചിരിക്കുന്നത്. ഫീസ് ഇ പേയ്മെന്റ് വഴി അടയ്ക്കാം. പ്രതികൾക്കുള്ള സമൻസ് അതത് പോലീസ് സ്റ്റേഷനുകളിലേക്ക് ഓൺലൈനായി അയക്കും. ജാമ്യാപേക്ഷ ഓൺലൈനായി ഫയൽ ചെയ്ത് ജാമ്യമെടുക്കാനും പുതിയ സംവിധാനത്തിൽ സൗകര്യമുണ്ട്. ഇതിനുള്ള രേഖകൾ അപ്‌ലോഡ് ചെയ്താണ് സമർപ്പിക്കേണ്ടത്.

Latest